തൃശ്ശൂർ : കഴിഞ്ഞ നവംബർ 17 -തൃശ്ശൂരിൽ എസ്.പി.ബി. പങ്കെടുത്ത ഒരു സംഗീതസായാഹ്നം. പാടാൻ കൂട്ട് തേടിയപ്പോള്‍ ഗായിക മനീഷയെത്തി. മുമ്പ് വിദേശത്തുവെച്ച് അഭിമുഖം നടത്തിയ കാര്യം അവർ ഓർമിപ്പിച്ചപ്പോൾ ഉടൻ വന്നു, മറുപടി: ‘ഞാൻ അതേ ആളുതന്നെ, തടികൂടി പക്ഷേ തലക്കനം മാത്രം കൂടിയില്ല’. കൂടെ കോറസ് പാടാനെത്തിയ പാർഥനെ ചേർത്തുപിടിച്ചും മൈക്ക് പിടിച്ചുകൊടുത്തും പ്രോത്സാഹിപ്പിച്ചു. പാട്ടിനൊപ്പം അഭിനയവും കൂടിയായപ്പോൾ സന്തോഷംകൊണ്ട് മനീഷയും പാർഥനും കരഞ്ഞു. ‘മലരേ മൗനമായ്’ എന്ന പാട്ടാണ് പാടിയത്. പാട്ട് കഴിഞ്ഞ് ഇരുവരും കാലിൽ തൊട്ട് വന്ദിച്ചപ്പോൾ അത് വിലക്കി. സാമൂഹികമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചു, ആ ചിത്രം.

‘‘സംഗീതം പഠിച്ചിട്ടില്ല എന്നതാണ് എന്റെ അയോഗ്യത. സംഗീതസംവിധായകർ പറയുന്നതുപോലെ ചെയ്യും. സംഗീതത്തിൽ ബഹുമുഖപ്രതിഭയല്ല. എനിക്ക് എന്ത് അറിയില്ലെന്ന് എനിക്കറിയാം. അതാണ് യോഗ്യത.

ഞാൻ 60,000 പാട്ട് പാടിയെന്നാണ് ഇവിടെയും ചിലർ പറയുന്നത്. അത്രയൊന്നുമില്ല. അത്ര പാട്ട് പാടാൻ ആർക്കുമാകുമെന്ന് തോന്നുന്നില്ല. പരമാവധി ഞാൻ പാടിയത് 36,000 അല്ലെങ്കിൽ 37,000. എത്ര പാടി എന്നതിലല്ല കാര്യം. എങ്ങനെ പാടി എന്നതിലാണ്. പാട്ടും സംഗീതവുമുണ്ടായാലേ പാട്ടുകാരന് സ്ഥാനമുള്ളൂ.’’ -അദ്ദേഹം പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് അടുത്ത പാട്ട് പാടാൻ തുടങ്ങിയപ്പോൾ എസ്.പി.ബി.യുടെ സെക്രട്ടറിയെ കാണാതായി. മൈക്കിലൂടെ വിളിച്ചിട്ടും എത്താതായപ്പോൾ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ എന്ന് തമാശയായി ചോദിച്ചു. ഏറെ വൈകാതെ സെക്രട്ടറി എത്തിയപ്പോൾ, പ്രകൃതിയുടെ വിളികേട്ട് പോയതായിരിക്കുമെന്ന് തമാശയായി പറഞ്ഞു. ചെക്ക് കിട്ടിയെന്നു കരുതി പാടാതെ പോകാൻ പറ്റുമോ എന്നും ചോദിച്ച് ‘ശങ്കരാഭരണം’ സിനിമയിലെ ‘ശങ്കരാ...’ എന്ന പാട്ടുകൂടി പാടിയാണ് വേദി വിട്ടത്.അവസാനത്തെ പരിപാടിയിൽ തൃശ്ശൂരിന്റെ ഹൃദയം കവർന്നാണ് എസ്.പി.ബി. മടങ്ങിയത്‌.

Content Highlight: Singer Maneesha share her experience With SPB