1988 ഡിസംബറില്‍ ധ്വനിയുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ചിത്രഭൂമിയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂ ആയിരിക്കണം പ്രേംനസീര്‍ എന്ന നടന്റെ അവസാനത്തെ മാധ്യമ അഭിമുഖം. മകള്‍ ലൈലയുടെ പറയഞ്ചേരിയിലെ വസതിയില്‍ വെച്ചു നടന്ന ഈ കൂടിക്കാഴ്ചയില്‍ തന്റെ പല സ്വപ്‌നങ്ങളും അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി. 

നിര്‍മ്മാണ രംഗത്തേക്കു കൂടി പ്രേംനസീര്‍ പ്രേവശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്ന സമയമായിരുന്നു അത്. അതേക്കുറിച്ചുള്ള ലേഖകന്റെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോള്‍, നിര്‍മാതാവാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ സംവിധായകനാവാന്‍ ചില പരിപാടികളൊക്കെയുണ്ടെന്നും പ്രേംനസീര്‍ തുറന്നുപറഞ്ഞു. പലരില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. ഒന്നു രണ്ടെണ്ണം സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കെ.ആര്‍.ജിയുടെ ചിത്രമാണ്. ജൂലായ് മാസത്തില്‍ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശം. മോഹന്‍ലാലിനെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം  ചെയ്യാനുള്ള പരിപാടിയുമുണ്ട്- പ്രേനസറീര്‍ പറഞ്ഞു. പക്ഷെ, ജൂലായ് മാസം വരെ അദ്ദേഹത്തിന് കാലം ആയുസ്സു കൊടുത്തില്ല. 

താന്‍ ചെയ്യാന്‍ പോകുന്ന സിനിമ എങ്ങനെയാവണമെന്നതിനെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നില്‍ നിന്ന് ഒരു അവാര്‍ഡ് ഫിലിമൊന്നും പ്രതീക്ഷിക്കണ്ട, പ്രേക്ഷകരുടെ ആനന്ദമാണ് എന്റെ ലക്ഷ്യം. സിനിമയില്‍ ഞാന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും അത് മുന്നില്‍ കണ്ടായിരുന്നു. എന്റെ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമായിരിക്കും- പ്രേംനസീര്‍ ആ സ്വപ്‌നവും പങ്കുവെച്ചു. 

മൂന്നു പതിറ്റാണ്ട് നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ച നസീറിന് ഇനിയും ചില കഥാപാത്രങ്ങള്‍ മനസ്സിലുണ്ടായിരുന്നു. എം.ടിയുടെ സംവിധാനത്തില്‍ എനിയ്ക്കിണങ്ങുന്ന ഒരു കഥാപാത്രം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്, ടിപ്പു സുല്‍ത്താനിലെ ഹൈദര്‍ അലിയാണ് ചെയ്യാന്‍ കൊതിക്കുന്ന മറ്റൊരു വേഷം- നിത്യഹരിത നായകന്‍ ഉള്ളു തുറന്നു. 

പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത സമയമായിരുന്നു അത്. രാഷ്ട്രീയം തനിക്ക് താല്‍പ്പര്യമുള്ള വിഷയമാണെന്നും ആ രംഗത്തു പ്രേവശിച്ച സ്ഥിതിക്ക് സജീവമാകാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും പ്രേംനസീര്‍ പറയുകയുണ്ടായി. ഇടക്കാലത്ത് സിനിമയില്‍നിന്ന് അല്‍പ്പംവിട്ടുനിന്ന ശേഷം വീണ്ടും സജീവമായി വരുന്ന സമയം കൂടിയായിരുന്നു അത്. ഇടയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തി, ആ ഇടവേള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും കണ്ടുമനസ്സിലാക്കാനും ഉപയോഗിച്ചു. മിക്ക രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. റഷ്യയും ഓസ്ട്രേലിയയും മാത്രമാണ് ഇനി ബാക്കി. അവിടങ്ങളിലും അടുത്തു തന്നെ സന്ദര്‍ശിക്കണമെന്നുണ്ട്. അദ്ദേഹം പറഞ്ഞു. 

മുമ്പ് കുറച്ചൊക്കെ എഴുതിയിരുന്ന പ്രേംനസീറിന് ആ രംഗത്തും കൂറേക്കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. അതേകുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.  മുന്‍പ് ഞാന്‍ ചെറുകഥകളും ലേഖനങ്ങളുമൊക്കെ എഴുതുയിരുന്നു. ഒന്നുരണ്ട് പുസ്തകങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനിയും കൂടുതല്‍ എഴുതണം. സമയമുണ്ടല്ലോ, എഴുതിക്കളയാം അല്ലേ.. പ്രേംനസീര്‍ ചോദിച്ചു. ദിവസങ്ങള്‍ക്കകം മരണം പ്രേംനസീറിനെ തട്ടിയെടുക്കുമെന്ന് അദ്ദേഹമെന്നല്ല, ആരും കരുതിക്കാണില്ല. 1989 ജനുവരി 16 നായിരുന്നു പ്രേംനസീര്‍ കഥകളെയും കഥാപാത്രങ്ങളെയും വിട്ട് യാത്രയായത്.