രു പഴയ ഓര്‍മ. എഴുപതുകളുടെ അവസാനകാലം. ഞാനന്ന് പി. ചന്ദ്രകുമാറിന്റെ കൂടെ സഹസംവിധായകനായി ജോലി ചെയ്യുകയാണ്. ചന്ദ്രകുമാര്‍ അന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംവിധായകനാണ്. ഒരേ സമയം ഒന്നിലേറെ സിനിമകളുടെ ചിത്രീകരണമുണ്ടാകും. വര്‍ഷത്തില്‍ എട്ടും പത്തും സിനിമകളാണ് ചന്ദ്രകുമാറിന്റേതായി പുറത്തുവരിക. അവയില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരിക്കും.

പ്രേംനസീറാണ് അന്നത്തെ ഏറ്റവും തിരക്കുള്ള താരം. നസീര്‍സാറിന്റെ ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കാള്‍ഷീറ്റ് അനുസരിച്ചാണ് ഷൂട്ടിങ് ഷെഡ്യൂളുകള്‍ തീരുമാനിക്കുന്നതുപോലും.

വളരെ ചിട്ടയോടെ പറഞ്ഞ സമയത്തേക്കാള്‍ മുമ്പ് സിനിമകള്‍ പൂര്‍ത്തിയാക്കുന്ന സംവിധായകനാണ് ചന്ദ്രകുമാര്‍. പക്ഷേ, 'എയര്‍ ഹോസ്റ്റസ്' എന്ന സിനിമയുടെ ജോലികള്‍ മാത്രം വിചാരിച്ച സമയത്തു തീര്‍ന്നില്ല. നായികയായി അഭിനയിച്ച രജനീശര്‍മയുടെ മാതാവ്, ഷൂട്ടിങ് തുടങ്ങുന്ന ദിവസം പെട്ടെന്നു മരിച്ചുപോയി. അതുകൊണ്ട് കുറച്ചു ദിവസത്തെ ഷൂട്ടിങ് മുടങ്ങി. ഇല്ലാത്ത സമയമുണ്ടാക്കി ഷൂട്ടിങ് പൂര്‍ത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ് എല്ലാവരും. പ്രേംനസീറിന്റെ ഡേറ്റുകളൊക്കെ വേറെ സിനിമകള്‍ക്കുവേണ്ടി വീതിച്ചുനല്‍കിയിരുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തിയാണ് ഷൂട്ടിങ് മുന്നോട്ടുപോകുന്നത്. സാധാരണയായി രാത്രി പത്തുമണിക്കു ശേഷം പ്രേംനസീര്‍ ഷൂട്ടിങ്ങിന് നില്‍ക്കാറില്ല. അദ്ദേഹം ആ പതിവൊക്കെ തെറ്റിച്ചിട്ടാണ് സഹകരിക്കുന്നത്.

ഒരു ദിവസം പതിവിലും വൈകി. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ നസീര്‍ സാറിനോടു ചോദിച്ചു.

''ഒരു മണിക്കൂര്‍ കൂടി നിന്നാല്‍ നമുക്ക് ഒരു സീന്‍ കൂടി തീര്‍ക്കാം.''

''വേണോ?''

നസീര്‍ സാര്‍ ഒന്നു മടിച്ചു.

''രാവിലെ ഏഴു മണിക്ക് വീണ്ടും തുടങ്ങേണ്ടതല്ലേ?''

പക്ഷേ, ചന്ദ്രന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അദ്ദേഹം വഴങ്ങി. പടം തീര്‍ത്ത് പറഞ്ഞ സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ പ്രൊഡ്യൂസര്‍ വിഷമത്തിലാകുമെന്ന് അദ്ദേഹത്തിനറിയാം.

ഷൂട്ടിങ് തീരുമ്പോള്‍ സമയം രണ്ടുമണി.

മേക്കപ്പ് അഴിക്കുമ്പോള്‍ നസീര്‍ സാര്‍ ചോദിച്ചു.

''ഇനി രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയാല്‍ മതി, അല്ലേ ചന്ദ്രാ?''

''അയ്യോ, പറ്റില്ല സാര്‍. നാളെ ഏഴുമണിക്ക് തുടങ്ങിയാലേ ഈ സെറ്റ് തീരൂ.''

''ഇപ്പോള്‍ തന്നെ മണി രണ്ടു കഴിഞ്ഞു. ഇനി ബാക്കിയുള്ള ഷോട്ടുകളൊക്കെ എടുത്ത് പാക്കപ്പ് ചെയ്ത് നിങ്ങള്‍ ചെന്നു കിടന്നുറങ്ങുമ്പോള്‍ നാലു മണിയെങ്കിലുമാകും. ആറു മണിക്ക് എഴുന്നേറ്റ് പോരാന്‍ പറ്റുമോ?''
 
''ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. നസീര്‍സാര്‍ ഏഴുമണിക്കെത്തിയാല്‍ മാത്രം മതി.''

വീണ്ടും ഒന്നു സംശയിച്ചെങ്കിലും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു-

''ഓക്കെ. നിങ്ങളൊക്കെ യുവരക്തമല്ലേ? നടക്കട്ടെ. ഞാന്‍ വരാം. അപ്പൊ ഏഴുമണിക്കു കാണാം.''

കാറില്‍ കയറി, അദ്ദേഹം സീറ്റില്‍ കണ്ണടച്ച് ചാരിക്കിടന്നു.

ഞാന്‍ ചന്ദ്രനോടു പറഞ്ഞു- ''അടുത്ത കാലത്തൊന്നും അദ്ദേഹം ഇങ്ങനെ വര്‍ക്ക് ചെയ്തിട്ടുണ്ടാവില്ല. നല്ല ക്ഷീണമുണ്ട്.''

''ശരിയാണ്. പക്ഷേ, നമുക്ക് ഷൂട്ടിങ് തീര്‍ക്കണ്ടെ?''

പിന്നെ ഞാനൊന്നും പറഞ്ഞില്ല.

ഞാനും ചന്ദ്രകുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മോമിയുമൊക്കെ അന്ന് ടി. നഗറിലെ ഒരു ലോഡ്ജിലാണ് താമസം. പിറ്റേന്ന് ഞാനുണര്‍ന്നതുതന്നെ ഒരു ഞെട്ടലോടെയായിരുന്നു. മുറി മുഴുവന്‍ നിറഞ്ഞ പകല്‍ വെളിച്ചം, ചുമരിലെ ക്ലോക്കില്‍ മണി എട്ട്. ചന്ദ്രകുമാര്‍ അപ്പോഴും മൂടിപ്പുതച്ച് ഉറക്കമാണ്. ഞാന്‍ നിലവിളിയോടെ ചന്ദ്രനെ കുലുക്കി വിളിച്ചു. പിന്നെ ആകെ ഒരു ബഹളമായിരുന്നു. അഞ്ചുമിനിറ്റുകൊണ്ട് കുളിയും പല്ലുതേപ്പുമൊക്കെ കഴിച്ചു ഞങ്ങള്‍ പുറപ്പെട്ടു. ലൊക്കേഷനില്‍ ചെന്നിറങ്ങുമ്പോള്‍ സമയം എട്ടര കഴിയുന്നു.

സിനിമയിലാണെങ്കില്‍ ഇനിയുള്ള ദൃശ്യങ്ങള്‍ സ്ലോമോഷനില്‍ കാണിക്കണം. ഞങ്ങള്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ ദൂരെ-യൂണിറ്റ് വണ്ടിക്കപ്പുറത്ത് തന്റെ സ്വന്തം കസാരയില്‍ മുണ്ടും ബനിയനും മാത്രം ധരിച്ച്, ഒരു ടര്‍ക്കി ടവ്വല്‍ നെഞ്ചില്‍ വിരിച്ചിട്ട് പത്രം വായിച്ചിരിക്കുന്നു പ്രേംനസീര്‍!

അടുത്തുകണ്ട ലൈറ്റ് ബോയിയോട് വിറയ്ക്കുന്ന ശബ്ദത്തില്‍ ചന്ദ്രന്‍ ചോദിച്ചു.

''നസീര്‍ സാര്‍ എപ്പോ എത്തി?''

''ആറ് അമ്പത്തഞ്ചിന് എത്തി. വിത്ത് മേയ്ക്കപ്പ്.''

ആരും കോപംകൊണ്ട് ജ്വലിച്ചുപോകാവുന്ന സന്ദര്‍ഭം. വിഗ്ഗ് വലിച്ചെറിഞ്ഞ് അട്ടഹസിച്ചു ''ഷൂട്ടിങ് നിങ്ങള്‍ക്ക് സൗകര്യമുള്ളപ്പോള്‍ തീര്‍ക്ക്''  എന്നും പറഞ്ഞ് കാറില്‍ കയറി പോയാലും ഒരക്ഷരം കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥ.

എന്തു പറയും എന്ന് പേടിച്ച് നസീര്‍സാറിന്റെ അടുത്തേക്ക് ചെന്നപ്പോള്‍, നിറഞ്ഞ ചിരിയോടെ സൗമ്യമായ ഒരു ചോദ്യം

''ഉറങ്ങിപ്പോയി അല്ലേ?''

വാക്കുകള്‍ കിട്ടാതെ ചന്ദ്രന്‍ വിഷമിച്ചു.

''ഞാന്‍ പറഞ്ഞില്ലേ, രാത്രി ഒരുപാടു വൈകിയാല്‍ രാവിലെ എത്താന്‍ ബുദ്ധിമുട്ടാകുമെന്ന്?  സാരമില്ല. വേഗം റെഡിയായിക്കോ. നമുക്ക് തുടങ്ങാം.''

അല്പംപോലും അസ്വസ്ഥതയില്ലാതെ അദ്ദേഹം അഭിനയിച്ചു. ഞങ്ങളോട് തമാശ പറഞ്ഞു. വീട്ടില്‍ നിന്നുകൊണ്ടുവന്ന ആഹാരത്തിന്റെ പങ്കുതന്നു.

വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു.

നിറം മങ്ങാത്ത ഓര്‍മയായി ഇന്നുമത് മനസ്സില്‍ തങ്ങിനില്‍ക്കുന്നു. 

ഒരു വ്യക്തി നമ്മുടെ മനസ്സിനെ കീഴടക്കുന്നത് കറയില്ലാത്ത സ്‌നേഹംകൊണ്ടാണ്. സൗമ്യമായ പെരുമാറ്റംകൊണ്ടാണ്. മറ്റൊരു സന്ദര്‍ഭംകൂടി ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

'വീട് ഒരു സ്വര്‍ഗം' എന്ന സിനിമയുടെ ഷൂട്ടിങ്.

ജേസിയാണ് സംവിധായകന്‍. പ്രേംനസീറും ഷീലയുമാണ് പ്രധാന വേഷത്തില്‍.

ഞാനന്ന് ജേസിസാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. സംഭാഷണം പറഞ്ഞുകൊടുക്കാന്‍ സ്‌ക്രിപ്റ്റുമായി ചെല്ലുമ്പോള്‍ പ്രൊഡക്ഷന്‍ ബോയിയോട് നല്ലൊരു ചായ കിട്ടിയാല്‍ കൊള്ളാമെന്ന് പറയുകയായിരുന്നു നസീര്‍ സാര്‍. 

ജേസി പറഞ്ഞു- ''എനിക്കും വേണം ഒരു ചായ''

സംഭാഷണം പഠിക്കുന്നതിനുള്ളില്‍ ചായ വന്നു. ഒന്നുരണ്ട് കവിള്‍ നസീര്‍ സാര്‍ കുടിച്ചു. പിന്നെ കണ്ണാടിയില്‍ നോക്കി മുടിയൊക്കെ ചീകി ഷോട്ടിന് റെഡിയായി. ജേസി സാര്‍ അപ്പോഴാണ് ചായ കുടിച്ചു നോക്കിയത്. കുടിച്ച ഉടനെ അദ്ദേഹത്തിന് മനം പിരട്ടലുണ്ടായി. ചര്‍ദ്ദിച്ചില്ലെന്നു മാത്രം.

ചായകൊണ്ടുവന്ന ആളെ അടുത്തുവിളിച്ച് ജേസിസാര്‍ ചോദിച്ചു.

''ഈ ചായ തന്നെയാണോ നസീര്‍സാറിനും കൊടുത്തത്?''

''അതെ''

''എന്നിട്ടദ്ദേഹം ഒന്നും പറഞ്ഞില്ലേ?''

''ഇല്ല.''

ബാക്കിയുള്ള ചായ വാഷ്‌ബേസിനിലൊഴിച്ചുകളഞ്ഞ് ജേസി നസീര്‍സാറിന്റെ അടുത്തെത്തി.

''സാര്‍ ആ ചായ കുടിച്ചോ?''

''കുറച്ചു കുടിച്ചു. വെള്ളത്തിന് പുകയുടെ ചുവ. വേറെ എന്തോ ഒരു നാറ്റവും. നന്നായിട്ടില്ല.''''പിന്നെ എന്താ അതു പറയാതിരുന്നത്?'' ''അതു പറഞ്ഞ് അവരുടെ മനസ്സു വിഷമിപ്പിക്കുന്നതെന്തിനാ? നമുക്കിപ്പോള്‍ ചായ വേണ്ട എന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ?''
ആദ്യമായി കാണുന്ന ഒരാളെപ്പോലെ ഇമവെട്ടാതെ ജേസിസാര്‍ പ്രേംനസീറിനെത്തന്നെ നോക്കിനിന്നത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്.