ദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്.പി.ബിയെ ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്. എന്നാല്‍ ശങ്കരാഭരണത്തിന് മുന്‍പ് തന്നെ എസ്.പി. മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ചുതുടങ്ങിയിരുന്നു.

എസ്.പി.ബി ആദ്യമായി മലയാളത്തിലേക്കെത്തുന്നത് ജി.ദേവരാജന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു. 1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന അതിമനോഹരമായ മെലഡി പാടിക്കൊണ്ട് എസ്.പി.ബാലസുബ്രമണ്യം മലയാളത്തില്‍ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ചു.

പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ സ്വരവീചികള്‍ മലയാളികളുടെ ഹൃദയങ്ങളിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു. എ.ആര്‍.റഹ്മാന്റെ അച്ഛനായ ആര്‍.കെ ശേഖറിന്റെ നീല സാഗര തീരം എന്ന ഗാനം എന്ന തന്റെ രണ്ടാം ഗാനത്തിലൂടെ എസ്.പി.ബി മലയാളത്തില്‍ സ്ഥാനമുറപ്പിച്ചു. പിന്നീട് 1973-ല്‍ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തില്‍ കെ രാഘവന്‍ മാഷിനുവേണ്ടിയും പാടി.

പിന്നീട് മറ്റു ഭാഷകളുടെ തിരക്കുകളിലേക്ക് കടന്ന ഇദ്ദേഹം നാലുവര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ചിലങ്ക എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം 1977-ല്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് പിറന്നത് പുതുചരിത്രം.

തമിഴിലെന്നപോലെ മലയാളത്തിലും എസ്.പി.ബി എന്ന ബ്രാന്‍ഡ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഒരാള്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ കര്‍ണാടകസംഗീതത്തില്‍ ലയിച്ചു നില്‍ക്കുന്ന ഗാനങ്ങള്‍ രാഗഭാവത്തോടെ ഒരു കര്‍ണാടക സംഗീതജ്ഞന്‍ പാടുന്ന ലാഘവത്തോടെ പാടിയപ്പോള്‍ കേരളക്കരയാകെ അദ്ഭുതപ്പെട്ടു.

1980-കളിലും 90 കളിലും എസ് പി ബിയുടെ വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ മലയാളത്തില്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. അധികവും ക്ലാസിക്കല്‍ അല്ലെങ്കില്‍ ഫാസ്റ്റ് നമ്പര്‍ പാട്ടുകളാണ് എസ്.പി.ബിയ്ക്ക് മലയാളത്തില്‍ അധികവും ലഭിച്ചത്. റാംജി റാവു സ്പീക്കിങ്ങിലെ കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, ഡാര്‍ലിങ് ഡാര്‍ലിങ്ങിലെ ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി മൂസയിലെ മേനെ പ്യാര്‍ കിയാ തുടങ്ങിയ ചടുല താളങ്ങളിലുള്ള പാട്ടുകള്‍ എസ്.പി.ബിയുടെ ഫാസ്റ്റ് നമ്പര്‍ പാട്ടുകളിലുള്ള കൈയ്യടക്കം തെളിയിച്ചു.

അടിപൊളിപ്പാട്ടുകള്‍ മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് അദ്ദേഹം പലകുറി മലയാള സിനിമയ്ക്ക് കാണിച്ചുകൊടുത്തു. കരളലിയിപ്പിക്കുന്ന ഭാവത്തില്‍ പ്രണയം തുടിക്കുന്ന സംഗീതത്തില്‍  നിരവധി മെലഡികളെയും മലയാളികള്‍ക്ക് വേണ്ടി അദ്ദേഹം പടച്ചുവിട്ടു. എസ്.പി.ബി പാടിയ ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ, അനശ്വരത്തിലെ താരാപഥം ചേതോഹരം തുടങ്ങിയ ഗാനങ്ങള്‍ മലയാളിയ്ക്ക് ഒരുകാലത്തും മറക്കാനാകില്ല.

എസ്.പി.ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തില്‍ പാടിയത് 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ അദ്ദേഹത്തോടൊപ്പം പാടിയത് ഗാനഗന്ധര്‍വന്‍ യേശുദാസായിരുന്നു. ഇരുവരും പാട്ടുരംഗത്ത് മത്സരിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷേ മലയാളികളില്‍ പലരും ബിഗ് സ്‌ക്രീനില്‍ അദ്ദേഹത്തെ അവസാനമായി കണ്ടതും ഈ ഗാനത്തിലൂടെ തന്നെയാകണം.

Content Highlights:  S.P. Balasubrahmanyam, Malayalam Movie Song, Devarajan