തൊഴിൽ എനിക്കു ദൈവംപോലെ, ശബ്ദം സൂക്ഷിക്കാൻ പ്രത്യേകമായി ഞാൻ ഒന്നും ചെയ്യാറില്ല. ഐസ്‌ക്രീം, മധുരപലഹാരങ്ങൾ ഇതെല്ലാം കഴിക്കും. തണുപ്പത്ത് മഫ്‌ളർ ചുറ്റാനൊന്നും പോകാറില്ല. തൊഴിലിനുവേണ്ടി സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളെ മാറ്റിനിർത്താൻ ഒരുക്കമല്ലായിരുന്നു.  ഈ തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണസംതൃപ്തനാണ്. മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല

സംഗീതസംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്... എന്നിങ്ങനെ  സകലകലാവല്ലഭൻ തന്നെയായിരുന്നു  എസ്.പി. ബാലസുബ്രഹ്മണ്യം. തെലുങ്ക് സംവിധായകൻ ദാസരി നാരായണ റാവുവിന്റെ 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് എസ്.പി.ബി. ആദ്യമായി സംഗീതസംവിധായകനാകുന്നത്. ആ പാട്ടുകൾ ജനപ്രിയമായതോടെ ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. സുധാചന്ദ്രൻ അഭിനയിച്ച് വൻ ഹിറ്റായ 'മയൂരി'യുടെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അദ്ദേഹമാണ്. തമിഴിൽ ശ്രീധർ സംവിധാനം ചെയ്ത രജനീകാന്തിന്റെ 'തുടിക്കും കരങ്ങൾ' ഉൾപ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 45 പടങ്ങളുടെ സംഗീതസംവിധായകനായി.ഇതിനിടെ, ആറടിയോളമുള്ള പൊക്കവും കുടവയറുള്ള തടിച്ച ശരീരവുമായി അഭിനയ ലോകത്തേക്കും കടന്നു. തമിഴിൽ 'കേളടി കൺമണി' എന്ന ചിത്രത്തിലെ കഥാനായകനായാണ് ബാലസുബ്രഹ്മണ്യം  അഭിനയരംഗത്ത് തുടക്കമിട്ടത്. 'കാതലൻ' എന്ന ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. പാട്ടുകാരൻ, സംഗീതസംവിധായകൻ, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയാണ്. രജനീകാന്ത്, കമൽഹാസൻ എന്നിവർക്ക് തെലുങ്കിൽ ശബ്ദം നൽകുന്നത് ഇദ്ദേഹമാണ്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ആന്ധ്രസർക്കാരിന്റെ അവാർഡും നേടിയിട്ടുണ്ട്. 

മലയാളത്തിൽ ആ അനശ്വരശബ്ദം

'ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിന്നാലു ലോകങ്ങൾ കാണാൻ
ഇവിടുന്നു പോണവരേ
അവിടെ മനുഷ്യനുണ്ടോ? അവിടെ മതങ്ങളുണ്ടോ...'
ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വരമായ ശബ്ദത്തെ മലയാളക്കരയിലെത്തിച്ച പാട്ട്. വയലാർ രാമവർമയുടെ രചനയിൽ ജി. ദേവരാജൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഗാനം. 1969-ലെ 'കടൽപ്പാലം' എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം ഈ പാട്ടു പാടിയത്. പിന്നാലെ അദ്ദേഹത്തിന്റെ ശബ്ദം മലയാളക്കരയിൽ ഇടയ്ക്കിടെ മുഴങ്ങിക്കേട്ടു. മലയാള ചലച്ചിത്രഗാനങ്ങൾ മാത്രമല്ല, ഹിന്ദിയിലും തമിഴിലുമെല്ലാം പാടിയ അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളി സംഗീതപ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'റാംജിറാവു സ്പീക്കിങ്ങി'ലെ 'കളിക്കളം ഇതു കളിക്കളം...' എന്ന ഗാനം ഓർമയില്ലേ. ശബ്ദവ്യതിയാനം കൊണ്ട് എസ്.പി. ഇന്ദ്രജാലം തീർത്ത ഗാനം. മലയാളത്തിലെ ലക്ഷണമൊത്ത ഖവാലിയെന്ന് വിശേഷിപ്പിക്കുന്ന  സർപ്പമെന്ന ചിത്രത്തിലെ, 
'സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നിൽ വാ... 
എന്ന ഗാനം എസ്.പി. ബാലസുബ്രഹ്മണ്യം പാടിയിരിക്കുന്നത് പി. സുശീല, വാണി ജയറാം, യേശുദാസ് എന്നിവർക്കൊപ്പമാണ്. പിന്നാലെ 'നാദവിനോദം...' (സാഗരസംഗമം), 'തൂമഞ്ഞിൻ...' (ന്യൂഡൽഹി), 'ദേവന് കേ പതി ഇന്ദ്രാ...' (സ്വാതിതിരുനാൾ),  'ഓ പ്രിയേ പ്രിയേ...' (ഗീതാഞ്ജലി), 'താരാപഥം...' (അനശ്വരം), മോഹൻലാലിന്റെ മാജിക് 'ഊട്ടിപ്പട്ടണം...' (കിലുക്കം)എന്നിങ്ങനെ നൂറ്റിയിരുപതോളം ഗാനങ്ങളാണ് എസ്.പി. മലയാളത്തിൽ ആലപിച്ചിട്ടുള്ളത്

വിടവാങ്ങിയത് സംഗീതത്തിലെ ചക്രവർത്തി 

സിനിമാസംഗീതത്തിലെ ചക്രവർത്തിയാണ് വിടവാങ്ങിയത്‌. ഇന്ത്യൻ സിനിമാ സംഗീത മേഖലയിൽ എന്നും ജ്വലിച്ചുനിന്ന നക്ഷത്രം.  സംഗീതരംഗത്ത് വിഹരിച്ചപ്പോഴും ലാളിത്യവും സഹജീവി സ്നേഹവും കാത്തുസൂക്ഷിച്ചു. ഞാൻ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായിരുന്ന കാലത്ത് തുടങ്ങിയതാണ് എസ്.പി.ബി.യുമായുള്ള സൗഹൃദം.  -പി.വി. ഗംഗാധരൻ