1946 ജൂൺ നാലിന് ആന്ധ്ര നെല്ലൂരിലെ കൊനോട്ടമ്മപേട്ട ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് എസ്.പി.ബി.യുടെ ജനനം. കുട്ടിക്കാലത്തുതന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന എസ്.പി. സമ്പാമൂർത്തിയാണ് പിതാവ്. സാവിത്രിയാണ് എസ്.പി.ബി. യുടെ ഭാര്യ. മക്കൾ: പല്ലവി, ചരൺ. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി.

1966-ലെ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗാന രംഗത്തെത്തിയത്. എട്ടു ദിവസത്തിനകം ‘നകരെ അദേ സ്വർഗ’ എന്ന കന്നഡ ചിത്രത്തിലും പാടാൻ അവസരം ലഭിച്ചു. എം.എസ്. വിശ്വനാഥൻ സംഗീതം നിർവഹിച്ച ‘ഹോട്ടൽ രംഭ’ എന്ന ചിത്രത്തിൽ എൽ.ആർ. ഈശ്വരിക്കൊപ്പം പാടിക്കൊണ്ടാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 

തെലുഗു സംവിധായകൻ ദാസരി നാരായണ റാവുവിന്റെ ‘കന്യാകുമാരി’ എന്ന ചിത്രത്തിലാണ് ആദ്യ സംഗീതസംവിധാനം. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിൽ അദ്ദേഹം അഭിനയിച്ചു. പാടിയഭിനയിച്ച വേഷങ്ങളും ഇതിൽ ഉൾപ്പെടും. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്.പി.ബി.യുടെ പേരിലാണുള്ളത്. തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹത്തിന്റെ പാട്ടുകൾ ഏറ്റവും കൂടുതൽ റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. 

തമിഴ്, കന്നഡ, തെലുഗു, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന എസ്.പി.ബി. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. രജനീകാന്ത്, കമൽഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ, അർജുൻ തുടങ്ങിയവർക്കുവേണ്ടി അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായും റിയാലിറ്റി ഷോകളിൽ ജഡ്ജായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. എസ്.പി.ബി.യുടെ ഭൗതികശരീരം വൈകീട്ട് നാലോടെ നുങ്കമ്പാക്കം കാംദാർ നഗറിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വെച്ചു. സിനിമ, സംഗീത രംഗത്തെ പ്രമുഖരും ആരാധകരും സുഹൃത്തുക്കളും അന്ത്യോപചാരമർപ്പിച്ചു. മാതൃഭൂമിക്കുവേണ്ടിയും റീത്ത് സമർപ്പിച്ചു.

Content Highlight: Multi-lingual legend SP Balasubrahmanyam