എസ്.പി. ബാലസുബ്രഹ്മണ്യത്തിന് പാടിയിട്ടും പാടിയിട്ടും മതിയാവാത്ത ഒരു ഗാനമുണ്ട്. ഒരുദിവസംതന്നെ പലയാവർത്തി പാടിയിട്ടും അദ്ദേഹം വീണ്ടുംവീണ്ടും പാടിയ ഒരു പാട്ട്. എസ്.പി.ബി.യെ ഭ്രാന്തനാക്കിയ ഗാനം. ശെൽവയുടെ സംവിധാനത്തിൽ അർജുൻ നായകനായി 1995-ൽ പുറത്തിറക്കിയ 'കർണാ' എന്ന സൂപ്പർഹിറ്റ് തമിഴ്ചിത്രത്തിലെ 'മലരേ... മൗനമാ' എന്ന ക്ലാസിക് ഗാനമാണത്. ബാലസുബ്രഹ്മണ്യത്തിന്റെയും എസ്. ജാനകിയുടെയും ശബ്ദത്തിൽ പിറവിയെടുത്ത് രണ്ട് പതിറ്റാണ്ടിനപ്പുറവും രാജ്യത്തെ മികച്ച യുഗ്മഗാനങ്ങളിൽ ഒന്നായി സംഗീതാസ്വാദകർ കണക്കാക്കുന്ന ഗാനം. അർജുനും രഞ്ജിതയും ചേർന്ന് അഭിനയിച്ച പ്രണയരംഗങ്ങൾ. വൈരമുത്തുവിന്റെ ഹൃദയഹാരിയായ രചനയിൽ എസ്.പി.ബി.യുടെ സ്വരമാധുരി അനുഭവപ്പെട്ട ഗാനം. വിദ്യാസാഗറായിരുന്നു സംഗീതസംവിധായകൻ. അന്ന് വിദ്യാസാഗർ സിനിമാരംഗത്ത് എത്തിയിട്ടേയുള്ളൂ. 
'കർണാ' സിനിമ പെട്ടെന്ന് റിലിസിങ് നടത്താനുള്ള ശ്രമത്തിലാണ് എല്ലാവരും. അതിനായി ചെന്നൈയിൽ ഗാനങ്ങളുടെ റെക്കോഡിങ് നടത്തുകയായിരുന്നു വിദ്യാസാഗർ. പാട്ട് പാടുന്നവരിൽ എസ്.പി.ബി. യുമുണ്ട്. അന്നത്തെ അദ്ദേഹത്തിന്റെ ശീലമനുസരിച്ച് രാത്രി എട്ടുമണിക്കുശേഷം റെക്കോഡിങ് ഇല്ല. പായ്ക്കപ്പ് പറഞ്ഞ് പോവണം. അങ്ങനെ എട്ടുമണിയോടടുത്താണ് വിദ്യാസാഗർ എസ്.പി.ബി.യുടെ അടുത്തെത്തി ഒരു ഗാനം കൂടി പാടാനുണ്ടെന്ന് അറിയിച്ചത്. ''നൈറ്റ് എട്ടുമണിക്ക് അപ്പ്‌റം, എനക്ക് എന്ത സോങ്ങും പാട്‌റ പഴക്കമേ കെടയാത്... എതുവാ ഇരുന്താലും നാളൈ പാത്ത്ക്ക്‌റേൻ''  അതായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ മറുപടി. 

പലതവണ പറഞ്ഞിട്ടും അദ്ദേഹം വഴങ്ങാഞ്ഞതിനാൽ വിദ്യാസാഗർ, പാട്ടിലെ സ്ത്രീ ശബ്ദമായ എസ്. ജാനകിയുടെ ഭാഗം കേട്ടുനോക്കി അഭിപ്രായം പറയാനാകുമോയെന്ന് ചോദിച്ചു. എന്തെങ്കിലും മാറ്റം നിർദേശിക്കുകയാണെങ്കിൽ അത് ശരിയാക്കിവെക്കാമെന്നും രാവിലെ എസ്.പി.ബി. വരുന്ന മുറയ്ക്ക് ഒറ്റടേക്കിൽത്തന്നെ അദ്ദേഹത്തിന്റെ ഭാഗം മുഴുവനായി തീർക്കാമെന്നുമായിരുന്നു വിദ്യാസാഗറിന്റെ പ്ലാൻ. അത് എസ്.പി.ബി. സമ്മതിച്ചു. ജാനകി ആലപിച്ച ഗാനത്തിന്റെ ഭാഗം കേട്ടു കഴിഞ്ഞ ഉടനെ എസ്.പി.ബി. മറുപടി നൽകി ''തമ്പീ... ശീഘ്രം സ്റ്റുഡിയോ ഓൺ പണ്ണ്... ഇന്ത പാട്ടെ, നാൻ ഇപ്പവേ പാടപ്പോറേൻ..!'' അതോടെ വീണ്ടും സ്റ്റുഡിയോ ഉണർന്നു. എസ്.പി. ബാലസുബ്രഹ്മണ്യം ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് രാത്രി എട്ടുമണിക്കുശേഷം പാടാൻ ഒരുങ്ങുന്നത് കണ്ട് അന്ന് അദ്ദേഹത്തിന്റെ പിന്നണിവാദകർ ഞെട്ടിയത്രേ. തന്റെ ഭാഗം ആദ്യ ടേക്കിൽ തന്നെ അദ്ദേഹം ഓക്കെയാക്കി. സന്തോഷത്തോടെ നിന്ന വിദ്യാസാഗറിനെ അരികിൽ വിളിച്ച് എസ്.പി.ബി. പറഞ്ഞു: 

''തമ്പീ..എനക്ക് ഇന്ത പാട്ട് ഒരു വാട്ടി കൂടി പാടണം.'' കാരണം തിരക്കിയപ്പോൾ പാട്ട് അത്രയ്ക്ക് ഇഷ്ടമായി എന്നായിരുന്നു മറുപടി. എസ്.പി.ബി. പാടി. ഒരു വട്ടമല്ല, പലവട്ടം... വീണ്ടും വീണ്ടും പാടിക്കഴിഞ്ഞപ്പോൾ വിദ്യാസാഗർ വിചാരിച്ചു. ഇതാണ് ആ പാട്ടിന്റെ പരമാവധിയെന്ന്. പക്ഷേ, എസ്.പി.ബി. നിർത്തിയില്ല. പിന്നെയും പിന്നെയും പുതിയ ഭാവങ്ങൾ ചേർത്ത് അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അർധരാത്രിയാകാറായപ്പോൾ വിദ്യാസാഗർ എസ്.പി.ബി.യുടെ അടുത്തുചെന്നു. നിർത്താൻ അപേക്ഷിച്ചു. അപ്പോൾ എസ്.ബി.പി. ഒരു ചെറുമന്ദഹാസത്തോടെ വിദ്യാസാഗറിനോട് പറഞ്ഞു: ''തമ്പീ...നീ വേണംന്നാ മൈക്ക് ഓഫ് പണ്ണിക്കോ... ഇല്ലെ ന്നാ സ്റ്റുഡിയോ ക്ലോസ് പണ്ണിക്കോ... ആനാ എനക്ക് ഇന്ത പാട്ടെ നിറുത്ത മുടിയലെ..അവളോം പുടിച്ചിറ്ക്ക്.''

Content Highlight: Malare mounama song song by SPB