കൊച്ചി: എസ്.പി.ബി. എന്ന സുന്ദരഗാനം വിടപറയുമ്പോൾ മായ്ച്ചുകളയാനാകാത്ത ഒരുപാട് ഓർമകളുടെ തീരത്താണ് കൊച്ചി. എസ്.പി. ബാലസുബ്രഹ്മണ്യം പാടാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന കൊച്ചിയിൽ, അദ്ദേഹത്തെക്കുറിച്ച് ആദരമേകി ഓർമകളുടെ ഒരുപാട് സ്വരങ്ങൾ.

മറഞ്ഞുകിടന്ന പാട്ടുകൾ

കൊച്ചിയിൽ എസ്.പി.ബി. എത്തിയാൽ എപ്പോഴും കൂടെയുണ്ടാകും സുരേഷ് ബലരാമൻ എന്ന സുഹൃത്തും ഓർെക്കസ്ട്ര സംഘാടകനും. കൊച്ചിൻ ആസാദിലൂടെ എസ്.പി.ബി. കൊച്ചിയിലെത്തിയ ആ നിമിഷങ്ങൾ അദ്ദേഹം ഓർക്കുന്നു:

“ഒരിക്കൽ ഞങ്ങൾ തിരുവനന്തപുരത്ത് ഒരു പരിപാടി കഴിഞ്ഞിരിക്കുമ്പോൾ എന്റെ ഫോണിലേക്ക് കൊച്ചിൻ ആസാദ് വിളിച്ചു. മുഹമ്മദ് റഫി ഗാനമേളയ്ക്കായി ആസാദ് പാടാൻ പോകുന്ന പാട്ടുകളെപ്പറ്റി പറയാനായിരുന്നു വിളിച്ചത്.

ആ ലിസ്റ്റിൽ പറഞ്ഞതിൽ പലതും അത്രയേറെ ഹിറ്റുകളല്ലാത്തവയായിരുന്നു. ലിസ്റ്റ് കണ്ടയുടനേ എസ്.പി.ബി. പറഞ്ഞത് ഇതിലേറെയും മറഞ്ഞുകിടക്കുന്ന പാട്ടുകളാണല്ലോ എന്നായിരുന്നു. കൊച്ചിക്കാർക്ക് മറഞ്ഞുകിടക്കുന്ന ഇത്തരം പാട്ടുകൾ ഏറെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു. കൊച്ചിയിലെ പരിപാടിയുടെ തീയതി ചോദിച്ചറിഞ്ഞ എസ്.പി.ബി., ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തി കൃത്യമായി പരിപാടിക്കെത്തി. കൊച്ചിൻ ആസാദിന്റെ റഫി ഗാനങ്ങളെല്ലാം കേട്ടു. ഒടുവിൽ വേദിയിൽക്കയറി പാടുകയും ചെയ്തു”.

വിനായകന്റെ സഹോദരൻ

30 വർഷം മുമ്പത്തെ ഒരു സംഗീത പരിപാടിയുടെ ഓർമകളാണ് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ പങ്കുവെച്ചത്.

“അന്ന് പാടാൻ വരുമ്പോഴാണ് ഞാനദ്ദേഹത്തെ പരിചയപ്പെട്ടത്. ആ സമയത്ത് എന്റെ മൂന്നു വയസ്സുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. എന്റെ ഒക്കത്തിരുന്ന മകനോട് എസ്.പി.ബി. പേരു ചോദിച്ചു.

‘ വിനായകൻ’ എന്ന് അവൻ മറുപടി പറഞ്ഞു. ‘ ഞാൻ നിന്റെ സഹോദരൻ ബാലസുബ്രഹ്മണ്യം’ എന്നായിരുന്നു എസ്.പി.ബി. മകന്റെ കവിളിൽ തട്ടി പറഞ്ഞത്. പുരാണത്തിലെ സുബ്രഹ്മണ്യന്റെ സഹോദരൻ വിനായകനെയാണ് എസ്.പി.ബി. ഉദ്ദേശിച്ചത്. എസ്.പി.ബി.യെ വെച്ച് ഒരു പാട്ടിനായി ഞാൻ ലോക്ഡൗൺ കാലത്തും ശ്രമിച്ചു. അതു പക്ഷേ, നടക്കാതെ പോയി”.

ഡോക്ടറേറ്റും പാട്ടും

മകനെപ്പോലെ സ്നേഹിച്ച എസ്.പി.ബി.യെക്കുറിച്ചാണ് ഗായകൻ മധു ബാലകൃഷ്ണൻ പറഞ്ഞത്.

“എസ്.പി.ബി. സാറിന്റെ 50-ാം സംഗീത വാർഷിക പരിപാടി ഉൾപ്പെടെ ഒട്ടേറെ വേദികളിൽ ഒപ്പം പാടാൻ അവസരം ലഭിച്ചു. അമേരിക്കയിലെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ഞങ്ങൾക്കൊരുമിച്ചാണ് ലഭിച്ചത്. ആ വേദിയിൽ ഞാൻ നന്ദിപ്രകടനം നടത്തുമ്പോൾ മൈക്ക് വാങ്ങി ‘ വാക്കുകളിലുള്ള നന്ദി വേണ്ട, ഞങ്ങൾക്കായി ഒരു പാട്ടുപാടൂ’ എന്നദ്ദേഹം പറഞ്ഞു. അതനുസരിച്ച് ‘ പിച്ചൈ പാത്രം ഏന്തി വന്തേൻ’ എന്ന പാട്ടും ഞാൻ പാടി”.

Content Highlights : Madhu Balakrishnan TS Radhakrishnan remembers SP Balasubrahmanyam