മലയാളത്തിന്റെ ഒരേയൊരു നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇരുപത്തിയാറാണ്ടാവുകയാണ്. കാമുകനായും ഭര്‍ത്താവായും ദുഷ്യന്തനും കൃഷ്ണനും അരോമലുണ്ണിയുമായെല്ലാം മൂന്ന് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന നസീറിനെക്കുറിച്ച് നമുക്ക് അറിയാത്ത ചില കാര്യങ്ങളെങ്കിലുമുണ്ട്. ഒന്ന് പരിശോധിക്കാം.

1. ഏറ്റവും കൂടുതല്‍ വടക്കന്‍പാട്ടുചിത്രങ്ങളില്‍ ഡബിള്‍ റോളില്‍ അഭിനയിച്ചത് നസീറാണ്. ആരോമലുണ്ണി, തച്ചോളി മരുമകന്‍ ചന്തു, കണ്ണപ്പനുണ്ണി.
2. നസീറിന്റെ പേരുള്ള രണ്ട് ചിത്രങ്ങളാണ് സി.ഐ.ഡി നസീര്‍, പ്രേംനസീറിനെ കാണാനില്ല എന്നിവ.
3. നസീര്‍ മൂന്നുവേഷങ്ങള്‍ ചെയ്ത ചിത്രങ്ങളാണ് പുഷ്പാഞ്ജലിയും എറണാകുളം ജംഗ്ഷനും.
4. നസീര്‍ അച്ഛനും മകനുമായി അഭിനയിച്ച ചിത്രങ്ങളാണ് കനല്‍കട്ടകള്‍, മകനേ നിനക്കുവേണ്ടി, ആനപ്പാച്ചന്‍, കടത്തനാട്ട് മാക്കം. ഈ ചിത്രങ്ങളില്‍ അച്ഛന്‍നസീര്‍ മരിച്ചതിനുശേഷമാണ് മകന്‍നസീര്‍ വരുന്നത്. അതുപോലെ ജ്യേഷ്ഠന്‍നസീര്‍ മരിച്ചതിനുശേഷം അനിയന്‍നസീര്‍ വരുന്ന ചിത്രമാണ് 'ഹണിമൂണ്‍'.
5. നസീര്‍ നസീറായിട്ട് അഭിനയിച്ച ചിത്രമാണ് ജയമാരുതിയുടെ 'ജിമ്മി'. ഇതില്‍ ഗസ്റ്റ് റോളായിരുന്നു നസീറിന്. 
6. 'പല്ലവി' എന്ന ചിത്രത്തില്‍ പുന്നാര മോനേ... എന്ന ഗാനത്തിലും 'ക്രിമിനല്‍സ്' എന്ന ചിത്രത്തില്‍ ദൈവം വന്ന് വിളിച്ചാല്‍പോലും... എന്ന ഗാനത്തിലും 'പത്മവ്യൂഹ'ത്തിലെ പഞ്ചവടിയിലെ വിജയശ്രീയോ... എന്ന ഗാനത്തിലും നസീറിന്റെ പേര് പ്രതിപാദിക്കുന്നുണ്ട്.
7. പ്രേംനസീറിന്റെ അച്ഛനായി ജയന്‍ അഭിനയിച്ച ചിത്രങ്ങളാണ് പിക്പോക്കറ്റും മല്ലനും മാതേവനും.
8. നസീറിന്റെ കൂടെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലഭിനയിച്ച ഷീല നസീറിന്റെ അമ്മയായി അഭിനയിച്ച സിനിമകളാണ് മല്ലനും മാതേവനും, മകനേ നിനക്കുവേണ്ടി, കടത്തനാട്ട് മാക്കം, ആനപ്പാച്ചന്‍
9. നസീറിനെവെച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചത് കുഞ്ചാക്കോയാണ്. അതില്‍ തിരിച്ചടി, തേനരുവി, ദുര്‍ഗ്ഗ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, ചെന്നായ വളര്‍ത്തിയ കുട്ടി എന്നീ കുഞ്ചാക്കോചിത്രങ്ങളില്‍ ഡബിള്‍ റോളിലും അഭിനയിച്ചു.
10. നസീര്‍ അഭിനയിക്കാത്ത ചിത്രങ്ങളാണ് മാളിക പണിയുന്നവര്‍, കോളിളക്കം, പ്രാദേശികവാര്‍ത്തകള്‍, തിരുത്തല്‍വാദി എന്നിവ. 'ചട്ടമ്പിക്കല്യാണി'യിലെ സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍... എന്ന ഗാനം 'മാളിക പണിയുന്നവരി'ലും 'വിളക്കും വെളിച്ചവും' എന്ന ചിത്രത്തിലെ പണ്ടു പണ്ട് രാജാവിന്റെ... എന്നു തുടങ്ങുന്ന ഗാനം 'കോളിളക്ക'ത്തിലും, 'തിരിച്ചടി'യിലെ വെള്ളത്താമര മൊട്ടുപോലെ... എന്നു തുടങ്ങുന്ന ഗാനം 'പ്രാദേശിക വാര്‍ത്തകളി'ലും 'രാജഹംസ'ത്തിലെ സന്ന്യാസിനി... എന്നു തുടങ്ങുന്ന ഗാനം 'തിരുത്തല്‍വാദി'യിലും വീണ്ടും കാണാം.
11. നസീറായിരുന്നു ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ മലയാളത്തിലെ അവതാരകന്‍. മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പുവിലെയും 70 എം.എം. ചിത്രമായ പടയോട്ടത്തിലെയും ഓര്‍വോ കളര്‍ചിത്രമായ കള്ളിച്ചെല്ലമ്മയിലെയും എ സര്‍ട്ടിഫിക്കറ്റ് ചിത്രമായ കല്യാണരാത്രിയിലെയും നായകന്‍ നസീറായിരുന്നു.
12. ആരണ്യകാണ്ഡത്തിലെ മഞ്ഞലച്ചാര്‍ത്തിലെ... എന്നു തുടങ്ങുന്ന ഗാനം നസീര്‍ ഡബിള്‍ റോളിലാണ് പാടിയഭിനയിച്ചത്.