SPB
 എസ്.പി. ബാലസുബ്രഹ്മണ്യം | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി

തിനാറ് ഇന്ത്യന്‍ ഭാഷകളിലായി 40000-ത്തിലധികം പാട്ടുകള്‍ പാടിയ എസ്.പി.ബി. തിരശ്ശീലയിലെ താരങ്ങള്‍ക്കനുസരിച്ച് പാടുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഗായകനായിരുന്നു. കമലഹാസനും രജനികാന്തിനെയും പോലുള്ള നായകര്‍ക്ക് മാത്രമല്ല ജനകരാജ് പോലുള്ള ഹാസ്യതാരങ്ങള്‍ക്കു വേണ്ടി പാടുമ്പോഴും അവരുടെ ശബ്ദത്തോട് യോജിച്ച് പാടുന്ന രീതി. 

രജനികാന്തിന്റെ 95 ശതമാനം ചിത്രങ്ങളിലും അദ്ദേഹത്തിന്റെ അവതരണഗാനം എസ്.പി.ബി. ആയിരുന്നു. പല താരങ്ങള്‍ക്കും അവരുടെ ചിത്രങ്ങള്‍ തെലുങ്കില്‍ മൊഴിമാറ്റം നടത്തുമ്പോള്‍ ഡബ്ബ് ചെയ്യുന്നതും അദ്ദേഹമായിരുന്നു.  കെ. ബാലചന്ദറിന്റെ മന്‍മഥലീല എന്ന ചിത്രത്തിനു വേണ്ടി കമലഹാസന് ശബ്ദം നല്‍കിയാണ് ബാലസുബ്രഹ്മണ്യം ഡബ്ബിങ് രംഗത്ത് എത്തുന്നത്.

കെ.ഭാഗ്യരാജ്, മോഹന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്‍, കാര്‍ത്തിക്, രഘുവരന്‍ എന്നീ നടന്‍മാര്‍ക്ക് ഇങ്ങിനെ ശബ്ദം നല്‍കിയിട്ടുണ്ട്. കമലഹാസന്റെ ദശാവതാരം തെലുങ്ക് പതിപ്പില്‍ പെണ്ണിന്റേതടക്കം വ്യത്യസ്ത മോഡുലേഷനില്‍ ഏഴു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള ആന്ധ്ര പദേശ് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 

അന്നമയ്യ എന്ന ചിത്ത്രതില്‍ ഭഗവാന്‍ ബാലാജിയായി വേഷമിട്ട സുമന് ശബ്ദം നല്‍കിയതിനായിരുന്നു പുരസ്‌കാരം. സ്‌ളം ഡോഗ്‌ മില്യനയര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ കപൂറിന് ശബ്ദം നല്‍കിയത്. ഗാന്ധി സിനിമയുടെ തെലുങ്ക് മൊഴിമാറ്റത്തില്‍ ബെന്‍ കിംഗ്‌സിലി സംസാരിച്ചതും എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയായിരുന്നു.

ഒരു പാട്ടുകാരനില്‍ ഒരു നടന്‍ ഉണ്ടാവും. വെള്ളിത്തിരയില്‍ പാട്ട് സീന്‍ വരും മുമ്പേ അതഭിനയിക്കുന്നത് ഗായകനാണ്. എസ്.പി. ബാലസുബ്രഹ്മണ്യം ഒരു മുഖാമുഖത്തില്‍ പറഞ്ഞതാണ്. തമിഴിലും തെലുങ്കിലും കന്നഡയിലുമായി 45 സിനിമകളില്‍ അഭിനയിച്ച് എസ്.പി.ബി ഇത് തെളിയിക്കുകയും ചെയ്തു. മണ്ണില്‍ ഇന്ത കാതല്‍ എന്ന പാട്ടില്‍ ശ്വാസം വിടാതെ പാടുന്ന സീന്‍ ഒരു കാലവും സിനിമാപ്രേമികള്‍ മറക്കില്ല. 40000 എന്നത് പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ആണെന്നതിന് പുറമെ, 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെയായി 17 പാട്ടുകള്‍ പാടിയതും റെക്കോര്‍ഡ് ആണ്.   

ആദ്യകാലത്ത് പാടാന്‍ വന്നപ്പോള്‍ തമിഴ് ഉച്ചാരണം ശരിയല്ല എന്നു പറഞ്ഞ് സംഗീത സംവിധായകര്‍ തിരിച്ചയച്ചിട്ടുണ്ട് അദ്ദേഹത്തെ. അവിടെനിന്നും സിനിമാ പോസ്റ്റര്‍ വായിച്ചും സുഹൃത്തുക്കളോട് കൂടിയുമാണ് തമിഴ് പഠിക്കുന്നത്. തുടര്‍ന്നാണ് ബഹുഭാഷകളിലേക്ക് പാട്ടുകളും നായകരുടെ ശബ്ദവുമൊക്കെയായി മാറിയതെന്ന് ആലോചിക്കുമ്പോള്‍ അദ്ദേഹം പറയും, വിജയത്തിന് കുറുക്ക് വഴികള്‍ ഇല്ല. കഠിനാധ്വാനം ഒന്നു മാത്രം.

Content Highlight: S. P. Balasubrahmanyam: singer, Actor, music director, dubbing artist