നശ്വര നടൻ സത്യനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടിയും ഗായികയുമായ ശ്രീലത നമ്പൂതിരി. അടൂർ ഭാസിയുടെ നായികയായി വെള്ളിത്തിരയിലെത്തേണ്ടിയിരുന്ന ശ്രീലതയുടെ സിനിമയിലെ അരങ്ങേറ്റം പക്ഷേ സത്യന്റെ മകളായി വേഷമിട്ടു കൊണ്ടായിരുന്നുവെന്ന് അറിയുന്നവർ ചുരുക്കം. ഡോക്ടർ സീതാരാമസ്വാമി സംവിധാനം ചെയ്ത് 1973ൽ പുറത്തിറങ്ങിയ ആശാചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു ആ രംഗപ്രവേശം. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ സത്യനൊപ്പം അഭിനയിക്കുവാൻ തനിക്ക് സാധിച്ചുള്ളൂ എന്ന ദു:ഖമാണ് സത്യനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുമ്പോൾ ശ്രീലതയ്ക്ക് ആദ്യം പറയാനുള്ളത്...

"സിനിമ കണ്ട് തുടങ്ങിയ നാൾ മുതൽ സത്യൻ സാറിന്റെ സിനിമകൾ കണ്ടിരുന്ന അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ. അടൂർ ഭാസി ചേട്ടന്റെ ഒപ്പമായിരുന്നു ഞാനാദ്യമായി സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നത്. പക്ഷേ ആ ചിത്രം നടന്നില്ല. അങ്ങനെ ആദ്യമായി ഞാൻ സിനിമയിലെത്തുന്നത് ആശാചക്രം (1973) എന്ന ചിത്രത്തിൽ സത്യൻ സാറിന്റെ മകളായി വേഷമിട്ടാണ്. ഹൈദരാബാദിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഭയങ്കര മിതഭാഷിയായിരുന്നു സത്യൻ സർ. ഗൗരവക്കാരൻ, കാഴ്ചയിൽ വെറും സാധരണക്കാരൻ. സെറ്റിലും അങ്ങനെ തന്നെ അധികം തമാശകളില്ല, ചിരിയുമില്ല. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ നിന്നാൽ ആളാകെ മാറും.

ആദ്യമായി അഭിനയിക്കുന്നതിന്റെ ടെൻഷനും മറ്റും എനിക്കുണ്ടായിരുന്നുവെങ്കിലും എങ്ങനെ എന്ത് ചെയ്യണം എന്നെല്ലാം അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. അദ്ദേഹത്തിന് എന്നോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. കാരണം എന്റെ അച്ഛന്റെ സഹോദരിയും ഒരു നടിയായിരുന്നു. കുമാരിതങ്കം.. പ്രേം നസീറിന്റെ നായികയായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം സത്യൻ സാറിന് അറിയാമായിരുന്നു.

എന്റെ വലിയ ദു:ഖമെന്തെന്നാൽ സത്യൻ സാറിനൊപ്പം ഒന്നോ രണ്ടോ ചിത്രങ്ങളിലേ എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടുള്ളൂ. ആശാചക്രം എന്ന ചിത്രം തന്നെ പകുതിയ്ക്ക് നിന്ന് പോയതാണ്. സത്യൻ സാറിന്റെ മരണ ശേഷം 75 ലാണ് പിന്നീട് ആ ചിത്രം റിലീസാവുന്നത്. തോപ്പിൽ ഭാസി ചേട്ടൻ സംവിധാനം ചെയ്ത മൂലധനത്തിലാണ് ഞാൻ പിന്നീട് സത്യൻ സാറിനൊപ്പം അഭിനയിക്കുന്നത്. അതുപോലെ യക്ഷി എന്ന ചിത്രത്തിൽ രണ്ടോ മൂന്നോ ഷോട്ടുകൾ മാത്രമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുള്ളൂ...

ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് സത്യൻ സാറിന്റെ ഭാര്യ എന്ന ചിത്രം പുറത്തിറങ്ങുന്നത് .. 1962-ൽ. അന്ന് ഞാൻ അദ്ദേഹത്തെ കുറേ ശപിച്ചിട്ടുണ്ട്. ഭാര്യയെ വെടിവച്ച് കൊല്ലുന്ന ഒരു ‍കഥാപാത്രമല്ലായിരുന്നോ അതിലെ ബെന്നി എന്ന അദ്ദേഹത്തിന്റെ കഥാപാത്രം. വലിയ ഹിറ്റായ ചിത്രമായിരുന്നു അത്.

നേരിട്ട് കാണുമ്പോൾ വലിയ നിറമൊന്നും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം. പക്ഷേ പല്ലൊക്കെ ഭയങ്കര വെളുത്തിട്ടാണ്. അക്കാര്യം ക്യാമറമാൻ എപ്പോഴും പറയുന്ന കാര്യമാണത്. അദ്ദേഹത്തിന് അർബുദം ഉണ്ടായിരുന്നതായി ഞങ്ങൾ ആർക്കും തന്നെ അറിയില്ലായിരുന്നു. ആരേയും അദ്ദേഹം അറിയിച്ചിരുന്നില്ല. വളരെ ഊർജസ്വലനയാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്താണ് ഓരോ തവണയും രക്തം മാറ്റാനും മറ്റും പൊയ്ക്കൊണ്ടിരുന്നത്. നല്ലൊരു മനുഷ്യ സ്നേഹികൂടിയായിരുന്നു സത്യൻ സർ..

അദ്ദേഹത്തോടൊപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല എന്ന സങ്കടം ഇപ്പോഴും ബാക്കിയാണ്...

content highlights : sreelatha namboothiri about actor sathyan ashachakram movie sathyan death anniversary