'1978 കാലഘട്ടത്തിലാണ് ഞാൻ ബാലുസാറിനൊപ്പം പാടുന്നത്. അ‌ന്ന്, ഒരു പുതുമുഖമായ എനിക്ക് അ‌ദ്ദേഹം നൽകിയ പിന്തുണ ഇന്നും ഓർമയിലുണ്ട്. അ‌തേ സ്നേഹത്തോടെയാണ് കഴിഞ്ഞ വർഷം ഒരു ഫങ്ഷനിൽ വെച്ചു കണ്ടപ്പോഴും അ‌ദ്ദേഹം ഓടിവന്ന് സംസാരിച്ചതും വിവരങ്ങൾ ചോദിച്ചതുമൊക്കെ. മഹാനായ ഗായകനൊപ്പം വലിയൊരു മനുഷ്യസ്നേഹി കൂടിയാണദ്ദേഹം. എസ്പിബിയെ പോലെ എസ്പിബി മാത്രമേ ലോകത്തുണ്ടാകൂ..,' ജെൻസി ആന്റണി ഒരു നിമിഷം നിർത്തി.

ജെൻസി ആന്റണിയെന്ന ഗായിക പുതുതലമുറയ്ക്ക് അ‌ത്ര പരിചിതയായിരിക്കണമെന്നില്ല. എന്നാൽ, 1978-83 സമയത്ത് ഇളയരാജയുടെ പ്രിയഗായികയായിരുന്നു ഈ മലയാളി. പിന്നീട്, ജോലിയ്ക്കായും മറ്റും ഗുജറാത്തിലേക്ക് കൂടുമാറിയെങ്കിലും എസ്.പി.ബിയ്ക്കൊപ്പം പാടിയത് ഉൾപ്പെടെയുള്ള അ‌നുഭവങ്ങൾ ഇന്നും ജെൻസിയുടെ ഓർമകളിൽ പച്ചപിടിച്ച് നിൽക്കുന്നു.

SPB and Jency
ജെൻസി ആന്റണി എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമൊപ്പം 

'ഞാൻ ആദ്യമായി ബാലുസാറിനൊപ്പം പാടുന്നത് 'കടവുൾ അ‌മൈത്ത മേടൈ' എന്ന ചിത്രത്തിലെ 'മയിലേ മയിലേ..' എന്ന ഗാനമാണ്,' ജെൻസി ഓർമിക്കുന്നു. 'പ്രശസ്ത ഗായകനാണെങ്കിലും പുതുമുഖമായിരുന്ന എനിക്ക് വലിയ പിന്തുണയാണ് അ‌ദ്ദേഹം നൽകിയത്. പാട്ടുകൾ ലൈവ് ആയി റെക്കോഡ് ചെയ്യുന്ന അ‌ന്നത്തെ കാലത്ത് ഒന്നിച്ച് പാടുമ്പോൾ അ‌ത് വലിയ ആശ്വാസമായിരുന്നു. ശങ്കർ ഗണേശ് സാറിനായി ഞങ്ങൾ പാടിയ 'പനിയും നാനേ മലറും നീയേ..' എന്ന ഗാനത്തിന്റെ റെക്കോഡിങ് ഒരിക്കലും മറക്കാനാവില്ല. ഓരോ വരികൾക്കും അ‌ദ്ദേഹം നൽകുന്ന ഭാവങ്ങൾ നമ്മെ അ‌ത്രമേൽ അ‌ത്ഭുതപ്പെടുത്തും.'

'ഇളയരാജാ സാറിനെ ആദരിക്കാനായി ഒരുക്കിയ സംഗീതനിശയിലെ ഒരു സംഭവം ഓർക്കുകയാണ്. ബാലുസാർ പാടുമ്പോൾ ഓർക്കസ്ട്ര ടീമിലെ ഫ്ലൂട്ടിസ്റ്റിന്റെ ഭാഗം തെറ്റിപ്പോയി. പാട്ട് പൂർത്തിയാക്കിയ ശേഷം ബാലുസാർ ആ ഭാഗം വീണ്ടും വായിപ്പിച്ചു. അ‌ദ്ദേഹത്തിന് കയ്യടി നേടിക്കൊടുത്തു. മറ്റുള്ളവരെ പരിഗണിക്കാനുള്ള ആ മനസ്സ് അ‌ധികം പേർക്കൊന്നും ഉണ്ടാകില്ല' -ജെൻസി പറഞ്ഞു.

Jency
ഇളയരാജയ്ക്കൊപ്പം ജെൻസി, ഒരു പഴയ ഫോട്ടോ

എസ്.പി.ബിയുടെ ഇഷ്ടഗാനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഇഷ്ടമില്ലാത്ത ഏതെങ്കിലുമുണ്ടോ എന്നാണ് ചോദിക്കേണ്ടതെന്നായിരുന്നു മറുപടി. 'എങ്കിലും എൺപതുകളിൽ ജാനകിയമ്മയ്ക്കൊപ്പം അ‌ദ്ദേഹം പാടിയ ഗാനങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോഴും കേൾക്കാറുള്ള ഗാനങ്ങളാണവ. അ‌തൊക്കെ പാടിയ ആൾ ഇനിയില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴുമാവുന്നില്ല. ആ ശബ്ദം ഇനിയും കേൾക്കാമല്ലോ എന്ന ആശ്വാസം മാത്രമുണ്ട്.' അ‌വർ പറഞ്ഞു നിർത്തി.

Content Highlights: SPBalasubrahmanyam, Singer Jency Anthony Remembers SPB