മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ കെ.മധു. 

ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളിലെ ആദ്യ വരി കൂട്ടിച്ചേര്‍ത്ത് ഒരുക്കിയ കുറിപ്പിലൂടെയാണ് ഗുരു തുല്യനായ പ്രിയ തമ്പി സാറിന് മധു ജന്മദിനാശംസകല്‍ നേര്‍ന്നിരിക്കുന്നത്. 
 
കെ.മധുവിന്റെ കുറിപ്പ് :

ശ്രീകുമാരന്‍ തമ്പി സാര്‍ എനിക്ക് ഗുരു തുല്യനാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേര്‍ തമ്പിസാറിനും പ്രിയപ്പെട്ടവരാണ്. ഒരാള്‍ എന്റെ അച്ഛന്‍ വൈപ്പില്‍ കൃഷ്ണന്‍ നായര്‍.അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് തമ്പി സാര്‍ എക്കാലവും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.ഇന്നും ആ ബഹുമാനം അദ്ദേഹം മനസില്‍ സൂക്ഷിക്കുന്നു എന്നതിന് നേരില്‍ തൊട്ടറിഞ്ഞ നിരവധി മുഹൂര്‍ത്തങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. മറ്റൊരാള്‍ എന്റെ ഗുരുനാഥന്‍ ശ്രീ.എം.കൃഷ്ണന്‍ നായര്‍ സാറാണ്. തമ്പിസാര്‍ ആദ്യമായി തിരക്കഥ എഴുതുന്നത് കൃഷ്ണന്‍ നായര്‍ സാര്‍ സംവിധാനം ചെയ്ത ചിത്രമേള എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.അതു കൊണ്ട് തന്നെ കൃഷ്ണന്‍ നായര്‍ സാര്‍ തമ്പി സാറിനു ഗുരുസ്ഥാനീയന്‍ തന്നെയായിരുന്നു.. ഈ ബന്ധങ്ങള്‍ കൊണ്ട് കൂടിയാവാം ഹരിപ്പാട്ടു നിന്നും മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ എന്നെ തമ്പി സാര്‍ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു.

ആ നെഞ്ചകത്തെ പാട്ടിന്റെ പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്ന സിന്ദൂരപ്പൊട്ടു തൊട്ട, നീലക്കുട നിവര്‍ത്തിയ കാവ്യ ത്രിപുരസുന്ദരിമാര്‍ എത്രയെത്ര...ആറാട്ടിന് ആനകള്‍ എഴുന്നെള്ളിയ ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു മടങ്ങിയ നാളുകള്‍ , കാലം മാറി വരികയും കാറ്റിന്‍ ഗതി മാറുകയും ചെയ്തപ്പോള്‍ വെള്ളില കിങ്ങിണി താഴ്വരയില്‍ നിന്നും നീലനിശീഥിനികളില്‍ കുംഭമാസ നിലാവ് പോലെ ഇറങ്ങിവന്ന കാവ്യ നര്‍ത്തകിമാര്‍ എത്രയെത്ര... അശോകപൂര്‍ണിമ വിടരും യാമങ്ങളില്‍ ഗോവര്‍ധനഗിരി കയ്യിലേന്തിയ ദേവഗായകാ.. 

മനസ്സില്‍ ഉണര്‍ന്ന ഉഷസന്ധ്യകളിലെ നക്ഷത്രരാജ്യത്തെ സ്വര്‍ഗ്ഗനന്ദിനി മാരെ... ഇഴനൊന്തു തകര്‍ന്നൊരു മണി വീണ കൊണ്ട് ദുഃഖത്തിന് പുലര്‍കാല വന്ദനം നല്‍കിയ വിരുന്നുകാരായ നക്ഷത്ര കിന്നരന്മാരെ.. പഞ്ചമി ചന്ദ്രിക തൊട്ടു വിളിച്ചപ്പോള്‍ നാണിച്ചു നിന്ന താമരപ്പൂക്കളെ.. മണി മണിവര്‍ണ്ണനില്ലാത്ത സങ്കല്പ വൃന്ദാവനത്തില്‍ പൊന്‍വെയിലിന്‍ മണിക്കച്ച അഴിച്ചുവച്ച പ്രിയതമേ പ്രഭാതമേ.. ചന്ദ്രബിംബം നെഞ്ചിലേറ്റിയ പുള്ളിമാനേ.. ദേവ നന്ദിനി തീരഭൂമിയില്‍ അകലെ അകലെ നീലാകാശം തേടിപ്പോയ ആകാശദീപമേ... ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തമേ.. ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ.. വൈക്കത്തഷ്ടമി നാളില്‍ ഉത്തരാസ്വയംവരം പാടുന്ന അശ്വതി നക്ഷത്രമേ.. എത്ര ചിരിച്ചാലും ചിരി തീരാത്ത തുള്ളിയോടും പുള്ളിമാനേ...

 പവിഴം കൊണ്ടൊരു കൊട്ടാരത്തില്‍ വിരുന്നിനു പോയ ഈശ്വരന് നക്ഷത്ര മണ്ഡല നട തുറന്ന ജയിക്കാനായി ജനിച്ചവനേ.. ഓടിപ്പോയ വസന്തകാലത്ത് ചന്ദ്രക്കല മാനത്തു വിരിഞ്ഞ സാന്ധ്യ താരകകളേ... കസ്തൂരി മണക്കുന്ന തിരുവോണ പുലരികളില്‍ പൂജാപുഷ്പങ്ങളെപ്പോള്‍ വാല്ക്കണ്ണെഴുതിയ ലജ്ജാവതികളെ; താരകേശ്വരിമാരെ... സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍ സ്വരരാഗ മധുതൂവും ശാരദ രജനികളെ.. ആവണിപ്പൊന്‍പുലരികളില്‍ കന്യകയായി മാറിയ വസന്തമേ.. ഉഷസ്സാംസ്വര്‍ണ്ണ താമരയെ തേടി തേടി അലഞ്ഞ ചിരിതൂകും നന്ദ്യാര്‍വട്ട പൂക്കളെ..

പാലരുവിക്കരയില്‍ മുത്തു കിലുക്കി സിന്ദൂരകിരണവുമായ് ജീവിതേശ്വരിക്കേകുവാന്‍ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സ്വര്‍ണ്ണ ഗോപുര നര്‍ത്തകി ശില്‍പം തീര്‍ത്ത കുയിലിന്റെ മണി നാദമേ.. കാലത്തിന്റെ അജ്ഞാത കാമുകാ.. അമ്പിളി വിടരും പൊന്മാനത്ത് ഏഴിലം പാലപൂങ്കൊമ്പിലെ രാക്കുയിലിന്‍ രാഗസദസ്സിലെ രാഗമാലികാ മാധുരി.. നിന്‍ മന്ദഹാസം ചന്ദ്രികയാക്കിയ ഹൃദയവാഹിനി ഒഴുകുന്നു നീ മധുരസ്‌നേഹ തരംഗിണിയായി.. ഇലഞ്ഞി പൂമണം ഒഴുകിവരുന്ന ഒരു ദേവന്‍ വാഴുന്ന മലയാള ഭാഷതന്‍ കാവ്യ മരുഭൂമിയില്‍ വന്ന മാധവമേ.. പുഷ്പതല്പത്തില്‍ പുഷ്പാഭരണവും തിരുഭാഭരണവും ചാര്‍ത്തി സ്വാതിതിരുനാളിന്‍ കാമിനി മാരോടോത്ത് ഗോപീചന്ദന കുറി അണിയിച്ച് ഈ നിമിഷത്തിന്റെ നിര്‍വൃതിയില്‍ അങ്ങേയ്ക്ക് മംഗളം നേരുന്നു ഞാന്‍.
പ്രിയ തമ്പി സാറിന് ജന്മദിന ആശംസകള്‍.

K madhu

Content Highlights : K Madhu Birthday Wishes To Sreekumaran Thampi who turned eighty