ഡ്രംസില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ശിവമണിക്ക് ആരാധകര്‍ ഏറെയാണ്. സംഗീതപ്രിയര്‍ക്കിടയില്‍ മാത്രമല്ല കായികപ്രേമികള്‍ക്കും സുപരിചതമാണ് ആ താളപ്പെരുക്കം. ഐ.പി.എല്‍ മല്‍സരങ്ങളില്‍ ശിവമണിയുടെ ചടുലതാളങ്ങള്‍ കളിക്കളത്തിന് ആവേശം പകര്‍ന്നപ്പോള്‍, എ.ആര്‍ റഹ്മാനൊടൊപ്പമുള്ള സംഗീത പര്യടനങ്ങള്‍ ആദ്ദേഹത്തിന്റെ സംഗീതത്തെ ലോകത്തിന് പ്രിയതരമാക്കി. 
എ.ആര്‍ റഹ്മാനെക്കൂടാതെ, തബല വിദഗ്ദ്ധനായ സക്കീര്‍ ഹൂസൈന്‍, ഇന്ത്യന്‍ ജാസിന്റെ ഗോഡ് ഫാദറായി അറിയപ്പെടുന്ന സംഗീതജ്ഞന്‍ ലൂയിസ് ബാംങ്ക്സ് തുടങ്ങി പല പ്രമുഖരോടൊപ്പവും ശിവമണി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുന്നക്കുടി വൈദ്യനാഥന്‍, എല്‍ ശങ്കര്‍ തുടങ്ങിയ പ്രഗത്ഭ സംഗീതജ്ഞരുമായും അടുപ്പമുള്ള ശിവമണി ഗോഡ്ഫാദറായി കരുതുന്നത് ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തെയാണ്. 

തന്റെ സര്‍വ ഐശ്വര്യങ്ങളും ശബരിമല അയ്യപ്പന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ശിവമണി കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് അയ്യപ്പ സന്നിധിയിലെത്തി വഴിപാടായി മേളം കൊട്ടിയിരുന്നു. എത്ര തവണ കാനനവാസന് മുന്നിലെത്തി നന്ദിയുടെ താളത്തിലുള്ള ഹൃദയമിടിപ്പോടെ, പ്രാര്‍ത്ഥനയോടെ തൊഴുതുനിന്നിട്ടുണ്ടെന്ന് ശിവമണി എണ്ണിയിട്ടുമില്ല. എസ്.പി ബാലസുബ്രമണ്യത്തിന്റെ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അദ്ദേഹം ആദ്യമായി ശബരിമലയില്‍ എത്തുന്നത്. അവിടുത്തെ സുഹൃത്തുക്കളില്‍ നിന്നാണ് ശബരീശനെക്കുറിച്ച് കേട്ടറിഞ്ഞത്. ശബരീനാഥനു മുന്നില്‍ മരച്ചില്ല മുറിച്ച് കോലാക്കി പാത്രങ്ങളില്‍ കൊട്ടിയാണ് ആദ്യത്തെ താളാര്‍ച്ചന ചെയ്തത്. പിന്നീട് വ്രതമെടുത്ത് മല ചവട്ടി. അതിനുശേഷം പതിവായി ശബരിമല ചവിട്ടി മണികണ്ഠന് മുന്നില്‍ എത്തുന്നു. 

തമിഴ്നാട്ടില്‍ നിന്നുള്ള ശിവമണി താളവിദ്വാനായ എസ് എം ആനന്ദിന്റെ മകനാണ്. ഏഴാം വയസില്‍ കൊട്ടുവാന്‍ പഠിച്ചുതുടങ്ങിയ ശിവമണി പതിനൊന്നാം വയസില്‍ തന്നെ സംഗീത ജീവിതം ആരംഭിച്ചു.  റോജ, താല്‍, ദില്‍സേ, ലഗാന്‍, ഗുരു, കാബൂള്‍ എക്സപ്രസ് തുടങ്ങി പാട്ടുകള്‍ ആഘോഷമാക്കിയ നിരവധി ചിത്രങ്ങളില്‍ ശിവമണി ഡ്രംസ് വായിച്ചിട്ടുണ്ട്. പുനരധിനാസം എന്ന മലയാളസിനിമയില്‍ ശിവമണിയും ലൂയിസ് ബാങ്ക്സും ചേര്‍ന്നാണ് സംഗീതസംവിധാനം ചെയ്തത്.