സില്‍ക്ക് സ്മിത വിടവാങ്ങി കാല്‍നൂറ്റാണ്ട്‌

സ്മിതയുടെ സ്വഭാവത്തിന് അവരുടെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. യാതൊരു ബഹളവുമില്ലാത്ത, അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു. കൃത്യമായി ഷൂട്ടിന് വരും, ഷോട്ട് കഴിഞ്ഞാൽ എവിടെയെങ്കിലും മാറി ഇരിക്കും...ശരീരത്തെയും സൗന്ദര്യത്തെയും മനസ്സിനെയുമൊന്നാകെ പിടയ്ക്കുന്ന കണ്ണുകളിലേക്കാവാഹിച്ചുകൊണ്ട് പരമ്പരാഗത സൗന്ദര്യസങ്കല്പത്തെ ഉടച്ചുവാർത്ത സിൽക് സ്മിത! സിലുക്ക് എന്ന ചെല്ലപ്പേരിൽ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ നിർണായക സാന്നിധ്യമായിരുന്ന കോടമ്പാക്കത്തുകാരി വിജയലക്ഷ്മി. ആരോഹണങ്ങളിലെവിടെേെയാ അടിപതറിവീണ ജീവിതത്തോട് നിശ്ശബ്ദം യാത്രപറഞ്ഞിറങ്ങിപ്പോയ സിൽക്ക് തീർത്ത ശൂന്യത ഇന്നും നികത്താനായിട്ടില്ല സിനിമാ മേഖലയ്ക്ക്.  'ഏഴിമലപ്പൂഞ്ചോല'യും പാടിത്തുടിക്കുന്ന ആ മാദകസൗന്ദര്യത്തെയല്ല, മറിച്ച് സ്മിതയെന്ന വ്യക്തിത്വത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ ഭദ്രൻ.

Director Bhadran remembers silk smitha Spadikam Movie Mohanlal ezhimala poonjola
ഭദ്രൻ

സ്ഫടികത്തിലെ ലൈല എന്ന കഥാപാത്രത്തിനായി എന്റെ മനസ്സിൽ തെളിഞ്ഞത് സിൽക് സ്മിതയുടെ മുഖമായിരുന്നു. ആ കഥാപാത്രത്തിന് അവർ നന്നായി ചേരുമെന്ന് തോന്നിയത് കൊണ്ട് ഞാൻ നേരിട്ട് തന്നെ സിൽക് സ്മിതയെ വിളിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ഞാനൊരു ഏകദേശ രൂപം സ്മിതയ്ക്ക് നൽകി. തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലുമെല്ലാം അന്നത്തെ കാലത്ത് വെള്ളത്തിൽ നിന്ന് കൊട്ടയിൽ മണ്ണും മണലും വാരിയെടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. തെക്കൻ കേരളത്തിലെ നാട്ടിൽ പുറങ്ങളിലെല്ലാം സ്ത്രീകളും ആ ജോലി ചെയ്യുമായിരുന്നു. കൈലിയും ബ്ലൗസുമാണ് അവരുടെ വേഷം. വള്ളിക്കൊട്ടയാണ് അതിനായി അവർ ഉപയോഗിച്ചിരുന്നത്. മണ്ണുവാരിയെടുക്കുമ്പോൾ വെള്ളം മാത്രം കൊട്ടയിലെ ദ്വാരങ്ങളിലൂടെ ചോർന്നു പോകും. അതവർ തലയിൽ ചുമക്കും. തലയിലൂടെ വെള്ളമിറങ്ങാതിരിക്കാൻ ടയറിന്റെ ട്യൂബ് വെട്ടി വളച്ചുകെട്ടി തൊപ്പിപോലെ ഒന്നുണ്ടാക്കും. അതു തലയിൽ വച്ചാണ് ചുമന്നുകൊണ്ടു പോകുക. ആ തൊഴിലെടുക്കുന്ന സ്ത്രീയാണ് സ്മിതയുടെ കഥാപാത്രമെന്നും മുഖ്യകഥാപാത്രമായ ആടുതോമയുടെ സ്‌നേഹിതയാണെന്നുമെല്ലാം ഞാൻ സ്മിതയോട് വിവരിച്ചു. ഞാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ തന്നെ സ്മിത ചെയ്യാമെന്ന് സമ്മതിച്ചു.

പലപ്പോഴും ആർട്ടിസ്റ്റുകളെ അടുത്തറിയാൻ മനസ്സിലാക്കാനും സംവിധായകർക്ക് അവസരം ലഭിക്കാറില്ല. പലരും നേരിട്ട് ലൊക്കേഷനിൽ എത്തുകയാണ് പതിവ്. ആദ്യമായാണ് നമ്മൾ അവരോടൊപ്പം ജോലി ചെയ്യുന്നത് എങ്കിൽ അവരെ പഠിക്കാനും മനസ്സിലാക്കിയെടുക്കാനും കുറച്ച് സമയം എടുക്കും. സ്ഥടികത്തിന് മുന്നോടിയായി സ്മിതയുമായി സംസാരിക്കാനുള്ള സാഹചര്യം എനിക്ക് ലഭിച്ചു. കോട്ടയത്തുള്ള അഞ്ജലി ഹോട്ടലിലായിരുന്നു ഷൂട്ടിങ്ങിനോടനുബന്ധിച്ച് ഞങ്ങൾ താമസിച്ചത്. എനിക്കും മോഹൻലാലിനും സ്മിതയ്ക്കും റൂമെടുത്തിരുന്നത് അവിടെയായിരുന്നു. സ്മിത ഹോട്ടലിൽ എത്തിയ ദിവസം തന്നെ എന്നെ കാണാൻ വന്നു. ''ഞാൻ സാറിന്റെ അയ്യർ ദ ഗ്രേറ്റ് എന്ന ചിത്രം കണ്ടിരുന്നു. എന്തൊരു വ്യത്യസ്തമായ സിനിമയാണത്'' എന്നൊക്കെ പറഞ്ഞു. സ്മിതയ്ക്ക് ഇഷ്ടമുള്ള ഏതോ ഒരു പ്രശസ്ത ഗായകന്റെ ഛായ എനിക്കുണ്ടെന്നും പറഞ്ഞു.  ആ ഗായകൻ ആരായിരുന്നുവെന്ന് ഇന്ന് ഞാൻ ഓർക്കുന്നില്ല. ഞാൻ ഹരിഹരൻ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലത്ത് ഏതോ ഒരു സിനിമയിൽ സ്മിത ബാക്ക്ഗ്രൗണ്ട് ഡാൻസറായി ജോലി ചെയ്തിട്ടുണ്ട്. അതെക്കുറിച്ചും സംസാരിച്ചു.

Director Bhadran remembers silk smitha Spadikam Movie Mohanlal ezhimala poonjola

ഞങ്ങളുടെ സൗഹൃദ സംഭാഷണം ഒരു മുക്കാൽ മണിക്കൂറോളം നീണ്ടു. സ്മിത പിന്നീട് റൂമിലേക്ക് മടങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ സ്മിതയുടെ കോസ്റ്റ്യൂമർ എന്റെ മുറിയിൽ വന്നു തട്ടി. സ്മിതയ്ക്ക് സിനിമയിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ എന്നെ കാണിക്കാനായി കൊണ്ടു വന്നതായിരുന്നു. കോസ്റ്റ്യൂം കണ്ടപ്പോൾ ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ഞാൻ ഉദ്ദേശിച്ചതുമായി അതിന് യാതൊരു ബന്ധവുമില്ലായിരുന്നു. കൈലി പോലെ എന്തോ ഒന്നിൽ കുറേ വള്ളികൾ കെട്ടി വച്ചിരിക്കുന്നു, ബ്ലൗസും ശരിയല്ല. പിറ്റേ ദിവസം മുതൽ  ഷൂട്ടിങ്  തുടങ്ങുകയാണ്. അതുകൊണ്ടു തന്നെ എല്ലാം ശരിയാക്കിയെക്കാൻ അധികം സമയവുമില്ല. ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ലെന്നും ചെമ്മീനിൽ ഷീലാമ്മ അവതരിപ്പിച്ച കറുത്തമ്മയുടെ വസത്രധാരണത്തിന് സമാനമായ ഒന്നാണ് വേണ്ടെതെന്നും സ്മിതയെ അറിയിച്ചു. സ്മിത പറഞ്ഞു, ''ഡോണ്ട് വറി സർ, ഇറ്റ് വിൽബി റെഡി സൂൺ'' എന്ന്. ഒരു രണ്ടുമണിക്കൂറിനുള്ളിൽ വീണ്ടും സ്മിതയുടെ കോസ്റ്റ്യൂമർ എന്റെ മുറിയിൽ വന്നു, സർ അമ്മ റെഡി, റൂം വരെയൊന്നു വരാമോ എന്ന് പറഞ്ഞു. മുറിയിൽ എത്തിയപ്പോൾ അതാ സ്മിത നിൽക്കുന്നു, സാക്ഷാൽ കറുത്തമ്മയെപ്പോലെ. മുണ്ടും കൈലിയും ധരിച്ചപ്പോൾ തന്നെ സ്മിത പൂർണമായും എന്റെ മനസ്സിലുള്ള കഥാപാത്രമായി മാറിയിരുന്നു. പൊതുവെ സ്മിത കോസ്റ്റിയൂമിന്റെ കാര്യത്തിൽ അൽപ്പം വാശികാണിക്കുന്നയാളാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. എന്നാൽ എന്റെ അനുഭവത്തിൽ സ്മിത അങ്ങനെ അല്ലായിരുന്നു.

സിനിമയുടെ റിലീസിന്റെയന്ന് ഗുഡ്‌ലക്ക് തിയേറ്ററിലാണ് ഞങ്ങളെല്ലാവരും ഷോ കാണാനായി പോയത്. ഞങ്ങൾക്കൊപ്പം സ്മിതയും ഉണ്ടായിരുന്നു. സിനിമ കണ്ടതിന് ശേഷം, സ്മിത എനിക്ക് കൈ തന്നു പറഞ്ഞു, ''സർ, അതിഗംഭീരം എന്റെ മനസ്സുനിറഞ്ഞു, ഒരുപാട് നന്ദിയുണ്ട്. ഈ സിനിമ സൂപ്പർ ഹിറ്റാകും സാർ, എനിക്ക് കുറച്ചുകൂടി നന്നായി പെർഫോം ചെയ്യാമായിരുന്നുവെന്ന് തോന്നി''. ഞാൻ സ്ഥടികത്തിൽ സ്മിതയുടെ കഥാപാത്രത്തെ വളരെ നന്നായാണ് അവതരിപ്പിച്ചത്. സമൂഹമാണ് ലെെലയെ ''തേവിടിശ്ശി'' എന്ന് വിളിക്കുന്നത്. അല്ലാതെ നായകൻ തോമയല്ല.  ''തോമച്ചായന്റെ ചോരയ്ക്ക് പഞ്ചാരയുടെ ചുവയാണെന്ന്'' ലൈല പറയുന്ന ഒരു രംഗമുണ്ട്. തോമയും ലൈലയും തമ്മിൽ എവിടെയോ ഒരു ആത്മബന്ധമുണ്ട്. സിനിമയിലെ ഏഴിമല പൂഞ്ചോല എന്ന ഗാനവും വലിയ ഹിറ്റായി. ഇന്ന് സ്മിതയെക്കുറിച്ചോർക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം വരുന്നത് ആ പാട്ടായിരിക്കും.

mathrubhumi Archives

സത്യത്തിൽ സ്മിതയുടെ സ്വഭാവത്തിന് അവരുടെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. യാതൊരു ബഹളവുമില്ലാത്ത, അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു. കൃത്യമായി ഷൂട്ടിന് വരുമായിരുന്നു. ഷോട്ട് കഴിഞ്ഞാൽ എവിടെയെങ്കിലും മാറി ഇരിക്കും. എല്ലാവരോടും നന്നായി പെരുമാറുന്ന ഒരാളായിരുന്നു. സ്ഥടികം റിലീസിന് ശേഷം മാദ്രാസിലേക്ക് മടങ്ങിയ സ്മിതയെക്കുറിച്ച് കുറച്ചുകാലത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. പിന്നീട് കേൾക്കുന്നത് മരണവാർത്തയായിരുന്നു. ആത്മഹത്യ ചെയ്യാൻ മാത്രം അവരെ അലട്ടിയ ദുഖം എന്തായിരുന്നുവെന്ന് കൃത്യമായി ആർക്കും അറിയില്ല. ജീവിതത്തോട് വല്ലാത്ത മടുപ്പ് തോന്നിയിരിക്കാം. ഇന്നും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു.

Content Highlights: Director Bhadran remembers silk smitha, 60th birth anniversary, Spadikam Movie, Mohanlal, ezhimala poonjola