മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും ഗായകനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്‍

ശ്രീകുമാരന്‍ തമ്പി സാറിനോടൊപ്പം
അദ്ദേഹത്തിന്റെ കൂടെ കുറച്ച് നല്ല പടങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത് വളരെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. 'ഇരട്ടി മധുരം', 'വിളിച്ചു വിളി കേട്ടു' തുടങ്ങിയ പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. യുവജനോത്സവം എന്ന ചിത്രമാണ് അതില്‍ ഏറ്റവും ശ്രദ്ധ നേടിയത്. എന്റെ വിവാഹത്തിന് തൊട്ടുമുന്‍പാണ് ആ ചിത്രം ചിത്രീകരിച്ചത്. മാത്രമല്ല എന്റെ ഭാര്യ വനിതയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

എന്നെ ഞെട്ടിച്ച ആ 'സര്‍പ്രൈസ്'

ഞങ്ങളുടെ വിവാഹം മൂകാംബികയില്‍ വെച്ചായിരുന്നു അധികമാരെയും ക്ഷണിച്ചിരുന്നില്ല കുടുംബം മാത്രമായുള്ള ചെറിയ പരിപാടിയാണ് ഉദ്ദേശിച്ചത്. ഇന്നേ ദിവസം കല്യാണമുണ്ടെന്നൊക്ക എല്ലാവരോടും പറഞ്ഞിരുന്നുവെന്നല്ലാതെ ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല. 

അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തുപ്പോള്‍ അദ്ദേഹം കല്യാണം കൂടാന്‍ എത്തിയിരിക്കുന്നു. ഇത്രയും ദുരം ഞങ്ങളുടെ വിവാഹം കൂടാനായി അദ്ദേഹം എത്തിയപ്പോള്‍ വളരെയധികം സന്തോഷം തോന്നി. വലിയൊരു ഭാഗ്യമായിട്ടാണ് ആ സാന്നിധ്യത്തെ ഞാന്‍ കാണുന്നത്. ഞങ്ങളുടെ കല്യാണത്തില്‍ പങ്കെടുത്ത അപൂര്‍വം ചില സിനിമാക്കാരില്‍ ഒരാളാണ് തമ്പി സാര്‍. സ്വതവേ ഗൗരവക്കാരനായ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നോട് വാത്സല്യമായിരുന്നു. 

1
Image: Courtesy : Krishna chandran

അതിമനോഹര ഗാനങ്ങള്‍
വളരെ ചെറുപ്പം മുതല്‍ തന്നെ തമ്പി സാറിന്റെ പാട്ടുകളോട് എനിക്ക് ഇഷ്ടമായിരുന്നു. വയലാറിനൊപ്പം തന്നെയായിരുന്നു അദ്ദേഹത്തെയും ഞങ്ങളെല്ലാവരും കണ്ടിരുന്നത്. സാറിന്റെ പല പാട്ടുകളും വയലാറിന്റെ പാട്ടുകളാണോയെന്ന് പലരും തെറ്റ്ദ്ധരിച്ചിരുന്നുവെന്ന് സാറ് തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തെ പറ്റിയുള്ള ദാര്‍ശനികമായ കവിതകളാണ് കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത്. വളരെ പ്രത്യേകതയുള്ളതാണ് അദ്ദേഹത്തിന്റെ വരികള്‍. ഉദ്ദാഹരണത്തിന് ''സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു, ബിന്ദുവില്‍ നിന്ന് ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു'' എന്ന് തുടങ്ങിയ വരികള്‍. ഒരു എന്‍ജിനിയറായത് കൊണ്ടാവും പെന്‍ഡുലവും ജീവിതവുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിന് പറ്റിയതെന്ന് അദ്ദേഹം തന്നെ പറയാറുണ്ട്.

1
Image courtesy : Krishna chandran

പുറമേ ഗൗരവക്കാരന്‍ ഉള്ളില്‍ അതീവ റൊമാന്റിക്ക്.

അദ്ദേഹത്തിന്റെ പ്രണയഗാനങ്ങളാണ് എനിക്ക് ഏറ്റവും പ്രീയപ്പെട്ടത്. സാറിന്റെ എല്ലാ പാട്ടുകളിലും തന്റേതായ ഐഡന്റിറ്റിയുണ്ട്. വെളുത്ത കത്രീന എന്ന ചിത്രത്തില്‍ ജയേട്ടനും സുശീലാമ്മയും ചേര്‍ന്ന് പാടിയ ''മകരം പോയിട്ടും മാടം ഉണര്‍ന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ല'' എന്നൊരു പാട്ടുണ്ട് ഭയങ്കര റൊമാന്റിക്കാണ് ആ ഗാനം. അതിലൊരു അസാധ്യ വരിയുണ്ട് ''മിന്നാതെ മിന്നുന്ന മിന്നാമിനുങ്ങേ ഒന്ന് ഉറങ്ങാനുള്ള ചൂടുണ്ടോ''.. ഈ വരികള്‍ എന്ത് മനോഹരമാണ്. സാറെന്തൊരു റൊമാന്റിക്കാണെന്ന് ഞാന്‍ സാറിനോട് തന്നെ ചോദിച്ചിട്ടുണ്ട്.  എനിക്ക് വളരെ ഇഷ്ടപ്പെട്ട വരികളാണ് അത്. പഴയ കാരണവരെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ആ ഗൗരവവും പ്രൗ‌ഢിയുമൊക്കെയുണ്ട്. നമ്മളെയൊക്കെ കുഞ്ഞ് അനുജന്‍മാരെ പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. ആ പുറമേ കാണിക്കുന്ന ഗൗരവം മാത്രമേയുള്ളൂ ഉള്ളിന്റെയുള്ളില്‍ വളരെ റൊമാന്റിക്കായ സ്‌നേഹം തുളമ്പുന്ന മനസാണ് അദ്ദേഹത്തിന്. സാറിന്റെ ഭാര്യയ്ക്ക് വേണ്ടിയെഴുതിയ പ്രണയഗാനമാണ് ''ഹൃദയസരസ്സിലെ'' എന്ന് തുടങ്ങുന്ന ഗാനം. 

അര്‍ഹിച്ച് അംഗീകാരങ്ങള്‍ ലഭിച്ചില്ല

സാറിന്റെ കരിയര്‍ എടുത്തുനോക്കിയാല്‍ വളരെ മികച്ച  ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചതായി കാണാം. അര്‍ജുനന്‍ മാഷും അദ്ദേഹവും ചേര്‍ന്ന് അതിമോനോഹരമായ ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂരിഭാഗവും സി.ഐ.ഡി പടങ്ങളോ മറ്റോ ആയിരിക്കും. ചിത്രങ്ങള്‍ പലതും ശ്രദ്ധ നേടാത്തത് കൊണ്ടായിരിക്കണം പാട്ടുകള്‍ക്കും തക്ക അംഗീകാരങ്ങള്‍ ലഭിക്കാഞ്ഞത്.. അവാര്‍ഡിനൊക്കെ പോവുന്ന തരത്തിലുള്ള ചിത്രങ്ങളില്‍ കാര്യമായി അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചില്ല.

'സി.ഐ.ഡി നസീര്‍', 'പിക്ക്‌നിക്ക്', 'റെസ്റ്റ്ഹൗസ്,' 'മറുനാട്ടില്‍ മലയാളി' തുടങ്ങിയ സിനിമകളില്‍ അതിമനോഹരമായ പാട്ടുകളുണ്ട്. നമ്മുടെ പണ്ടത്തെ സി.ഐ.ഡി സിനിമകളിലെ നായകന്മാരൊക്കെ നല്ല ഗായകമാരായിരുന്നു കാരണം അത്രയ്ക്കും മനോഹര ഗാനങ്ങള്‍ അല്ലേ അതിലുള്ളത്.

ദേവരാജന്‍ മാഷും തമ്പി സാറും

ദേവരാജന്‍ മാഷും ശ്രീകുമാരന്‍ തമ്പി സാറും നാളുകള്‍ക്ക് മുന്‍പ് തന്നെ ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു പിന്നീട് പലകാരണങ്ങള്‍ കൊണ്ടും കൊണ്ടും അവര്‍ ഒരുമിച്ചില്ല. അവരുടെ കൂട്ടായ്മയില്‍ പുറത്ത് വന്ന ചിത്രമേള എന്ന പടത്തിലെ മദി പൊട്ടി ചിരിക്കുന്ന മാനം, ആകാശ ദീപമേ, ചെല്ല ചെറുകിളിയോ, പാടുവാന്‍ മോഹം തുടങ്ങി എട്ടോളം മനോഹര ഗാനങ്ങള്‍ അതിലുണ്ടായിരുന്നു. സിനിമ കാര്യമായി ശ്രദ്ധ നേടിയില്ല. പക്ഷേ പാട്ടുകള്‍ അതീവ മനോഹരമായിരുന്നു. പിന്നെ അവരുടെ കോംബിനേഷനില്‍ ചിത്രങ്ങളില്‍ വന്നില്ലെന്നത് നമ്മള്‍ സംഗീതാസ്വാദകര്‍ക്ക് വലിയ നഷ്ടം തന്നെയാണ്. പിന്നീട് അര്‍ജുനന്‍ മാഷ്, ദക്ഷിണാമൂര്‍ത്തി എന്നിവരോടൊപ്പമുള്ള ഗാനങ്ങളാണ് വന്നിരുന്നത്. പിന്നീട് എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഇലഞ്ഞിപൂമണം ഒഴുകി വരുന്നു എന്ന പാട്ടിലൂടെയാണ് അവരുടെ കോംബിനേഷന്‍ വീണ്ടും വന്നത്. 

അദ്ദേഹത്തിന്റെ എഴുത്തിനോട്‌ അതീവ പ്രണയം

അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണെന്ന കാര്യത്തില്‍ സംശയമില്ല. ഏത് രംഗത്ത് നിന്നാലും അദ്ദേഹത്തില്‍ നിന്ന് മികച്ച വര്‍ക്കുകളാണ് പുറത്ത് വന്നിരുന്നത് എങ്കിലും അദ്ദേഹത്തിലെ എഴുത്തുകാരനോടും ഗാനരചയിതാവിനോടും എനിക്കൊരല്പം ഇഷ്ടകൂടുതലുണ്ട്.

അദ്ദേഹത്തിന്റെ നിലപാടുകള്‍

അദ്ദേഹം ആരെയും കൂസാത്തൊരു ആംഗ്രീ യംങ് മാനാണ് അദ്ദേഹത്തിന് ആരേയും സോപ്പിട്ട് ഒന്നും നേടാനില്ല. അന്നും ഇന്നും എന്നും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. തമ്പി സാറിനെ അറിയുന്നവര്‍ക്ക് അത് നന്നായി അറിയാം. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ നിന്ന് മാറില്ല അതിനി എന്ത് സംഭവിച്ചാലും ശരി. നിലപാടുകളിലെ വ്യക്തതയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ശ്രീകുമാരന്‍ തമ്പിക്ക് ഒരൊറ്റ വാക്കേയുള്ളു അതില്‍ നിന്നൊരു വ്യതിചലനം ഉണ്ടാവില്ല. അതെല്ലാം ചിലപ്പോള്‍ ചിലര്‍ക്ക് ഇഷ്ടമായെന്ന് വരില്ല പക്ഷേ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ അദ്ദേഹം ചെയ്യുന്നതിന് കൃത്യമായ ന്യായമുണ്ട്. ഒരു പഴയ തറവാട്ട് കാരണവരാണ് അദ്ദേഹം. അദ്ദേഹമൊരു ഗൗരവക്കാരനാണെങ്കിലും അദ്ദേഹത്തില്‍ നിന്ന് വഴക്കൊന്നും എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. അതിനുള്ള സാഹചര്യം ഞാന്‍ ഒരുക്കിയിട്ടില്ല. ഞാനും അദ്ദേഹത്തെ പോലെ വെജിറ്റേറിയനാണ് പലകാര്യത്തിലും സമാന ചിന്താഗതിക്കാരാണെന്ന് ഞങ്ങളെന്ന് തോന്നിയിട്ടുണ്ട്.

യുവജനോത്സവ ഓര്‍മകള്‍

ലാലിന്റെ (മോഹന്‍ലാല്‍) സൂപ്പര്‍ സ്റ്റാര്‍ഡം ഊട്ടിയുറുപ്പിച്ച ചിത്രമായിരുന്നു യുവജനോത്സവം. ലാല്‍ സൂപ്പര്‍ സ്റ്റാര്‍ഡത്തിലേക്ക് നടന്ന് കയറുന്ന സമയമെന്ന് വേണം പറയാന്‍. ഞങ്ങളെ എല്ലാവരേയും വളരെ ഫ്രീയായി അങ്ങ് വീട്ടേക്കുകയായിരുന്നു തമ്പി സാര്‍ . ഒരു മാസം കഴിഞ്ഞാല്‍ എന്റെ കല്യാണമാണ് ഞാന്‍ അതിന്റെ ത്രില്ലിലായിരുന്നു. അതിലെ പല ഹോസ്റ്റല്‍ സീനുകളും, കോളേജ് സീനുകളും മെറിലാന്റ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചെയ്തത്.

അതില്‍ എന്റെ കഥാപാത്രം അന്നത്തെ പല ഹിറ്റ് പാട്ടുകളെയും പാരഡിയാക്കി പാടുന്നുണ്ട്. ഉദാഹരണത്തിന് പറയുകയാണെങ്കില്‍ ''ഇലഞ്ഞിപൂമണം ഒഴുകി വരുന്നു'' എന്ന് പാട്ട്.''ഇറച്ചിതന്‍ മണം ഒഴുകി വരുന്നു'', ''കിളി വാതിലില്‍ മുട്ടിവിളിച്ചത്'' എന്ന പാട്ട് പാടുമ്പോള്‍ ആ പെണ്‍കുട്ടി നിന്റെ അമ്മേടെ നായര്‍ എന്ന് തിരിച്ച് പാടുന്ന സീനൊക്കെ ആ മൊമന്റില്‍ കൊണ്ടുവരുന്ന ഐഡിയയാണ്. ഞാനൊരു പാട്ടുകാരന്‍ കൂടിയായത് കൊണ്ട് ഈ പാട്ടുകളെക്കെ ഇങ്ങനെ മാറ്റാം എന്ന് അദ്ദേഹം പറയുമായിരുന്നു. മറക്കാന്‍ പറ്റാത്ത ഷൂട്ടിങ്ങ് ഓര്‍മയായിരുന്നു യുവജനോത്സവം. സാറിനെ സാമ്പത്തികമായി സഹായിച്ചൊരു സിനിമയായിരുന്നു യുവജനോത്സവം. ഇത്രയും വലിയൊരു ഹിറ്റ് നല്‍കിയ ശേഷം ആറേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ ശത്രുക്കള്‍ എന്നൊരു ചിത്രം അദ്ദേഹം ചെയ്യുന്നത് അത് വേറൊരു കാര്യം.

അദ്ദേഹം ഭാഷയെ കൈകാര്യം ചെയ്യുന്ന രീതി പുതുതലമുറയ്ക്ക് മാതൃകയാണ്.

അദ്ദേഹത്തിന്റെ വാക്കുകള്‍, കവിതകള്‍ അങ്ങനെ എല്ലാതരത്തിലും അദ്ദേഹം ഇന്നത്തെ ജനതയ്‌ക്കൊരു മാതൃകയാണ്. അദ്ദേഹം മലയാള ഭാഷയെ കൈകാര്യം ചെയ്യുന്ന രീതിയൊക്കെ പഠിക്കേണ്ടത് തന്നെയാണ്. ഇന്നത്തെ തലമുറ അദ്ദേഹത്തിന്റെ കഴിവുകളെ ശരിയായ വിധം ഉപയോഗിക്കുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മനസ് ഇപ്പോഴും ചെറുതാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇപ്പോഴും നമുക്ക് ഉപയോഗിക്കാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.

പ്രിയപ്പെട്ട സിനിമ

''മോഹിനിയാട്ടം'' എന്ന ചിത്രമാണ് എനിക്ക് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ചിത്രം. വളരെ ശക്തമായ സ്ത്രീ  രാഷ്ട്രീയം സംസാരിച്ച ചിത്രമായിരുന്നു മോഹിനിയാട്ടം. ഇന്നത്തെ സംവിധായകര്‍ പറയുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അന്നേ അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞിട്ടുണ്ട് അതിലെ ലക്ഷ്മി അവതരിപ്പിച്ച കാരക്ടറൊക്കെ ശക്തമായ കഥാപാത്രമാണ്. അടൂര്‍ ഭാസിയുടെ കഥാപാത്രവും വളരെ മികച്ചതായിരുന്നു. നല്ല പാട്ടുകളും ആ ചിത്രത്തിലുണ്ടായിരുന്നു. അതിലെ ഫ്രെയിമുകളാണ് മറ്റൊരു പ്രത്യേകത.

ഇഷ്ടഗാനങ്ങള്‍

''ഏതോ ഒരു സ്വപ്‌നം'' എന്ന ചിത്രത്തിലെ ''ഒരു മുഖം മാത്രം കണ്ണില്‍'',  ''ശ്രീമുഖം വിടര്‍ന്ന സരസ്സീമുഖത്തില്‍'' എന്നീ ഗാനങ്ങൾ പ്രീയപ്പെട്ടതാണ്. 
ഒരിക്കല്‍ വിഷു കണി എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സലീല്‍ ചൗധരി ഒരു പാട്ടിന്റെ ട്യൂണ്‍ കൊടുത്ത് അദ്ദേഹത്തോട് പറഞ്ഞു ഇതിന്റെ വരികള്‍ എഴുതാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കുെമെന്ന്. വിഷു കണിക്ക് മുന്‍പ് സലീല്‍ സാര്‍ തമ്പി സാറുമായി വര്‍ക്ക് ചെയ്തിരുന്നില്ല അതിന് ശേഷമാണ് മലര്‍ കൊടി പോലെ തുടങ്ങിയ പാട്ടുകള്‍ വന്നത്. അങ്ങനെ ഈ ട്യൂണ്‍ നല്‍കിയ ശേഷം നമ്മുടെ തമ്പി സാര്‍ അതിമനോഹരമായി അതിന് വരികള്‍ എഴുതി അതാണ് ''കണ്ണില്‍ പൂവ് ചുണ്ടില്‍ പാല്'' എന്ന് തുടങ്ങുന്ന ഗാനം. അത് സൂപ്പര്‍ ഹിറ്റുമായിരുന്നു. അതിന് ലിറിക്‌സ് എഴുതിയത് കണ്ട് സലീല്‍ സാര്‍ തമ്പി സാറിനെ അഭിനന്ദിച്ചിരുന്നു. ഇത് കൂടാതെ ''ഹൃദയസരസ്സിലെ'' തുടങ്ങി നിരവധി ഗാനങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്.

സിനിമ ഒരു വ്യവസായമാണ്.

സിനിമയില്‍ എനിക്ക് അങ്ങനെ അവസരങ്ങള്‍ ലഭിച്ചില്ലെന്ന തോന്നലുകള്‍ ഇടയ്‌ക്കൊക്കെ വരാറുണ്ട്. പക്ഷേ സിനിമയെ ഒരു വ്യവസായമായി കാണുമ്പോള്‍ അതൊക്കെ സ്വാഭാവികമാണ്. നിര്‍മാതാക്കള്‍ക്ക് നല്ലതെന്ന് തോന്നിയ പുതിയ പാട്ടുകാരെ അവര്‍ എടുത്തു. അല്ലാതെ ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല. അല്ലാതെ എന്നെ കാര്യമായി സിനിമ ഉപയോഗിച്ചില്ല എന്നെ തട്ടികളഞ്ഞുവെന്ന് പറയാന്‍ എനിക്കാവില്ല. അത്തരം പരാതികളൊന്നുമില്ല. ഇടിച്ച് ചെന്ന് പാട്ടുകളൊന്നും ഞാന്‍ വാങ്ങിയെടുത്തില്ല. ഞാനാണ് നിര്‍മ്മാതാവെങ്കിലും ഇതൊക്കെ തന്നെയെ ചെയ്യു. അന്ന് മാര്‍ക്കറ്റ് വാല്യു ഉള്ള ഗായകരെ കൊണ്ട് പാടിക്കുന്നതിന് തെറ്റ് പറയാന്‍ പറ്റില്ല. ഇതൊരു വ്യവസായമാണ്.

മലയാള സിനിമയില്‍ തമ്പി സാറിന്റെ ഒരു യുഗം കൂടി പിറക്കട്ടെ

അദ്ദേഹത്തിന് ആശംസകള്‍ നേരാന്‍ പ്രായം കൊണ്ട് കുറവാണെങ്കിലും കൂടി തമ്പി സാറിന്റെ ഒരു യുഗം മലയാള സിനിമയില്‍ ഇനിയും വരട്ടെ എന്നാണ് ആശംസിക്കാനുള്ളത്. മലയാള സിനിമ ഇനിയും അദ്ദേഹത്തെ ഉപയോഗിക്കട്ടെ അങ്ങനെ അദ്ദേഹത്തിന്‍റെ നല്ല പാട്ടുകള്‍ നമുക്ക് ആസ്വദിക്കാനാവട്ടെ അതാണ് എനിക്ക് അദ്ദേഹത്തോട് ആശംസിക്കാനുള്ളത്.