ചെന്നൈ : ചാറ്റൽമഴയുടെ അകമ്പടിയോടെ നുങ്കമ്പാക്കം കാമദർ നഗറിലെ വീട്ടിലേക്ക് എസ്.പി.ബി.യുടെ മൃതദേഹം എത്തിച്ചപ്പോൾ സംഗീതപ്രേമികളുടെ മനസ്സിൽ വേദന പെരുമഴയായി തീർന്നിരുന്നു. ‘ ‘ ബാലു... കാണാൻ ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞിട്ടും നീ കേട്ടില്ല. എവിടേക്കാണ് നീ പോയത്. ഗന്ധർവൻമാർക്കൊപ്പം പാട്ടുപാടാൻ പോയോ...’ ’ -സംഗീതസംവിധായകൻ ഇളയരാജയുടെ വാക്കുകൾ വേദനയിൽ കുതിർന്നു.

ഇളയരാജ അടക്കം തമിഴ് സിനിമാലോകം എസ്.പി.ബി.യുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരുന്നതാണ്. എല്ലാവരെയും നിരാശരാക്കി ജീവിതത്തിന്റെ ഈണം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം പുറംലോകമറിഞ്ഞത് എസ്.പി.ബി.യുടെ വാക്കുകളിൽനിന്നുതന്നെയായിരുന്നു. രോഗം സ്ഥിരീകരിച്ചുവെന്നും എന്നാൽ, ഭയപ്പെടാനൊന്നുമില്ലെന്നും പറയുന്ന വീഡിയോസന്ദേശം ഓഗസ്റ്റ് അഞ്ചിന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിശ്രമം വേണ്ടതിനാൽ ആരും ഫോണിൽ വിളിക്കേണ്ടെന്നും ഉടൻ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്രമേണ രോഗം അദ്ദേഹത്തിൽ പിടിമുറുക്കുകയായിരുന്നു.

ഓഗസ്റ്റ് 20-ന് ഇളയരാജ, സംവിധായകൻ ഭാരതിരാജ എന്നിവരുടെ നേതൃത്വത്തിൽ എസ്.പി.ബി.യുടെ രോഗമുക്തിക്കായി തമിഴ്നാട്ടിൽ കൂട്ടപ്രാർഥന നടത്തി. ഓൺലൈൻമുഖേന നടത്തിയ ചടങ്ങിൽ തമിഴ്നാട് സിനിമ-സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രാർഥനകൾക്കൊപ്പം എസ്.പി.ബി. പാടിയ പാട്ടുകൾ പാടി. എസ്.പി.ബി. തിരിച്ചുവരുമെന്ന് ആത്മവിശ്വാസത്തിലായിരുന്നു എല്ലാവരും. പിന്നീട്, ആശുപത്രിയിൽനിന്ന് പ്രതീക്ഷ നൽകുന്ന വാർത്തകളും എത്തി. കോവിഡ് മുക്തനായതോടെ പ്രതീക്ഷ വീണ്ടുമുയർന്നു. പാട്ട് മൂളിത്തുടങ്ങിയെന്ന വാർത്തയും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ഫിസിയോതെറാപ്പി തുടങ്ങിയതോടെ പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് ഡോക്ടർമാരടക്കം വിശ്വസിച്ചു. എന്നാൽ, പെട്ടെന്നാണ് സ്ഥിതിമാറിയത്. വ്യാഴാഴ്ച വൈകീട്ടോടെ നില ആശങ്കാജനകമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ എത്തി. ഇതോടെ സിനിമാലോകം വീണ്ടും പ്രാർഥനയിലായി. ബോളിവുഡ് നടൻ സൽമാൻഖാൻ എസ്.പി.ബി.യുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് ‘ ട്വിറ്ററി’ ൽ കുറിച്ചു. പക്ഷേ, കാത്തിരിപ്പ് ഏറെ നീട്ടാതെ, ഇളയരാജ പറഞ്ഞതുപോലെ ലോകം പെട്ടെന്ന് ശൂന്യമായെന്ന് തോന്നിപ്പിച്ച് എസ്.പി.ബി. മടങ്ങി.

Content Highlights : SP Balasubrahmanyam Passess away last rites