ആര്യന്‍ എന്ന സിനിമയുടെ റീറിക്കോര്‍ഡിങ്ങ് സമയത്താണ് എസ്.പി.ബി സാറിനെ ഞാന്‍ ആദ്യമായി കാണുന്നത്. സാറിന്റെ സ്റ്റുഡിയോ ആയ കോതണ്ഡപാണിയില്‍വച്ച്. ഒരു ദിവസം രാവിലെ അദ്ദേഹം അവിടെ വന്നു. സാര്‍ വരുന്നതും കാത്ത് വൃദ്ധനായ ഒരാള്‍ അവിടെ കാത്തിരുന്നിരുന്നു. എന്തോ സഹായം തേടി വന്നതാണ് എന്ന് വ്യക്തം. സാര്‍ വന്നുകയറിയതും അയാള്‍ സാറിന്റെ കാലില്‍ വീണൂ. പെട്ടന്ന് അദ്ദേഹത്തെ പിടിച്ചുയര്‍ത്തി എസ്.പി.ബി സാര്‍ അയാളോട് വല്ലാതെ കുപിതനായി. എപ്പോഴും ചിരിമാത്രം നിറഞ്ഞ ആ മുഖം ചുവന്നു. 

സാര്‍ അയാളോട് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു: 'നിങ്ങളേക്കാള്‍ പ്രായം എത്രയോ കുറഞ്ഞയാളാണ് ഞാന്‍. ഒരിക്കലും ഇങ്ങിനെ ചെയ്യരുത്. അച്ഛന്‍, അമ്മ, ഗുരു എന്നിവരുടെ മുന്നില്‍ മാത്രമേ നമസ്‌കരിക്കാവൂ' അത് പറഞ്ഞ് ആ മനുഷ്യന് കാശുകൊടുത്ത്് വിട്ടതിനു ശേഷം അവിടെ നിന്നിരുന്ന ഞങ്ങളെ നോക്കി സാര്‍ പറഞ്ഞു:
   
 ' നിങ്ങളോടും കൂടിയാണ് ഞാനിത് പറഞ്ഞത്. ഒരാളുടെ കാലില്‍ വീഴുക എന്നാല്‍ സാഷ്ടാംഗം സമര്‍പ്പിക്കുക എന്നാണ്. അത് അച്ഛന്റെയും അമ്മയുടേയും ഗുരുവിന്റേയും മുന്നില്‍ മാത്രമേ ചെയ്യാവൂ അന്ന് എനിക്ക് എസ്.പി.ബി സാറിനെ വ്യക്തിപരമായ പരിചയമില്ലായിരുന്നു. പക്ഷേ അതൊരു പാഠമായിരുന്നു. ജീവിതത്തില്‍ മുഴുവനും ഓര്‍ക്കേണ്ട പാഠം ചെന്നൈയില്‍ ഞാനൊരു സ്റ്റുഡിയോ പണിതു. ഒരു ദിവസം എസ്.പി.ബി സാര്‍ അവിടെ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു:

'പ്രിയന്‍ ഈ സ്റ്റുഡിയോ നില്‍ക്കുന്ന സ്ഥലത്തായിരുന്നു പണ്ട് എന്റെ വീട്. ആ വീട്ടില്‍ താമസിക്കുമ്പോഴാണ് എന്നെത്തേടി ഒരുപാട് ഭാഗ്യങ്ങള്‍ വന്നത്. അന്നാണ് എം.ജി.ആര്‍ എന്നെ വിളിച്ച് എം.എസ്.വിശ്വനാഥന്റെ സംഗീതത്തില്‍ എന്റെ ആദ്യത്തെ തമിഴ് പാട്ട് പാടിച്ചത്. ഇവിടെ വച്ച് എനിക്കുണ്ടായ ഭാഗ്യങ്ങള്‍ പ്രിയനുമുണ്ടാവട്ടെ'.  കിലുക്കം എന്ന സിനിമയിലെ 'ഊട്ടിപ്പട്ടണം പോട്ടിക്കെട്ടണം..' എന്ന പാട്ട് പാടാന്‍ വിളിച്ചപ്പോള്‍ ആദ്യം സാര്‍ മടിച്ചു. തന്റെ മലയാള ഉച്ചാരണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. പാട്ട് തമിഴ് തന്നെയാണ് എന്നറിഞ്ഞപ്പോള്‍ അദ്ദേഹം വന്നു. എം.ജി. ശ്രീകുമാറായിരുന്നു കൂടെപ്പാടിയിരുന്നത്. അക്കാലത്ത് രണ്ടുപേരും ഒന്നിച്ചുനിന്നുതന്നെ പാടണം. ശ്രീക്കുട്ടന് വലിയ ടെന്‍ഷനായിരുന്നു. തന്റെ പിഴവ് കാരണം സാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമോ എന്നായിരുന്നു ശ്രീക്കുട്ടന്റെ ആധി. എന്നാല്‍ പാടിക്കഴിഞ്ഞപ്പോള്‍ ശ്രീക്കുട്ടന്‍ പറഞ്ഞു: 'ഞാന്‍ ഏറ്റവുമധികം കംഫട്ടബിളായി പാടിയത് സാറിന്റെ കൂടെയാണ് പ്രിയന്‍'

റിക്കോര്‍ഡിങ്ങ് കഴിഞ്ഞപ്പോള്‍ സാര്‍ എന്നോട് പറഞ്ഞു:
'ഈ പടം ഫൈനല്‍ കോപ്പിയായാല്‍ എന്നെയൊന്ന് കാണിക്കണം'
പറഞ്ഞതുപോലെ ഞാന്‍ കാണിച്ചു. സിനിമ മുഴുവന്‍ ആസ്വദിച്ചുകണ്ടശേഷം സാര്‍ പറഞ്ഞു:
 'ഞാന്‍ ആ പാട്ട് എത്രത്തോളം ആസ്വദിച്ചുപാടിയോ അത്രതന്നെ ആസ്വദിച്ച് ഞാനീ ചിത്രം കണ്ടു'
നടന്‍ കൂടിയായതുകൊണ്ടാവാം കിലുക്കത്തിലെ തിലകന്റെ കഥാപാത്രമായിരുന്നു സാറിനേറെയിഷ്ടം. പിന്നീട് എത്ര തവണ ഞങ്ങള്‍ കണ്ടോ അപ്പോഴെല്ലാം കിലുക്കത്തെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയും. അത്രക്കിഷ്ടമായിരുന്നു സാറിന് ആ സിനിമ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷയിലായി ഞാനെടുത്ത ഒരുപാട് സിനിമകളില്‍ സാര്‍ ഒരുപാട് പാട്ടുകള്‍ പാടി. എന്നെ അദ്ദേഹം 'പിരിയാ..' 
എന്നായിരുന്നു വിളിക്കുക. പ്രിയന്‍ എന്നു പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. ആരോടും ദേഷ്യമില്ലാത്ത, പിണങ്ങാത്ത, ഒരു ശത്രുപോലുമില്ലാത്ത മനുഷ്യനായിരുന്നു എസ്.പി.ബി സാര്‍.

ശ്വാസം വിടാതെ ലോകത്തിലെ തന്നെ മികച്ച പാട്ടുകള്‍ പാടിയ എസ്.പി.ബി സാര്‍ ശ്വാസമെടുക്കാനാവാതെ കിടന്നു, ഒടുവില്‍ മരിച്ചു എന്നത് വേദനാകരമായ ഒരു വിരോധാഭാസമാണ്. എപ്പോഴും 'പിരിയാ പിരിയാ' എന്നുവിളിച്ച് എന്നെ സ്‌നേഹിച്ച എസ്.പി.ബി സാര്‍ ഇപ്പോള്‍ പിരിഞ്ഞിരിക്കുന്നു.
ഒരു മൂളിപ്പാട്ടുമായിപ്പോലും തിരിച്ചുവരാതെ.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ, ഒരു പക്ഷേ ലോകാന്തരങ്ങളില്‍വരെ അദ്ദേഹത്തെയോര്‍ത്ത് കരയുന്നവരില്‍ ഒരാളായി ഞാനും-സാറിന്റെ സ്വന്തം പിരിയന്‍.

Content Highlights : Priyadarshan remembers SP Balasubrahmanyam