ബാലമുരളീകൃഷ്ണയെയും  യേശുദാസിനെയും പോലുള്ള സംഗീതസവ്യസാചികൾ  വിളിപ്പുറത്തുണ്ടായിട്ടും 'ശങ്കരാഭരണ'ത്തിലെ പാട്ടുകൾ  ശാസ്ത്രീയസംഗീതവിശാരദനല്ലാത്ത എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ടു പാടിക്കാൻ  തീരുമാനിച്ചതെന്തുകൊണ്ട്? നാലുപതിറ്റാണ്ടുകളായി ശങ്കരാഭരണത്തിന്റെ ശില്പി  ഉത്തരം പറഞ്ഞു മടുത്ത ചോദ്യമാവണം അത്. എന്നിട്ടും  പരിഭവലേശമെന്യേ ഹൃദയം തുറന്നു ചിരിച്ചു  സംവിധായകൻ കെ. വിശ്വനാഥ്: ''നിങ്ങളുടെ  ചോദ്യത്തിനുള്ള  ഉത്തരം ബാലു  പാടിയ പാട്ടുകളിൽ തന്നെയുണ്ട്. ഇത്രകാലം ആ പാട്ടുകൾ  കേട്ടിട്ടും അതു തിരിച്ചറിഞ്ഞില്ലെന്നോ? അദ്ഭുതം...''

ശങ്കരാഭരണം ഒരു ആശയമായി മനസ്സിൽ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ്‌.പി.ബി.യെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്. പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീതസംവിധായകൻ കെ.വി. മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകൻ ലോകം മുഴുവൻ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോൾ അദ്ദേഹത്തിനുവേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരൻ ആകരുതല്ലോ. എന്നാൽ, എസ്.പി.ബി. ഒരു സാധാരണ ഗായകൻ അല്ല എന്ന് മറ്റാരെക്കാളും അറിയാമായിരുന്നു വിശ്വനാഥിന്. ''പരിചയസമ്പന്നരായ ശാസ്ത്രീയ സംഗീത വിശാരദന്മാരിലൊന്നും കാണാത്ത ചില ഗുണവിശേഷങ്ങളുണ്ട് അയാൾക്ക്. നല്ലൊരു നടനാണ്. അതിലുപരി കഴിവുറ്റ മിമിക്രി ആർട്ടിസ്റ്റും. ആരുടെയും ശബ്ദവും ഭാവങ്ങളും ചേഷ്ടകളും അതിഗംഭീരമായി അനുകരിക്കും ബാലു. ശിവാജി ഗണേശനെയും എം.ജി. ആറിനെയും ഒക്കെ ബാലു അനുകരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട് ഞാൻ. സംവിധായകൻ ഉദ്ദേശിക്കുന്ന ഏതു ഭാവവും ശൈലിയും ആലാപനത്തിൽ കൊണ്ടുവരാൻ ഉള്ളിലെ ഈ ശബ്ദാനുകരണവിദഗ്‌ധൻ അയാളെ സഹായിച്ചിട്ടുണ്ടാകം.'' 

-ശങ്കരാഭരണത്തിൽ പരമ്പരാഗത ശൈലിയിലുള്ള ശാസ്ത്രീയ സംഗീത കൃതികളല്ല ശങ്കരശാസ്ത്രികൾ പാടുന്നതെന്ന് ഓർമിപ്പിക്കുന്നു വിശ്വനാഥ്. ''ലളിതശാസ്ത്രീയ ഗാനങ്ങളാണ് അവ.  ചെറിയൊരു നാടകീയത ഇല്ലെങ്കിൽ അത്തരം പാട്ടുകൾ ജനകീയമാവില്ല. സിനിമയിലെ കഥാമുഹൂർത്തങ്ങളുടെ വൈകാരികഭാവവുമായി ചേർന്നുനിൽക്കുകയും വേണം അവ.  ആലാപനത്തിൽ ഈ  നാടകീയത ആവിഷ്‌കരിക്കാൻ എസ്.പി.ബി.യോളം കഴിവുള്ളവർ വേറെയില്ല എന്നാണ് എന്റെ വിശ്വാസം’’.

പുകഴേന്തിയുടെ ശിക്ഷണത്തിൽ

ശങ്കരാഭരണം നേടിത്തന്ന കീർത്തിമുദ്രകൾ ഒന്നടങ്കം  എസ്.പി. ബാലസുബ്രഹ്മണ്യം സമർപ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരംകാരനാണ്. ചാലയിൽ ജനിച്ചുവളർന്ന്  തമിഴകത്ത് വാദ്യവിന്ന്യാസ വിദഗ്ദനും മലയാളത്തിൽ സംഗീതസംവിധായകനായും പേരെടുത്ത വേലപ്പൻനായർ എന്ന അപ്പുവിന്. 'പുകഴേന്തി' എന്ന പേരിലാണ്  സിനിമാലോകത്ത്  അപ്പുവിനു ഖ്യാതി. കെ.വി.  മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാർഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കിൽ ശങ്കരാഭരണത്തിലെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിച്ചു എസ്.പി.ബി. ''ശങ്കരാഭരണത്തിൽ പാടാൻ ക്ഷണം ലഭിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാനാണ് ഞാൻ ശ്രമിച്ചത്. പിതാവിനെപ്പോലെ ഞാൻ ആദരിക്കുന്ന വിശ്വനാഥ് സാറിന്റെ പടമാണ്. ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് പടത്തിലെ പാട്ടുകളോട് നീതിപുലർത്താൻ കഴിയുമോ എന്ന കാര്യത്തിലേ സംശയം ഉണ്ടായിരുന്നുള്ളൂ. എനിക്കുപകരം മറ്റേതെങ്കിലും പാട്ടുകാരനെ തേടാൻ അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിശ്വനാഥ് സാറിന് എന്റെ കഴിവുകളിൽ അത്രയും  വിശ്വാസമായിരുന്നിരിക്കണം; പുകഴേന്തി മാസ്റ്റർക്കും.'' 
''ഏറെ മാനസിക സംഘർഷം അനുഭവിച്ച നാളുകളായിരുന്നു അവ. റെക്കോഡിങ് അടുക്കുന്തോറും പിരിമുറുക്കവും കൂടിവന്നു. ആ സന്ദിഗ്‌ധഘട്ടത്തിലാണ് ദൈവദൂതനെപ്പോലെ പുകഴേന്തി സാർ അവതരിക്കുന്നത്.  ഉള്ളിലെ വേവലാതി എന്റെ മുഖത്തുനിന്ന് വായിച്ചെടുത്തിരിക്കണം അദ്ദേഹം. ഒരു ദിവസം പുകഴേന്തി സാർ എന്നെ വിളിച്ചു പറഞ്ഞു: പേടിക്കേണ്ട. ഈ പടത്തിലെ എല്ലാ പാട്ടുകളും നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഒരാഴ്ച സാവകാശം തരുക.'' 

പരിശീലനത്തിന്റെ നാളുകൾ

പിറ്റേന്ന് കാലത്തുതന്നെ കുറെ ഓഡിയോ കാസറ്റുകളുമായി പുകഴേന്തി എസ്.പി.ബി.യെ  കാണാനെത്തുന്നു. പുകഴേന്തിയുടെ നിർദേശങ്ങളെക്കുറിച്ച് എസ്.പി.ബി. പറയുന്നതിങ്ങനെ: ''പടത്തിലെ ഗാനങ്ങൾ എല്ലാം കാസറ്റിൽ പാടി വെച്ചിരിക്കുകയാണ് അദ്ദേഹം.  ശ്രദ്ധാപൂർവം അവ കേൾക്കാനും ഏറ്റുപാടാനുമാണ് എനിക്ക് കിട്ടിയ നിർദേശം. ആ നിമിഷം മുതൽ  ഒരു തപസ്യപോലെ ഞാൻ പരിശീലനം തുടങ്ങി. 
'' വാണി ജയറാമാണ് പടത്തിലെ മുഖ്യഗായിക. ശങ്കരാഭരണത്തിന്റെ റെക്കോഡിങ് രസകരമായ ഓർമയാണ് വാണിയമ്മയ്ക്ക്.  ''സ്റ്റുഡിയോയിൽ ചെന്നാൽ എസ്.പി.ബി.യെ ശങ്കരശാസ്ത്രി എന്നാണു ഞാൻ വിളിക്കുക. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്തതിന്റെ ചെറിയൊരു ആത്മവിശ്വാസക്കുറവ് തുടക്കത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും പതുക്കെപ്പതുക്കെ അതു മാറിവന്നു. ഏതു ക്ലാസിക്കൽ സംഗീതജ്ഞനോടും കിടപിടിക്കും വിധം  ശങ്കരാഭരണത്തിലെ  പാട്ടുകൾ ബാലു പാടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ആ പാട്ടുകളുടെ ജനപ്രീതി തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്. ’’ - വാണിയമ്മയുടെ വാക്കുകൾ.   
‘‘നൂറുവർഷം കൊണ്ട് മദ്രാസ് മ്യൂസിക് അക്കാദമിക്ക് സാധിക്കാത്തത് ഒരൊറ്റ സിനിമ കൊണ്ട് വിശ്വനാഥിനും  എസ്.പി.ബി.ക്കും കഴിഞ്ഞു’’ എന്നു പറഞ്ഞത്   കർണാടക സംഗീത കുലപതിയായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. സംഗീതയാത്രയിൽ ലഭിച്ച ഏറ്റവും മഹത്തായ അംഗീകാരമായി കണ്ടു എസ്.പി.ബി. ആ നിരീക്ഷണത്തെ. ജീവിതം സാർഥകമായി എന്ന് തോന്നിപ്പിച്ച വാക്കുകൾ.

Content Highlight: S. P. Balasubrahmanyam and  sankarabharanam