ക്ഷക്കണക്കിന് വരുന്ന ആരാധക-സം​ഗീതാസ്വാദക വൃന്ദത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയാണ് ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയത്. നടൻ, സംഗീത സംവിധായകൻ എന്നിവയ്ക്ക് പുറമേ മികച്ചൊരു ഡബ്ബിങ്ങ് ആർടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.

പല താരങ്ങൾക്കും അവരുടെ ചിത്രങ്ങൾ തെലുങ്കിൽ മൊഴിമാറ്റം നടത്തുമ്പോൾ ഡബ്ബ് ചെയ്യുന്നതും അദ്ദേഹമായിരുന്നു. കെ. ബാലചന്ദറിന്റെ മൻമഥലീല എന്ന ചിത്രത്തിനു വേണ്ടി കമലഹാസന് ശബ്ദം നൽകിയാണ് ബാലസുബ്രഹ്മണ്യം ഡബ്ബിങ് രംഗത്ത് എത്തുന്നത്.

തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽഹാസന്റെ സ്ഥിരം ഡബ്ബിങ്​ ആർട്ടിസ്​റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.കമൽ പത്ത് വേഷങ്ങളിലെത്തിയ ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി, ഒരു സ്ത്രീ കഥാപാത്രമടക്കം ഏഴ് കഥാപാത്രങ്ങൾക്കാണ്​ എസ്​.പി. ബാലസുബ്രഹ്​മണ്യം ശബ്​ദം നൽകിയത്​.

ഈ കഥാപാത്രങ്ങളുടെ സ്പോട്ട് ഡബ് ചെയ്യുന്ന എസ്പിബിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഒരു തെലുങ്ക് ടെലിവിഷൻ ചാനൽ പരിപാടിയിലാണ് മിമിക്രി കൊണ്ട് അദ്ദേഹം മായാജാലം കാണിക്കുന്നത്.

കെ.ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, കാർത്തിക്, രഘുവരൻ എന്നീ നടൻമാർക്ക് അദ്ദേഹം വിവിധ ഭാഷകളിലായി ശബ്ദം നൽകിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ആന്ധ്ര പദേശ് സർക്കാരിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.

അന്നമയ്യ എന്ന ചിത്ത്രതിൽ ഭഗവാൻ ബാലാജിയായി വേഷമിട്ട സുമന് ശബ്ദം നൽകിയതിനായിരുന്നു പുരസ്കാരം. സ്ളം ഡോഗ് മില്യനയർ എന്ന ചിത്രത്തിനു വേണ്ടിയാണ് അനിൽ കപൂറിന് ശബ്ദം നൽകിയത്. ഗാന്ധി സിനിമയുടെ തെലുങ്ക് മൊഴിമാറ്റത്തിൽ ബെൻ കിംഗ്സിലി സംസാരിച്ചതും എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയായിരുന്നു.

Content Highlights: Sp Balasubrahmanyam Spot dub for seven characters in Dasavatharam Movie Kamal Hassan