ചെന്നൈ:  അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. സാധാരണക്കാരെ മാത്രമല്ല, ആരെയും ആരാധകരാക്കുന്ന സ്വരമാധുരിയായിരുന്നു  എസ്.പി.ബിയുടെതെന്ന് അനുശോചന സന്ദേശങ്ങള്‍ പറയുന്നു. 

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്‍ഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു എസ്.പി.ബി.  അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ വിസ്മയിപ്പിച്ചു. ദുഖപൂര്‍ണമായ ഈ നിമിഷങ്ങളില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണ്. ഓം ശാന്തി.  പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. 

 ആദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും സംഗീത ലോകത്ത് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാകാത്തതാണെന്നുമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.

ഇതിഹാസ സംഗീതജ്ഞനും പിന്നണി ഗായകനുമായ പദ്മ ഭൂഷണ്‍, എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചതില്‍ അഗാധമായ ദുഃഖമുണ്ട്.  അദ്ദേഹത്തിന്റെ സ്വരമാധുരിയും സമാനകളില്ലാത്ത സംഗീത ആലാപനവും നമ്മുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കും. കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു ഓം ശാന്തി, ' എന്നാണ് എസ്.പി.ബിയെ അനുസ്മരിച്ചുകൊണ്ട് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചത്. 

സംഗീത ലോകത്തെ ഇതിഹാസമായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ അതിയായി ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും  ആരാധകരെയും അനുശോചനം അറിയിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. 

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.  ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബിയെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. 

മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.

ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.  കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു

Content Highlight: SPB No More india pour condolences