എസ്.പി. ബാലസുബ്രമണ്യം എന്ന പ്രതിഭയെ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. എങ്കിലും ആ പാട്ടുകളിലൂടെ അദ്ദേഹമെനിക്ക് ആരൊക്കെയോ ആയിരുന്നു. തൊട്ടടുത്തുനിൽക്കുന്ന ഒരു സഹോദരനെപ്പോലെ, കൂട്ടുകാരനെപ്പോലെ. പാട്ടുകളിലൂടെ അദ്ദേഹം അങ്ങനെയൊരു സൗഹൃദം ഓരോ ആസ്വാദകനുമായും സൃഷ്ടിച്ചെടുത്തിരുന്നു.

ഗായകനായ എസ്.പി.ബി.യെ ഓർക്കുമ്പോൾ മൂന്നു കാര്യങ്ങളാണ് മനസ്സിലേക്കു വരുന്നത്. ഒന്ന്, ഭാഷയോടും അതിന്റെ സാഹിത്യത്തോടും കൃത്യമായി കൂറു പുലർത്തിക്കൊണ്ടുള്ള ആലാപനശൈലി. രണ്ട്, സ്‌ട്രെയിറ്റ് സിങ്ങിങ്ങിലും ഭാവാലാപനത്തിലും ഒരുപോലെ തിളങ്ങാനുള്ള കഴിവ്. ശങ്കരാഭരണം സിനിമയെ ഉദാഹരണമായെടുത്താൽ  ‘ഓംകാര നാദാനു സന്താനം..’, ‘ശങ്കരാ...’ എന്നീ രണ്ട് ഹിറ്റു പാട്ടുകൾ. ഓംകാര നാദാനു സന്താനം സ്‌ട്രെയിറ്റ് സിങ്ങിങ്ങാണ്. അതിൽ ഭാവങ്ങൾക്ക് അധികം പ്രാധാന്യം വരുന്നില്ല. എന്നാൽ ശങ്കരാ നേർവിപരീതമാണ്. ആ വരികളുടെ, സാഹചര്യത്തിന്റെ മുഴുവൻ വൈകാരികതയും ഭാവവും തന്റെ ശബ്ദത്തിലും അതിന്റെ മോഡുലേഷനിലും ശബ്ദ സന്തുലനത്തിലും പ്രതിഫലിപ്പിച്ചാണ് എസ്.പി.ബി. അത് നമുക്കു നൽകിയത്.  

മൂന്ന്, അദ്ദേഹത്തിന്റെ അവതരണശൈലി. മെലഡിയായാലും തട്ടുപൊളിപ്പൻ പാട്ടുകളായാലും അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിലാകും അദ്ദേഹം അവതരിപ്പിക്കുക. അഞ്ജലീ... അഞ്ജലീ.., കാതൽ റോജവേ പോലെയുള്ള തേൻ തുളുമ്പുന്ന പാട്ടുകളായാലും ‘പ്രേമികാ നെ പ്യാർ സെ’ പോലുള്ള ഫാസ്റ്റ് നമ്പറുകളായാലും. തട്ടുപൊളിപ്പൻ പാട്ടുകളിൽ അതിന്റെ മുഴുവൻ ആഹ്ലാദവും നൃത്തവുമെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിലുണ്ടാകും.

Content Highlights:  SP Balasubrahmanyam Sreevalsan J. Menon