വെന്റിലേറ്ററില്‍ കോവിഡിന്റെ അപശ്രുതിയുമായി എസ്.പി.ബി മല്ലിടുമ്പോള്‍ പുറത്ത് തൊണ്ടയിടറിയിട്ടും ശ്രുതിചേര്‍ത്ത് പാടുപെട്ട് വിളിച്ചു, ഇസൈജ്ഞാനി ഇളയരാജ. 'ബാലൂ.... സീക്രമാ എഴുന്തുവാ... ഉനക്കാകെ കാത്തിരിക്കറേന്‍...'  തന്റെ 'മണ്ണില്‍ ഇന്ത കാതല്‍' ഒരൊറ്റ ശ്വാസത്തില്‍ പാടി വിസ്മയിപ്പിച്ചയാള്‍ വെന്റിലേറ്ററിന്റെ കുത്തുന്ന തണുപ്പില്‍ ഒരിറ്റു ശ്വാസത്തിനുവേണ്ടി മല്ലിടുന്നത് മരണത്തേക്കാള്‍ വേദനാജനകമായിരുന്നു രാജയ്ക്ക്. വാക്കുകൾ തൊണ്ടയില്‍ കുടുങ്ങി. ഗദ്ഗദം നെഞ്ചില്‍ വിങ്ങി. ആശുപത്രിക്ക് പുറത്ത് നാടാകെ പ്രാര്‍ഥനകള്‍ പെരുമഴയായി പെയ്തുകൊണ്ടിരിക്കുമ്പോള്‍ കണ്ണീര്‍ പൊഴിച്ചുനില്‍ക്കുന്ന ഒറ്റമരമായി രാജയുടെ വിളി മാത്രം വേറിട്ടുനിന്നു.  സ്‌നേഹം മാത്രമല്ല, ഒരു കുറ്റബോധം കൂടി  ശ്രുതിയിട്ടു അതില്‍. പഴയൊരു പിണക്കത്തിന്റെ ശ്രുതിഭംഗം 'ബാലൂ...' എന്ന ആ ഇടറിയ നീട്ടിവിളിയില്‍ നിഴലിട്ടുനിന്നു. ഒരു പ്രായശ്ചിത്തമെന്നോണമാവുമോ ഇളയരാജ അന്ന് പ്രിയപ്പെട്ട ചങ്ങാതിയെ ഉള്ളുനീറി വിളിച്ചത്?

നാലഞ്ച് വര്‍ഷത്തെ പഴക്കമുണ്ട് ആ നിറംകെട്ട ഫ്‌ളാഷ്ബാക്കിന്. ശ്രുതിശുദ്ധമായൊരു പാട്ടില്‍ ഇടയ്‌ക്കെപ്പോഴോ താളംപിഴച്ചതുപോലുള്ളൊരു കഥയാണത്. എസ്.പി. പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചതിന്റെ അമ്പതാം വാര്‍ഷികം. വിപുലമായ ആഘോഷപരിപാടികളായിരുന്നു ആരാധകര്‍ അന്നൊരുക്കിയത്. റഷ്യ മുതല്‍ അമേരിക്ക വരെ നീണ്ടുനില്‍ക്കുന്നൊരു വേള്‍ഡ് ടൂര്‍. ഭാഷാ ദേശഭേദമന്യേ ചെന്നയിടങ്ങളിലെല്ലാം നിറഞ്ഞ കൈയടികളോടെ സ്വീകരണം. നെഞ്ചില്‍ കൂടുകൂട്ടിയ പാട്ടുകള്‍ പറത്തിവിട്ട് എസ്.പി.ബി സദസ്സുകളെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. എന്നാല്‍, ലോസ് ആഞ്ജലീസില്‍ നിന്ന് ആവേശത്തോടെ സാന്‍ ഹൊസേയില്‍ വന്നിറങ്ങുമ്പോള്‍ ഞെട്ടുന്നൊരു വിവരമാണ് എസ്.പി.ബിയെയും സംഘത്തെയും വരവേറ്റത്. തമിഴകത്തെ മാത്രമല്ല, തെന്നിന്ത്യയെയാകെ ഇളക്കിമറിച്ച, കണ്ണീരണിയിച്ച നിത്യഹരിത ക്ലാസിക്കുകളൊന്നും തന്നെ അന്ന് വൈകീട്ട് പാടി കൈയിലെടുക്കാനാവില്ല ആരാധകരെ. എസ്.പിക്കെന്നല്ല, ഒപ്പമുള്ള ചിത്രയ്ക്കും മകന്‍ എസ്.പി. ചരണിനുമൊന്നും പാടാനാവില്ല തമിഴിലെയും മലയാളത്തിലെയും ആ എവര്‍ഗ്രീന്‍ ഹിറ്റുകള്‍. അരുതെന്ന് പറഞ്ഞുകൊണ്ടുള്ള വക്കീല്‍ നോട്ടീസ് എസ്.പി.യുടെ കൈയില്‍ കിടന്ന് വിറച്ചു. പാടരുതെന്ന തിട്ടൂരമല്ല, അതയച്ച ആളാണ് എസ്.പി.യെ ഞെട്ടിച്ചത്. ഇളയരാജ.

രാജയുടെ ഒരു ഗാനവും സ്‌റ്റേജില്‍ അവതരിപ്പിക്കരുത്. അഥവാ അവതരിപ്പിക്കുകയാണെങ്കില്‍ അതിന്റെ റോയല്‍റ്റി മുന്‍കൂറായി അടയ്ക്കണം എന്ന ഇളയരാജയുടെ കമ്പനി അയച്ച നോട്ടീസിലെ വാക്കുകള്‍ എസ്.പിയുടെ നെഞ്ചിലാണ് വന്നുതറച്ചത്. ഉളളുപിടിഞ്ഞെങ്കിലും രാജയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയിലെ നീരസം ഒട്ടും തന്നെ മറച്ചുവച്ചില്ല എസ്.പി.ബി. 'എനിക്ക് ഈ നിയമം അറിയില്ല. അങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ അത് അനുസരിക്കുക തന്നെ ചെയ്യും. ഞാന്‍ രാജയുടെ പാട്ടുകള്‍ പാടുന്നില്ല'-സങ്കടവും ക്ഷോഭവും മറച്ചുവയ്ക്കാതെ കുറിച്ചു, എന്നും മന്ദഹസിച്ചുമാത്രം കണ്ടിട്ടുള്ള എസ്.പി.ബി. സാന്‍ ഹൊസേയില്‍ തടിച്ചുകൂടിയ സംഗീതപ്രേമികള്‍ക്ക് മുന്നില്‍ അന്ന് എസ്.പി. ഇളയരാജയുടെ പാട്ടുകളൊന്നും തന്നെ പാടിയില്ല. ഇളയനിലായും മണ്ണില്‍ ഇന്ത കാതലുമൊന്നും കേള്‍ക്കാതെ മടങ്ങിയ ആള്‍ക്കൂട്ടത്തിന്റെ മനസ്സില്‍ വലിയൊരു ശൂന്യത അവശേഷിച്ചിട്ടുണ്ടാകുമെന്ന് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു ബാലുവിന്.

കണക്കുപറഞ്ഞുകൊണ്ടുള്ള ആ ഒരൊറ്റ നോട്ടീസ് കൊണ്ട് അന്ന് അറുത്തുമാറ്റപ്പെട്ടത് ഇളയരാജയുടെ സിനിമാക്കാലത്തേക്കാള്‍ പഴക്കമുള്ളൊരു ഹൃദയബന്ധത്തിന്റെ കണ്ണിയാണ്.  തെന്നിന്ത്യന്‍ ചലച്ചിത്ര ഗാനശാഖയുടെ ചരിത്രത്തില്‍ ആ ഹൃദയരക്തം കൊണ്ട് എഴുതിച്ചേര്‍ത്തൊരു അധ്യായമാണ്. ഒരു വെറും ഗായകന്റെയും സംഗീത സംവിധായകന്റെയും വേദന നിറഞ്ഞ വഴിപിരിയലായിരുന്നില്ല അത്. കാലം ഹൃദയത്തില്‍ കാത്തുവച്ച നിത്യഹരിത ഗാനങ്ങള്‍ ജനിക്കും മുന്‍പേ പരസ്പരം ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചവരായിരുന്നു ആന്ധ്രക്കാരന്‍ ശ്രീപതി പണ്ഡിതരദ്യുല ബാലസുബ്രഹ്മണ്യവും തേനിക്കാരന്‍ ജ്ഞാനതേശികന്‍ എന്ന ഇളയരാജയും. ഒരു മ്യൂസിക്ക് കണ്‍സോളിന്റെ അപ്പുറവും ഇപ്പുറവും മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല ഈ സംഗീതസംവിധായകന്റെയും പാട്ടുകാരന്റെയും ബന്ധം. ഇളയരാജ പറഞ്ഞതുപോലെ സിനിമയില്‍ തുടങ്ങുന്നതോ സിനിമയില്‍ അവസാനിക്കുന്നതോ ആയിരുന്നില്ലത്.

സംഗീതകുലപതിയും ഇസൈജ്ഞാനിയുമെല്ലാമായി മാറുന്നതിന് മുന്‍പ് കെടിയ ദാരിദ്ര്യത്തിന്റെ ഒരു കാലമുണ്ടായിരുന്നു ഇളയരാജയ്ക്കും സഹോദരങ്ങള്‍ക്കും. പതിനാലാം വയസ്സ് മുതല്‍ സഹോദരങ്ങളായ ഭാസ്‌ക്കര്‍ക്കും ഗംഗൈ അമരനുമൊപ്പം പാവലര്‍ ബ്രദേഴ്‌സ് എന്ന പേരില്‍ നാടോടിപ്പാട്ടുമായി തമിഴകമാകെ അലഞ്ഞ കാലം. പാട്ടിന് ആരാധകര്‍ ഏറെയുണ്ടായിരുന്നെങ്കിലും പാട്ടുകാരുടെ സ്ഥിതി അത്ര മെച്ചമായിരുന്നില്ല. തല ചായ്‌ക്കൊനൊരിടം പോലമുണ്ടായിരുന്നില്ല അവര്‍ക്ക് ചെന്നൈയില്‍. പലപ്പോഴും ഒരു നേരമെങ്കിലും വയറ് നിറച്ചുണ്ണാനുള്ള യോഗവുമുണ്ടായിരുന്നില്ല. അക്കാലത്താണ് ഒരു സുഹൃത്ത് രാജയെ എസ്.പി.ബിയ്ക്ക് പരിചയപ്പെടുത്തുന്നത്. അതായിരുന്നു വഴിത്തിരിവ്. കണ്ടപാടെ എസ്.പി. ആവശ്യപ്പെട്ടത് ഒരു സംഗീതോപകരണം വായിച്ചുകേള്‍പ്പിക്കാനായിരുന്നു. രാജ ഹാര്‍മോണിയത്തിലും ഭാസ്‌ക്കര്‍ ഗിറ്റാറിലും ഗംഗൈ അമരന്‍ താളവാദ്യത്തിലും തങ്ങളുടെ മികവ് കാട്ടി. എസ്.പി.ബിയുടെ മനസ്സലയിയാന്‍ ഏറെ കാക്കേണ്ടിവന്നില്ല. അന്ന് സ്വന്തം ട്രൂപ്പില്‍ ഹാര്‍മോണിയവും ഗിറ്റാറുമെല്ലാം വായിക്കാന്‍ ആളുണ്ടായിട്ടും എസ്.പി. ഈ മൂന്ന് പേരെയും കൂടെ കൂട്ടി.

രണ്ട് കൈകളും കൊണ്ട് ഹാര്‍മോണിയം വായിച്ച് അന്നേ എസ്.പി.യെ അഭ്ഭുതപ്പെടുത്തിയിരുന്നു രാജ. സ്‌റ്റേജില്‍ തമിഴിനേക്കാള്‍ അന്ന് ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് കൈയടി നേടിയിരുന്ന എസ്.പി.ക്ക് അങ്ങനെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി രാജയുടെ ഹാര്‍മോണിയത്തിന്റെ അകമ്പടി. രാജയും സഹോദരങ്ങളും ജീവിതത്തിലേയ്ക്ക് ചുവടുവച്ചു തുടങ്ങിയത് അക്കാലം മുതലാണ്. ആദ്യമായി മൈലാപ്പൂരില്‍ ഒരു വാടകവീട് സംഘടിപ്പിച്ചു. ജീവിതവും ഏതാണ്ട് പച്ചപിടിച്ചുതുടങ്ങി. ഇക്കാലത്താണ് രാജയും എസ്.പി.യും തമ്മിലുള്ള ഹൃദയബന്ധവും ദൃഢമാകുന്നത്.

സിനിമയില്‍ ഒരു അവസരത്തിനുവേണ്ടി ഇളയരാജയും സഹോദരന്‍ ഭാസ്‌ക്കറും അക്കാലത്ത് കയറിയിറങ്ങാത്ത സ്റ്റുഡിയോകളില്ല. ഒടുവില്‍ മാനക്കേടായി മാറിയ ഈ ഊരുതെണ്ടലിനെ സഹോദരനെ ഇളയരാജയ്ക്കു തന്നെ വിലക്കേണ്ടിവന്നു. അന്ന് എസ്.പി.ബിയാണ് പല സിനിമാ പ്രവര്‍ത്തകരെയും രാജയ്ക്കും സഹോദരങ്ങള്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എസ്.പി.ബി വഴിയാണ് അവര്‍ സംവിധായകന്‍ സെല്‍വരാജുമായി പരിചയത്തിലാകുന്നതും അന്നക്കിളിയിലൂടെ അരങ്ങേറ്റത്തിന് അരങ്ങൊരുങ്ങുന്നതും. കൈയില്‍ കാശില്ലാതെ മൈലാപുരില്‍ നിന്ന് പാംഗ്രൂവ് ഹോട്ടിലിലേയ്ക്ക് നടന്നു പോയ കഥ ഇളയരാജ തന്നെ മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, തന്റെ കന്നി ചിത്രത്തില്‍ എസ്.പിക്ക് ഒരു അവസരം നല്‍കാന്‍ ഇളയരാജയ്ക്കായില്ല. ആകെയുള്ള അഞ്ച് ഗാനങ്ങളില്‍ നാലും പാടിയത് ജാനകിയും സുശീലയും. അന്നക്കിളി ഉന്നൈയുടെ സങ്കടംകലര്‍ന്ന മെയില്‍ വേര്‍ഷനായിരുന്നു രാജ കൂട്ടുകാരനുവേണ്ടി മാറ്റിവച്ചിരുന്നത്. റെക്കോഡിങ്ങിന്റെ തലേദിവസം രാജ ബാലുവിനെ വിളിച്ച് പറഞ്ഞത് ഒരൊറ്റ കാര്യം മാത്രം. 'ശ്രദ്ധിക്കണം. നാളെയാണ് റെക്കോഡിങ്. തൊണ്ടയൊന്നും കേടാക്കരുത്.' പക്ഷേ, വിധിയുടെ വികൃതിയായാവാം. കടുത്ത ചുമ കാരണം പിറ്റേന്ന് എസ്.പിക്ക് റെക്കോഡിങ്ങിന് എത്താനായില്ല. കാലത്ത് റെക്കോഡിങ് സ്റ്റുഡിയോയിലെത്തിയ രാജയ്ക്ക് കലി  അടക്കാനായിരുന്നില്ല. ഒടുവില്‍ അന്നക്കിളിയുടെ മെയില്‍ വേര്‍ഷനുവേണ്ടി ടി.എം. സൗന്ദര്‍രാജനെ ആശ്രയിക്കുകയായിരുന്നു രാജ. പില്‍ക്കാലത്ത് തരംഗമായി മാറിയ ഇളയരാജയുടെ മുദ്ര പതിഞ്ഞ അന്നക്കിളി ഉന്നൈ വന്‍ ഹിറ്റായി. സൗന്ദര്‍രാജന്റെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നുമായി.

അന്നക്കിളിയോടെ തന്നെ കെ.വി.മഹാദേവനും എം.എസ്.വി.യുമെല്ലാം അടക്കി ഭരിച്ചുകൊണ്ടിരുന്ന തമിഴ് സംഗീതലോകത്ത് ഇളയരാജയും ഇരിപ്പിടം ഉറപ്പിച്ചു. എന്നാല്‍, അന്നക്കിളിക്കുശേഷം പാലൂട്ടി വാര്‍ത്ത കിളിയും ഇറങ്ങിയിട്ടും ഇളയരാജയുടെ ഈണത്തില്‍ പാടാന്‍ എസ്.പി. ഉണ്ടായില്ല. സൗന്ദര്‍രാജനായിരുന്നു ഇക്കുറിയും ഇളയരാജയുടെ ഗായകന്‍.

ഒരിക്കല്‍ ഒരു ചടങ്ങിനിടെ കണ്ടപ്പോള്‍ എസ്.പി ഒരൊറ്റ ചോദ്യമാണ് രാജയോട്. 'യേന്‍ ഡാ ഡേയ്... നാന്‍ എല്ലാം ഉനക്ക് പാടക്കാര തെരിയാതാ...'  (എന്നെയൊന്നും നീ പാട്ടുകാരനായി അംഗീകരിച്ചിട്ടില്ലെ). ഒരു ചിരിയായിരുന്നു രാജയുടെ ആദ്യ പ്രതികരണം. പിന്നെ പുറത്തുതട്ടി പറഞ്ഞു. 'നിന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലെ ആരോഗ്യം കാക്കണമെന്ന്. എന്തായാലും നീ നാളെ വാ... നമുക്കൊരു പാട്ടു ചെയ്യാം.'

ഇക്കുറി ബാലു വാക്കു പാലിച്ചു. ഒച്ചയടപ്പോ ജലദോഷമോ ഒന്നും കൂടാതെ തന്നെ കാലത്ത് സ്റ്റുഡിയോയിലെത്തി. അപ്പൊഴേയ്ക്കും ചങ്ങാതിക്കുവേണ്ടി പത്തരമാറ്റുള്ളൊരു പാട്ട് തയ്യാറാക്കിവച്ചിരുന്നു രാജ. 

'ഒരുനാള്‍ ഉന്നോടു ഒരുനാള്‍....' ഉരുവാടും നെഞ്ചത്തില്‍ ജാനകിക്കൊപ്പമുള്ളൊരു സുന്ദരമായൊരു മെലഡി. കൂട്ടുകാരുടെ ഹൃദയബന്ധത്തിന്റെ രസതന്ത്രം തെളിഞ്ഞുതന്നെയുണ്ട് ആ പാട്ടില്‍. പിന്നെ എസ്.പി. മുത്തുരാമന്റെ 'ഭുവന ഒരു കേള്‍വിക്കുര്‍'. അതിലെ രണ്ട് ഗാനങ്ങള്‍ എസ്.പി പാടി ഹിറ്റാക്കി. 'വിഴിയിലെ' എന്ന സോളോയും 'രാജ എന്‍ബാര്‍' എന്ന യുഗ്മഗാനം ജാനകിക്കൊപ്പവും.

തമിഴില്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച ഭാരതിരാജയുടെ പതിനാറു വയതിനിലെ ആട്ടുകുട്ടി മുട്ടയിട്ടു, സെവന്തിപ്പൂ എന്നീ രണ്ട് പില്‍ക്കാല ഹിറ്റുകള്‍ രാജ എസ്.പിക്കുവേണ്ടി മാറ്റിവച്ചതായിരുന്നു. എന്നാല്‍, ഇതിനും എസ്.പിക്ക് എത്താനായില്ല. മലേഷ്യയില്‍ ജനിച്ചുവളര്‍ന്ന ഒറ്റപ്പാലത്തുകാരന്‍ മലേഷ്യ വാസുദേവനെയാണ് ഒടുവില്‍ രാജ ആശ്രയിച്ചത്. രണ്ടേ രണ്ട് ഗാനങ്ങളോടെ മലേഷ്യ വാസുദേവന്‍ തമിഴകത്തിന്റെ ഹൃദയത്തില്‍ ചേക്കേറിയത് പില്‍ക്കാല ചരിത്രം.

പക്ഷേ, വൈകാതെ രാജയും എസ്.പിയും വീണ്ടും കൈകോര്‍ത്തു. രാജയുടെ ഈണങ്ങളില്‍ നിന്ന് മെല്ലെ സൗന്ദര്‍രാജനും മലേഷ്യ വാസുദേവനുമെല്ലാം എസ്.പി.ബിക്ക് വഴിമാറിക്കൊടുത്തുതുടങ്ങി. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല അഞ്ചു പതിറ്റാണ്ട് കാലം ഈ കൂട്ടുകെട്ടിന്. ചിരിപ്പിച്ചും കരയിച്ചും പ്രണയമുണര്‍ത്തിയും തെന്നിന്ത്യ അവര്‍ അടക്കിവാണു. തമിഴകത്ത് എസ്.പി.യും ഇളയരാജയും ജാനകിയും മാത്രം നിറഞ്ഞുനിന്ന കാലം. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ എസ്.പി പറഞ്ഞു: ഇളയരാജ എനിക്കുവേണ്ടി ജനിച്ചയാളാണ്. ഞാന്‍ ഇളയരാജയ്ക്കുവേണ്ടിയും. അക്ഷരംപ്രതി ശരിയാണിതെന്ന് പിന്നീടുള്ള ഓരോ നിത്യഹരിത ഗാനവും തമിഴകത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. കഥയുടെ മേനിയും സംവിധാന മികവുമെല്ലാം മാസ്മരിക മെലഡിക്ക് വഴിമാറിക്കൊടുക്കുന്ന അത്യപൂര്‍വകാഴ്ചയ്ക്ക് തമിഴകം സാക്ഷ്യംവഹിച്ചുകൊണ്ടിരുന്നു. പാട്ടുകള്‍ക്കുവേണ്ടി മാത്രം ജനങ്ങള്‍ വീണ്ടും വീണ്ടും കൊട്ടകകളിലേയ്ക്ക് ഇടിച്ചുകയറുന്ന കാഴ്ച. തമിഴകത്തിനെന്നല്ല, ഇന്ത്യന്‍ സിനിമയ്ക്കുതന്നെ ഈ അഞ്ച് പതിറ്റാണ്ടൊരു പാഠഭേദമാണ്. ഈ കൂട്ടുകെട്ടിന് ശ്രുതിഭംഗം അപവാദമായിരുന്നില്ല. മലേഷ്യ വാസുദേവന്‍ മാത്രമല്ല, മനോയെ പോലുള്ളവരുടെ ഉദയത്തിനും അതൊരു കാരണവുമായി. 'ഇളയരാജയെ ഡായ് എന്നു വിളിക്കാന്‍ അവകാശമുള്ള ഒരാളെയുള്ളൂ. അത് ഞാനാണ്...' ഇളയരാജയെ സാക്ഷിനിര്‍ത്തി ഒരിക്കല്‍ ഒരു വേദിയില്‍ എസ്.പി.ബിക്ക് പറഞ്ഞിരുന്നു. ചെറിയ പിണക്കങ്ങള്‍ക്കൊന്നും വലിയ ആയുസ്സുണ്ടായില്ല. വലിയ വലിയ ഹിറ്റുകള്‍ കൊണ്ട് തന്നെ അവയൊക്കെ ഇണക്കങ്ങളാക്കി മാറ്റി രാജയും ബാലുവും.

എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം റോയല്‍റ്റി വിഷയത്തില്‍ ഇളയരാജ ഏല്‍പിച്ച മുറിവുണങ്ങാന്‍ എസ്.പി.ക്ക് കാലമേറെ വേണ്ടിവന്നു. ഈ തര്‍ക്കത്തില്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍ പോലും എസ്.പി.ക്ക് ഒപ്പമാണ് നിന്നത്. ശുദ്ധ വിഡ്ഡിത്തം എന്നാണ് അമരന്‍ സഹോദരന്റെ നടപടിയെ വിശേഷിപ്പിച്ചത്. എസ്.പിയില്‍ നിന്നായിരുന്നില്ല, സംഘാടകരില്‍ നിന്നായിരുന്നു ഇളയരാജ റോയല്‍റ്റി ചോദിക്കേണ്ടിയിരുന്നത് എന്നായിരുന്നു ഗായകന്‍ ശ്രീനിവാസ് തുറന്നുപറഞ്ഞത്. പ്രമുഖര്‍ പലരും പക്ഷം ചേര്‍ന്ന് ചേരിതിരിഞ്ഞ് വാക്‌പോര്‍ നടത്തി. നിത്യഹരിത ഗാനങ്ങള്‍ നെഞ്ചേറ്റി മൂളിക്കൊണ്ടിരുന്ന ആരാധകര്‍ മാത്രം സങ്കടം ഉള്ളിലൊതിക്കിക്കഴിഞ്ഞു. പാട്ടും താളവും വഴിപിരിയും പോലെ അവിശ്വസനീയമായിരുന്നു അവര്‍ക്ക് ഈ താളപ്പിഴയുടെ കാലം.

spb and ilayaraja
  എസ്.പി.ബിയും ഇളയരാജയും പിണക്കം മാറി കണ്ടുമുട്ടിയപ്പോൾ. Photo Courtesy: twitter.com/Ilayaraja

ഏതാണ്ട് രണ്ട് വര്‍ഷമെടുത്തു ഇരുവരും തമ്മിലുള്ള മഞ്ഞുരുകാന്‍. കഴിഞ്ഞ വര്‍ഷം ഇളയരാജയുടെ എഴുപത്തിയാറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്നൊരു സംഗീതകച്ചേരിയായിരുന്നു വേദി. ഇസൈ സെലിബ്രേറ്റ്‌സ് ഇസൈ എന്ന പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെന്നൈയിലെ ഒരു സ്റ്റുഡിയോയിലെത്തി ഇളയരാജയെ ചെന്നു കാണുകയായിരുന്നു എസ്.പി.ബി. അകത്തേയ്ക്ക് കയറിയ ഉടനെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ബാലുവിനും രാജയ്ക്കും. ഒരൊറ്റ ആലിംഗനത്തില്‍ ഉരുകിയൊലിച്ചു പരിഭവങ്ങളും പിണക്കവുമെല്ലാം. പാട്ടിന് ഉണക്കാനാവാത്ത മുറിവുകളുണ്ടോ? ഈ പരിപാടിയില്‍ വച്ചാണ് ദളപതിക്കുശേഷം ഇളയരാജയും എസ്.പി.ബിയും യേശുദാസും ചിത്രയും വീണ്ടും ഒന്നിച്ചത്. പിന്നീട് വിജയ് ആന്റണിയുടെ തമിഴരശനുവേണ്ടി രാജയുടെ ഈണത്തില്‍ എസ്.പി.ബി പാടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒത്തുചേരലായിരുന്നു 'നീതാന്‍ എന്‍ കനവ്' എന്ന ടിപ്പിക്കല്‍ ഇളയരാജ ശൈലിയിലുള്ള ശോകഗാനം. എസ്.പി.ബിയുടെ ആലാപനത്തിലെ ഭാവചാതുരി പരമാവധി ഉപയോഗപ്പെടുത്തിയ ഗാനം. ചിത്രത്തില്‍ യേശുദാസും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

പിന്നീട് ഈ വര്‍ഷം മെയിലാണ് വീണ്ടും എസ്.പി.ബി രാജയുടെ സംഗീതത്തിന് സ്വരം നല്‍കുന്നത്. കോവിഡ് യോദ്ധാക്കള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഇളയരാജ തയ്യാറാക്കിയ ഭാരത്ഭൂമി എന്ന ബഹുഭാഷാ ആല്‍ബത്തിനുവേണ്ടി. ഇതിന്റെ തമിഴ് പതിപ്പിനുവേണ്ടിയാണ് എസ്.പി.ബി പാടിയത്. എന്നാല്‍, ശ്രദ്ധേയമായ ആല്‍ബം പുറത്തിറങ്ങി വലിയ ഹിറ്റായതിന് തൊട്ടു പിറകെ തന്നെ എസ്.പി.ബിയെയും കോവിഡ് വലയിലാക്കി. പാട്ട്‌കേട്ട് കോരിത്തരിച്ച ചെന്നൈ എം.ജി. എം. ഹെല്‍ത്ത് കെയറിലെ കോവിഡ് പോരാളികള്‍ക്ക് പക്ഷേ, പാട്ടുകാരനെ രക്ഷിക്കാന്‍ മാത്രമായില്ല. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ് ഒടുവില്‍ കോവിഡ് നെഗറ്റീവായെങ്കിലും അതിന് ആയുസ്സ് ഏറെയുണ്ടായില്ല. പാടി അനശ്വരമാക്കിയ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ബാക്കിവച്ച് പാതി മുറിഞ്ഞൊരു പാട്ടുപോലെ എസ്.പി.ബി യാത്രയായി.

.... ഞാന്‍ നിന്നോട് പറഞ്ഞില്ലെ, തിരിച്ചുവരാന്‍. നിനക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നില്ലേ. പക്ഷേ, നീ കേട്ടില്ല. നീ പോയി. എവിടെയാണ് പോയത്. ഗന്ധര്‍വന്മാരുടെ അടുത്ത് പാടാനോ? ഇവിടമാകെ ശൂന്യമായിരിക്കുകയാണ്. എനിക്ക് പറയാന്‍ വാക്കുകളില്ല. എന്താണ് പറയേണ്ടതെന്ന് അറിയില്ല. എല്ലാ ദു:ഖത്തിനു ഒരു പരിധിയുണ്ട്. ഇതിന് പരിധിയില്ല.' ദു:ഖമടക്കാന്‍, മൗനം ഭഞ്ജിക്കാന്‍ പാടുപെട്ട് ഇളയരാജ പറഞ്ഞൊപ്പിച്ചു. ഇരുവരും ചേര്‍ന്ന് എത്രയെത്ര ഡബ്ബാങ്കൂത്തുകള്‍... എത്രയെത്ര പ്രണയഗാനങ്ങള്‍... എത്രയെത്ര ശോകഗാനങ്ങള്‍.... പക്ഷേ, എല്ലാം ഇളയരാജയുടെ തൊണ്ടയില്‍ കുടുങ്ങിപ്പോയ ആ മൗനത്തിന്റെ ഒറ്റപ്രളയത്തില്‍ മുങ്ങിപ്പോയി. ഇതിലും വേദനാജനകമായ മറ്റെന്ത് ശോകഗാനമാണ് ഇനിയാ ഈണത്തില്‍ പിറക്കാനുള്ളത്.? ഇനിയെന്തു പാടിയാണ് ബാലുവിന് നമ്മളെ കരയിക്കാനാവുന്നത്?

Content Highlights: SPB SPBalasubrahmanyam Ilayaraja Tamil Movie Music SPB Hit Songs Royalty