രണ്ടു വർഷംമുമ്പാണ്. തൃശ്ശൂരിൽ ഒരു അവാർഡ്ദാനച്ചടങ്ങ് നടക്കുന്നു. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാള സിനിമയിലെ മികച്ച കലാകാരന്മാരെല്ലാവരുമുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് പ്രശസ്ത സംവിധായകൻ കെ.എസ്. സേതുമാധവനായിരുന്നു. സേതുസാറിന്റെ പേര് അനൗൺസ് ചെയ്തപ്പോൾ അദ്ദേഹത്തെ അറിയാവുന്നവർ മാത്രം കൈയടിച്ചു. അതിനുശേഷമാണ് സേതുമാധവൻ സംവിധാനം ചെയ്ത ചില സിനിമകളുടെ പ്രസക്തഭാഗങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ചത്. അനുഭവങ്ങൾ പാളിച്ചകൾ, കടൽപ്പാലം, അടിമകൾ, വാഴ്വേമായം, കരകാണാക്കടൽ -എല്ലാം അഭിനയമികവുകൊണ്ട് സത്യൻ അനശ്വരമാക്കിയ ദൃശ്യങ്ങൾ. അത് അവസാനിച്ചതും സദസ്സിൽനിന്ന് കാതടപ്പിക്കുന്ന കരഘോഷം മുഴങ്ങി. അതിന്റെ ആരവങ്ങൾക്കിടയിലൂടെയാണ് സേതുമാധവൻ സാർ വേദിയിലേക്ക് കയറിയത്. സത്യൻ എന്ന അഭിനയപ്രതിഭയെ ഇത്ര മനോഹരമായി അവതരിപ്പിച്ചതിനുള്ള നന്ദിപ്രകടനംകൂടിയായിരുന്നു ആ കൈയടി. സത്യൻ ജീവിച്ചിരുന്നപ്പോൾ ജനിച്ചിട്ടില്ലാത്ത പുതുതലമുറയുടെ അംഗീകാരം.

സത്യനെ ഏറ്റവും കൂടുതൽ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്ത സംവിധായകൻ കെ.എസ്. സേതുമാധവൻ തന്നെയാണ്. അവർ തമ്മിലൊരു വല്ലാത്ത മാനസികപ്പൊരുത്തമുണ്ട് എന്നതിന് ആ സിനിമകൾ തന്നെ സാക്ഷി.

സംവിധാനം പഠിക്കാൻ ഞാൻ മദിരാശി പട്ടണത്തിലെത്തുമ്പോഴേക്കും സത്യൻ മാസ്റ്റർ അരങ്ങൊഴിഞ്ഞ് വർഷം രണ്ടു കഴിഞ്ഞിരുന്നു. എന്നിട്ടും അവശേഷിപ്പുകൾ എല്ലായിടത്തും ബാക്കി. മൗണ്ട് റോഡിൽ നിന്ന് ‘ സ്വാമീസ് ലോഡ്ജ്’ വഴിയാണ് യാത്രയെങ്കിൽ ആരെങ്കിലും ഓർമിപ്പിക്കും: ‘ ‘ ഇതാണ് സത്യൻ മാഷ് സ്ഥിരമായി താമസിച്ചിരുന്ന ലോഡ്ജ്.’ ’ എ.വി.എം. സ്റ്റുഡിയോയിലെ ഷൂട്ടിങ് ഫ്ലോറിനടുത്തെത്തുമ്പോഴേക്കും കേൾക്കാം ‘ ‘ ദാ, അവിടെ ആ മുകളിലത്തെ മുറിയിലിരുന്നാണ് സത്യൻ മാഷ് മേക്കപ്പ് ചെയ്യാറുള്ളത്.’ ’ കെ.ജെ. ഹോസ്പിറ്റലിന്റെ മുന്നിലൂടെ ഓട്ടോയിലോ സൈക്കിൾ റിക്ഷയിലോ പോയാൽപോലും അത് ഓടിക്കുന്ന തമിഴർ പറയും: ‘ ‘ ഈ ആശുപത്രിയിലാണ് സത്യൻ സാർ ട്രീറ്റ്മെന്റിന് വന്നിരുന്നത്.’ ’ സത്യന്റെ ഓർമകളെ തൊടാതെ അന്നൊന്നും ഒരു ദിവസംപോലും കടന്നുപോകാറില്ല.

എഗ്മോറിൽ ഞാൻ താമസിച്ചിരുന്ന റൂമിനടുത്ത് ഒരു ചായക്കടയുണ്ടായിരുന്നു. അവിടെ ചായയടിച്ചിരുന്നത് പട്ടാമ്പിക്കാരൻ ഒരു ശിവരാമേട്ടനാണ്. മെലിഞ്ഞ് തല നരച്ച് മുഖത്തിന് ചേരാത്തൊരു കൊമ്പൻ മീശയും വെച്ച് രാവിലെ മുതൽ രാത്രിവരെ ഒരേ നിൽപ്പിൽനിന്ന് ശിവരാമേട്ടൻ ചായയടിക്കും. സിനിമയോട് വലിയ കമ്പമാണ്. അതുകൊണ്ടുതന്നെ ഞാനും കൂട്ടുകാരും ചായകുടിക്കാൻ ചെന്നാൽ പാലും തേയിലയുമൊക്കെ കൂടുതൽ ചേർത്ത് ചായയിലൂടെ പ്രത്യേക സ്നേഹം തരും. ഏതു വിഷയം സംസാരിച്ചാലും അവസാനം വന്നുനിൽക്കുക സത്യൻ മാഷിലാണ്.
‘ ‘ ഓടയിൽനിന്ന് കണ്ടിട്ടുണ്ടോ?’ ’
‘ ‘ ഉണ്ടല്ലോ’ ’
‘ ‘ അതിൽ സത്യൻ മാഷ് റിക്ഷാവണ്ടി കാലുകൊണ്ടൊന്ന് ഉയർത്തി മടിക്കുത്തിൽനിന്ന് ബീഡിയെടുത്തു വലിക്കുന്നൊരു സീനുണ്ട്. ആ ബീഡി ഞാൻ കൊടുത്തതാ.’ ’
അഞ്ഞൂറുവട്ടം കേട്ടതാണെങ്കിലും ആദ്യമായി കേൾക്കുന്നതുപോലെ ഞങ്ങൾ അദ്ഭുതം കൂറും. ആവേശത്തോടെ ശിവരാമേട്ടൻ വിശദീകരിക്കും.
‘ ‘ ഞാനന്ന് അരുണാചലം സ്റ്റുഡിയോവിൽ ഷൂട്ടിങ് കാണാൻ പോയതാ. ഷോട്ടെടുക്കുന്ന നേരമായപ്പോൾ അദ്ദേഹം ബീഡി ചോദിച്ചു. പ്രൊഡക്ഷൻകാര് ബീഡിക്കുവേണ്ടി ഓടാൻ തുടങ്ങിയപ്പോൾ കാഴ്ചക്കാരനായി നിന്ന ഞാൻ പെട്ടെന്ന് ബീഡിയെടുത്തു നീട്ടി. ഒരു മടിയും കൂടാതെ അങ്ങേരതു വാങ്ങി ചുണ്ടിൽവെച്ച് ‘ റെഡി തുടങ്ങാം’ എന്നു പറഞ്ഞു. ഇപ്പോഴും ആ സിനിമ കാണുമ്പോൾ എന്റെ ബീഡി സത്യൻ സാറ് വലിക്കുന്നത് ഞാനിങ്ങനെ നോക്കും.’ ’
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ആരാധകന്റെ സ്നേഹമാണത്. പിന്നീട് ‘ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിൽ ഈ വിവരണം ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിലൂടെ ഞാനുപയോഗിച്ചിട്ടുണ്ട്.

ഡോക്ടർ ബാലകൃഷ്ണനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. സിനിമയ്ക്ക് പുറത്തും സത്യനെക്കുറിച്ച് അദ്ദേഹം പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്. ഡോക്ടറും സത്യനും അടുത്ത സുഹൃത്തുക്കളായിരുന്നു. മദ്രാസ് മലയാളി ക്ളബ്ബിലെ നാടകങ്ങളും എഴുത്തും അഭിനയവും സ്വന്തം നഴ്സിങ്ഹോമുമൊക്കെയായി നടന്നിരുന്ന ഡോക്ടർ ബാലകൃഷ്ണനെ സിനിമ നിർമിക്കാൻ പ്രേരിപ്പിച്ചത് സത്യനാണ്. ‘ തളിരുകൾ’ എന്നായിരുന്നു ആദ്യചിത്രത്തിന്റെ പേര്. ഡോക്ടർ തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ നായകനായി അഭിനയിച്ച ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അതോടെ സിനിമാരംഗം വിടാനൊരുങ്ങിയ ഡോക്ടറെ നിർബന്ധിച്ച് വീണ്ടുമൊരു ചിത്രമെടുപ്പിച്ചു സത്യൻ. സത്യനും ശാരദയും അഭിനയിച്ച ‘ കളിയല്ല കല്ല്യാണം’ ഒരു വലിയ വിജയമായി മാറി. അതിന്റെ പിൻബലത്തിലാണ് ‘ ലേഡീസ് ഹോസ്റ്റൽ’ ‘ കോളേജ് ഗേൾ’ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ ഡോക്ടറുടെ രേഖാ സിനി ആർട്സിലൂടെ പുറത്തുവന്നത്. ചുരുക്കിപ്പറഞ്ഞാൽ സത്യൻ ധൈര്യം കൊടുത്തില്ലെങ്കിൽ ഡോക്ടർ ബാലകൃഷ്ണൻ സിനിമാനിർമാതാവ് ആവുകയില്ലായിരുന്നു. ഡോക്ടർ നിർമാതാവായില്ലെങ്കിൽ സിനിമാരംഗത്തേക്കുള്ള വാതിൽ എന്റെ മുന്നിൽ തുറക്കപ്പെടില്ലായിരുന്നു. ആ നിലയ്ക്ക് നോക്കിയാൽ മനഃപൂർവമല്ലെങ്കിലും എന്റെ സിനിമാപ്രവേശത്തിന് സത്യൻ മാസ്റ്റർ ഒരു കാരണമായിട്ടുണ്ട്.

ശ്രീനിവാസൻ പറഞ്ഞ ഒരു കഥയുണ്ട്. ‘ ചെമ്മീൻ’ റിലീസ് ചെയ്യുന്നതിനുമുമ്പുള്ള കാലം. ശ്രീനിവാസന്റെ ചേട്ടൻ ടൈഫോയ്ഡ് പിടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നു. രക്ഷപ്പെടുമെന്ന് ഒരുറപ്പുമില്ല. കൂട്ടിരിക്കാൻ പോയ ശ്രീനിയുടെ കൈപിടിച്ച് ചേട്ടൻ കരഞ്ഞു.
‘ നീ ഭാഗ്യവാനാണെടാ. സത്യൻ അഭിനയിച്ച ചെമ്മീൻ കാണാൻ നിനക്ക് സാധിക്കുമല്ലോ. ഞാനതിനുമുമ്പ് മരിക്കും.’ ’
കടുത്ത സത്യൻ ഫാനായ ആ ചേട്ടൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

മറ്റൊരു അനുഭവംകൂടി ശ്രീനിവാസൻ പങ്കുവെച്ചിട്ടുണ്ട്. ഒരു സിനിമ കണ്ട് ജീവിതത്തിൽ ആദ്യമായി കരഞ്ഞതിന്റെ ഓർമ. തലശ്ശേരി ലോട്ടസ് തിയേറ്ററിൽ വെച്ചാണ് ശ്രീനി ‘ അനുഭവങ്ങൾ പാളിച്ചകൾ’ കണ്ടത്. പടത്തിന്റെ അവസാനഭാഗത്ത് താനേറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന മകളുടെ കുഴിമാടത്തിനരികിൽ സങ്കടത്തിന്റെ കടൽ ഉള്ളിലൊതുക്കി നിൽക്കുന്ന സത്യന്റെ മുഖം കണ്ടപ്പോൾ ശ്രീനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്രേ. ശ്രീനിയത് പറഞ്ഞതിനുശേഷം ഞാൻ വീണ്ടും ‘ അനുഭവങ്ങൾ പാളിച്ചകൾ’ കണ്ടു. ഇത്ര വർഷങ്ങൾക്കുശേഷവും ആ രംഗം എന്റെ കണ്ണുനനയിച്ചു. വികാരതീവ്രത മുറ്റിനിൽക്കുന്ന രംഗത്ത് ഒരു നടൻ എങ്ങനെ പെരുമാറണം എന്നതിന്റെ ഉദാഹരണമാണ് സത്യന്റെ പ്രകടനം. തിലകൻ പറയാറുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ക്യാമറയ്ക്കു മുന്നിൽനിന്ന് നടൻ കരയേണ്ടതില്ല. അയാളുടെ ഉള്ളിൽ ആ കരച്ചിൽ ഒതുക്കിവെച്ചിരിക്കുന്നു എന്ന തോന്നലുണ്ടാക്കിയാൽ മതി. പ്രേക്ഷകൻ കരഞ്ഞോളും. അമ്പതു വർഷങ്ങൾക്കു മുമ്പേ സത്യൻ അതു തെളിയിച്ചിരിക്കുന്നു.
സഹസംവിധായകനായി ജോലിചെയ്യാൻ തുടങ്ങിയ കാലത്ത് സത്യനോടൊപ്പം അഭിനയിച്ച ശങ്കരാടിയോടും പറവൂർ ഭരതനോടുമൊക്കെ സത്യന്റെ രീതികളെപ്പറ്റി ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവർക്കും സ്നേഹംനിറഞ്ഞ പേടിയായിരുന്നു സത്യനോട്.

മലയാളത്തിലിറങ്ങുന്ന മികച്ച കഥകളും നോവലുകളും സത്യൻ സ്ഥിരമായി വായിക്കുമായിരുന്നു എന്ന് ശങ്കരാടി പറയാറുണ്ട്. സത്യൻ അഭിനയിച്ച പല സിനിമകളുടെയും കഥകൾ നിർദേശിച്ചത് അദ്ദേഹം തന്നെയായിരുന്നുവത്രേ.
ഒരു നായകന് വേണമെന്ന് പൊതുവേ പറയാറുള്ള സൗന്ദര്യലക്ഷണങ്ങളൊന്നുമില്ലാതെത്തന്നെ സൂപ്പർ സ്റ്റാറായ നടനാണ് സത്യൻ. നല്ല കറുത്ത നിറമായിരുന്നു അദ്ദേഹത്തിന് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണനോട് ഞാൻ ചോദിച്ചു: ‘ ‘ ഉണ്യേട്ടാ, സത്യൻമാഷ് നമ്മുടെ പാണ്ഡ്യനെക്കാൾ കറുത്തിട്ടാണോ?’ ’

പാണ്ഡ്യൻ ഞങ്ങളുടെ മേക്കപ്പ്മാനാണ്. പാണ്ഡ്യനാണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നിറംകുറഞ്ഞ സുഹൃത്ത്. തമാശ കേട്ടതുപോലെ ചിരിച്ചുകൊണ്ട് ഉണ്യേട്ടൻ പറഞ്ഞു: ‘ ‘ പാണ്ഡ്യൻ വെളുത്തിട്ടല്ലേ?’ ’
എന്നിട്ടും സ്ക്രീനിൽ പൗരുഷത്തിന്റെ പ്രതീകമായി മാറി സത്യൻ.
പഴയ സിനിമകൾ ശ്രദ്ധിച്ചാലറിയാം. നാടകങ്ങളോട് ചേർന്നുനിൽക്കുന്നതായിരുന്നു അന്നത്തെ സിനിമ. കൃത്രിമമായിപ്പോകാവുന്ന സംഭാഷണങ്ങൾപോലും സ്വന്തം പ്രതിഭകൊണ്ട് സ്വാഭാവികമായി അവതരിപ്പിച്ചിരുന്നത് സത്യനും ശങ്കരാടിയുമാണ്. കഥാപാത്രമായി മാറുക എന്നതായിരുന്നു സത്യന്റെ രീതി. ഇമേജൊന്നും പ്രശ്നമല്ല. ഷീലയുടെ കാമുകനായി അഭിനയിക്കുമ്പോൾത്തന്നെ അച്ഛനായും വേഷമിട്ടിട്ടുണ്ട്. പ്രേംനസീർ അതിസുന്ദരനായി അഭിനയിക്കുന്ന സിനിമയിൽ പടുവൃദ്ധനായി സത്യൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും തന്റെ താരപദവിക്ക് മങ്ങലേൽക്കില്ല എന്നദ്ദേഹത്തിന് അറിയാം. അനുകരിക്കാനാവാത്ത ആത്മവിശ്വാസമാണത്.
നാല്പതാം വയസ്സിൽ സിനിമയിൽവന്ന് പതിനെട്ടു വർഷങ്ങൾകൊണ്ട് ഒരു തലമുറയുടെ മനസ്സു മുഴുവൻ കീഴടക്കിയ സത്യനൊപ്പം ചേർക്കാൻ ഇന്നും മറ്റൊരു പേരില്ല.

വ്യക്തിപരമായ ചെറിയൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. എന്റെ രണ്ടു ചേട്ടന്മാരിൽ ഒരാൾ സത്യന്റെ വലിയ ആരാധകനായിരുന്നു. സത്യൻ അഭിനയിച്ച സിനിമ ഏതായാലും ഒന്നിലേറെത്തവണ മോഹനേട്ടൻ കാണും. എന്നിട്ട് സത്യന്റെ സംഭാഷണങ്ങൾ വീട്ടുകാരെയൊക്കെ പറഞ്ഞുകേൾപ്പിക്കും. ഞാൻ ജനിച്ചപ്പോൾ എനിക്ക് ‘ സത്യൻ’ എന്ന പേരിടണമെന്ന് വാശിപിടിച്ചത് മോഹനേട്ടനാണത്രെ. അന്തിക്കാടെന്ന ഈ ചെറിയ ഗ്രാമത്തിൽ നിന്ന് പിൽക്കാലത്ത് ഞാനും സിനിമയിൽത്തന്നെ എത്തുമെന്ന് സ്വപ്നത്തിൽപ്പോലും ചേട്ടൻ കരുതിയിരിക്കില്ല.
എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. എന്തായാലും പേരിന്റെ പേരിൽ ഈ സത്യന് ആ സത്യനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.

content highlights : sathyan anthikkad about sathyan on his death anniversary