പ്രേംനസീറിനെ കാണണം; ഒരഭിമുഖം തരപ്പെടുത്തണം. `ധ്വനി'യുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരിക്കുമ്പോള്‍ അത്രയേ ഉണ്ടായിരുന്നുള്ളു മനസ്സില്‍. ചെന്നപ്പോള്‍ കണ്ടത് ഒന്നല്ല, രണ്ടു നസീര്മാരെ. ഓര്‍മ്മകളെ ഇന്നും ആര്‍ദ്രമാക്കുന്ന ഒരനുഭവം.
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ എ ടി അബു സംവിധാനം ചെയ്യുന്ന പടത്തിന്റെ അവസാന ഷെഡ്യൂള്‍ നടക്കുകയാണ്. ഉച്ചക്ക് ചിത്രീകരണം കഴിഞ്ഞാല്‍ പ്രേംനസീര്‍ നേരെ ചെന്നൈയിലേക്ക് പറക്കും. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ വീണുകിട്ടുന്ന സമയത്ത് അഭിമുഖത്തിന് ഇരുന്നുതരാമെന്നായിരുന്നു നസീറിന്റെ വാഗ്ദാനം. ചിരകാല സ്വപ്നം സഫലമാകുന്നതിന്റെ ആവേശലഹരിയില്‍ തുടിക്കുന്നു മനസ്സ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിട്ടില്ലാത്ത ആളാണ് അല്‍പ്പനിമിഷങ്ങള്‍ക്കകം തൊട്ടു മുന്നില്‍ കയ്യെത്തുംദൂരെ വന്നിരിക്കുക.
സിവില്‍ സ്റ്റേഷനിലെ ആളൊഴിഞ്ഞ ഓഫീസ് മുറികളില്‍ ഒന്നില്‍ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയവുമായി നസീറിനെ കാത്തിരിക്കേ വാതിലിനപ്പുറത്ത് എണ്ണക്കറുപ്പാര്‍ന്ന ഒരു മുഖം തെളിയുന്നു. പരിഭ്രമം നിഴലിക്കുന്ന കണ്ണുകള്‍. നെറ്റിയിലേക്ക് വാര്‍ന്നുകിടക്കുന്ന തലമുടി. പതിനഞ്ചോ പതിനാറോ വയസ്സേ വരൂ. മുണ്ടും ഷര്‍ട്ടുമാണ് വേഷം. കുറച്ചുനേരം വാതില്ക്കല് മറഞ്ഞുനിന്നശേഷം മടിച്ചുമടിച്ചു മുറിക്കുള്ളിലേക്ക് കടന്നുവന്ന് അവന് പറഞ്ഞു; തമിഴ് കലര്‍ന്ന മലയാളത്തില്‍: ``നസീര്‍ സാര്‍ വരുമ്പോള്‍ ഒരു മിനിറ്റ് സംസാരിക്കാന്‍ സമ്മതിക്കണം. ഒരു കത്ത് കൊടുക്കാനാണ്. ഉടന്‍ പൊയ്ക്കൊള്ളാം.'' നിഷ്കളങ്കമായ ഒരു ഗ്രാമ്യതയുണ്ടായിരുന്നു ആ സംസാരശൈലിയില്‍. നസീര്‍ സാറിന്റെ ആരാധകനായിരിക്കാം. പറയാനുള്ളത് വിശദമായി എഴുതി നേരിട്ട് കയ്യില്‍ കൊടുക്കാന്‍ വന്നതാകാം. ഈ പ്രായത്തിലും ഇത്ര ചെറുപ്പക്കാരായ ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടല്ലോ നസീറിന് എന്നോര്‍ത്തായിരുന്നു അത്ഭുതം.
അഞ്ചു മിനിറ്റ് കൂടിയേ കാത്തിരിക്കേണ്ടി വന്നുള്ളൂ. കടും തവിട്ട് നിറമുള്ള സഫാരി സൂട്ടണിഞ്ഞ്, സുസ്മേരവദനനായി പ്രേംനസീര്‍ പ്രത്യക്ഷപ്പെടുന്നു -- ``ധ്വനി''യിലെ ജസ്റ്റിസ് രാജശേഖരന് നായരുടെ വേഷത്തില്‍. മലയാള സിനിമയുടെ മൂന്നു പതിറ്റാണ്ടുകളെ ദീപ്തമാക്കിയ മുഖം. ചുവന്നു തുടുത്ത കവിളുകളില്‍ പ്രായാധിക്യത്തിന്റെ ലാഞ്ഛന പോലുമില്ല. മെയ്ക്കപ്പ് മാന്റെ വിരുതാകുമോ? സ്വര്‍ണ ഫ്രെയിമുള്ള കണ്ണടയ്ക്കപ്പുറത്ത്, ചിരിക്കുമ്പോള്‍ കൂമ്പിയടയുന്ന കണ്ണുകള്‍. ഒറ്റനോട്ടത്തില്‍, സുന്ദരനായ ഒരു യുവനടന് വൃദ്ധനായി വേഷം കെട്ടിയപോലെ.
വൈകിപ്പോയതിലുള്ള ക്ഷമാപണത്തോടെ മുന്നിലെ കസേരയില്‍ വന്നിരുന്ന ശേഷം നസീര്‍ ഉള്ളിലെ പത്രലേഖകന്റെ ആരാധന കലര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങുന്നു; നെയ്യാറ്റിന്‍കര കോമളം തൊട്ടുള്ള സ്വന്തം നായികമാരെ പറ്റി, പോള്‍ മുനിയെപ്പോലെ തന്നെ സ്വാധീനിച്ച മഹാനടന്മാരെ പറ്റി, അഭിനയിച്ച അനശ്വര ഗാനരംഗങ്ങളെ പറ്റി, ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു പടം സംവിധാനം ചെയ്യാനുള്ള മോഹത്തെ പറ്റി... തിടുക്കത്തില്‍ ഉത്തരങ്ങള്‍ കുറിച്ചെടുക്കുമ്പോഴും കൗതുകം മായാത്ത ആ മുഖത്തായിരുന്നു ശ്രദ്ധ മുഴുവന്‍. വിശുദ്ധമായ ഒരു ശാന്തത കളിയാടുന്നു അവിടെ. എത്ര സുന്ദരിമാരെ മോഹിപ്പിച്ചിരിക്കാം ഈ മുഖം.
ഇടയ്ക്കെപ്പോഴോ വാതില്ക്കല് വീണ്ടും പയ്യന്റെ രൂപം. നസീറുമായുള്ള കൂടിക്കാഴ്ച്ചക്കായി അക്ഷമയോടെ കാത്തുനില്‍ക്കുകയാണ് അവന്. അകത്തു വിളിച്ചു വരുത്തി താരത്തെ പരിചയപ്പെടുത്തിയപ്പോള്‍ അമിതാവേശത്താല് പതറിപ്പോയ ശബ്ദത്തില്‍ അവന് പറഞ്ഞു: ``സാര്‍, ഞാന്‍ ശിവരാജന്റെ മകനാണ്. ഗൂഡല്ലൂരില്‍ നിന്ന് വരുന്നു. അപ്പ ഒരു കത്ത് തന്നേല്‍പ്പിച്ചിട്ടുണ്ട്. സാറിനു തരാനാണ്. ''ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് ഒരു കവര്‍ പുറത്തെടുത്തു നീട്ടി ഭവ്യതയോടെ ഒതുങ്ങി നില്ക്കുന്നു അവന്. എഴുത്ത് കൈപ്പറ്റി, അത്ഭുതത്തോടെ പയ്യന്റെ മുഖത്ത് നോക്കി നസീര്‍ പറഞ്ഞു: ``ഓഹോ.. ശിവരാജന് ഇത്രയും വലിയ മകനോ? അപ്പയ്ക്ക് സുഖമാണോ മോനെ? കണ്ടിട്ട് വര്ഷങ്ങളായില്ലേ. ബിസിനസ്സൊക്കെ എങ്ങനെ?'' ഒന്നും മിണ്ടാതെ ഞങ്ങളുടെ മുഖത്ത് മാറിമാറി നോക്കിനിന്നു ശിവരാജന്റെ മകന്. എന്നിട്ട് ആത്മഗതമെന്നോണം പറഞ്ഞു: ``അപ്പ പോയി; ഒരാഴ്ച മുന്‍പ്. കാന്‍സറായിരുന്നു. മരിക്കുന്നതിന് മുന്‍പ് എഴുതിത്തന്ന കത്താണ്. എന്ത് വന്നാലും നേരിട്ടു വന്ന് സാറിന്റെ കയ്യില്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞു.'' നസീറിന്റെ മുഖത്തെ പുഞ്ചിരിയുടെ തിളക്കം മായുന്നത് ആദ്യമായി കണ്ടു അപ്പോള്‍. കൈകൂപ്പി യാത്ര പറഞ്ഞു നടന്നുപോകുന്ന പയ്യനെ നിശബ്ദമായി പിന്തുടരുന്നു ആ കണ്ണുകള്‍.
കവര്‍ തുറന്നു കത്ത് വായിക്കുന്ന നസീറിനെ നോക്കിയിരിക്കേ ജിജ്ഞാസ അടക്കാനായില്ല. എന്തായിരിക്കാം അതിലെ ഉള്ളടക്കം? ഗൂഡല്ലൂരിലെ ഏതോ ഒരു കച്ചവടക്കാരന് മലയാളസിനിമയുടെ നിത്യവസന്തനായകനുമായി ബന്ധമെന്ത് ? അറിയണമെന്നുണ്ടായിരുന്നു. പക്ഷേ നേരിട്ടു ചോദിക്കുന്നതെങ്ങനെ. അധികപ്രസംഗമാവില്ലേ? എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം നസീറിന്റെ മുഖത്ത് ഒരു നേര്‍ത്ത ചിരി പടരുന്നു. അഭിമുഖം മുറിഞ്ഞുപോയതില്‍ വീണ്ടുമൊരു ക്ഷമാപണം.
``സോറി. ചില പഴങ്കഥകള്‍ ഓര്‍മ്മവന്നു. ഈ ശിവരാജന്റെത് വിചിത്രമായ കഥയാണ്. സിനിമയെ ജീവനെപ്പോലെ സ്നേഹിക്കുകയും ഒടുവില്‍ അത്രതന്നെ തീവ്രമായി വെറുക്കുകയും ചെയ്ത ഒരാളുടെ കഥ. അയാളുടെ മകന് പോലും അതറിഞ്ഞിട്ടുണ്ടാവില്ല. ആരെങ്കിലുമൊക്കെ അറിയേണ്ട കഥയാണെന്ന് തോന്നുന്നു. അനിയന് കേള്‍ക്കാന്‍ ക്ഷമയുണ്ടെങ്കില്‍ പറയാം.''സിനിമയുടെ ഭ്രമാത്മക ലോകത്തിനു പിറകെ അലഞ്ഞുനടന്ന് ജീവിക്കാന്‍ പോലും മറന്നുപോകുന്നവര്‍ക്ക് ഈ കഥ കൊണ്ട് വല്ല പ്രയോജനവുമുണ്ടായാലോ എന്നോര്‍ത്തിരിക്കണം പ്രേംനസീര്‍.
1970 കളുടെ തുടക്കത്തിലാവണം. സിനിമയില്‍ ശ്വാസം മുട്ടിക്കുന്ന തിരക്കാണ് അന്ന് നസീറിന്. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പറന്നു നടക്കുന്ന കാലം. പതിവുപോലെ ഒരു നാള് കാലത്ത് ഷൂട്ടിംഗിന് തയ്യാറായി ഇറങ്ങുമ്പോള്‍ ഗേറ്റിന് മുന്നില്‍ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യരൂപം. കായംകുളത്തു നിന്ന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി വന്നിരിക്കയാണ്. ആഴ്ചകളായി സിനിമാ ലൊക്കേഷനുകളിലും സ്റ്റുഡിയോ കവാടങ്ങള്‍ക്ക് മുന്നിലും പതിവായി വന്നു കാത്തുനില്‍ക്കാറുണ്ടെങ്കിലും ഇതുവരെ നസീറിന്റെ കണ്ണില്‍ പെട്ടിട്ടില്ല. നാട്ടില്‍ നിന്ന് കൊണ്ടുവന്ന കാശ് മുഴുവന്‍ തീര്‍ന്നു. പട്ടിണി കിടന്നും പൈപ്പുവെള്ളം കുടിച്ചും മദ്രാസ് നഗരത്തില്‍ അലഞ്ഞു നടക്കുകയാണയാള്‍. ``അഭിനയം എന്ന് വെച്ചാല്‍ എനിക്ക് ജീവനാണ് സാര്‍. എന്ത് റോളും കൈകാര്യം ചെയ്യും. ചോദിച്ചവരെല്ലാം പറയുന്നു നസീര്‍ സാര്‍ വിചാരിച്ചാല്‍ അവസരം കിട്ടുമെന്ന്. എന്നെ രക്ഷിക്കണം.'' -- നസീറിന്റെ കാലുകളില്‍ കമിഴ്ന്നുവീണ് ശിവരാജന് യാചിക്കുന്നു.
ദിനംപ്രതിയെന്നോണം ഇത്തരക്കാരെ കണ്ടുമുട്ടാറുള്ളതിനാല് അത്ഭുതം തോന്നിയില്ലെന്ന് നസീര്‍. ചെറിയൊരു തുക നിര്‍ബന്ധിച്ചു കയ്യിലേല്‍പ്പിച്ച ശേഷം ശിവരാജനെ നസീര്‍ ഉപദേശിച്ചു: ``അഭിനയമോഹം ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു ചെന്ന് എന്തെങ്കിലും മാന്യമായ തൊഴില്‍ ചെയ്തു ജീവിക്കൂ. സിനിമക്ക് പിന്നാലെ അലഞ്ഞു ജീവിതം പാഴാക്കരുത്.'' അതീ ജന്മം നടക്കില്ലെന്ന് ശിവരാജന്റെ മറുപടി. നാട്ടില്‍ ഒരു കുത്തുകേസില്‍ പെട്ട് കുറച്ചുകാലം ജയിലിലായിരുന്നത്രെ അയാള്‍. തിരിച്ചു ചെന്നാല്‍ കൊന്നുകളയുമെന്നാണ് ശത്രുക്കളുടെ ഭീഷണി. എന്ത് വന്നാലും സിനിമാനഗരം വിട്ടു മടങ്ങിപ്പോകുന്ന പ്രശ്നമില്ല. അഭിനയിക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ സംവിധായകനോ ക്യാമറാമാനോ വരെ ആകാന്‍ തയ്യാറാണെന്നായിരുന്നു ശിവന്റെ നിലപാട്. സിനിമയുടെ വഴികളെ കുറിച്ച് കാര്യമായ പിടിപാടൊന്നുമില്ല അയാള്‍ക്കെന്ന് അപ്പോള്‍ മനസ്സിലായി.
പട്ടിണി കിടന്ന് കിടന്ന് ഒടുവില്‍ ശിവരാജന് എവിടെയെങ്കിലും കുഴഞ്ഞുവീഴുമോ എന്നായിരുന്നു നസീറിന്റെ പേടി. വീണ്ടും വീണ്ടും ഉപദേശിച്ചു നോക്കി. എന്ത് ഫലം? തന്റെ ജീവിതത്തില്‍ നിന്ന് ഈ മനുഷ്യന് അത്ര വേഗം മാഞ്ഞുപോകില്ലെന്ന് നിത്യഹരിതനായകന് മനസ്സിലാക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത അഞ്ചാറാഴ്ച തുടര്‍ച്ചയായി എല്ലാ ദിവസവും മഹാലിംഗപുരത്തെ നസീറിന്റെ വീടിനു മുന്നില്‍ അതിരാവിലെ ശിവരാജന് ഹാജര്‍. ``ദിവസം ചെല്ലുന്തോറും അയാളുടെ മുഖത്തെ ക്ഷീണവും കരുവാളിപ്പും കൂടിക്കൂടി വന്നു. കാഴ്ച്ചയില്‍ ഭ്രാന്തനെപ്പോലെയായി അയാള്‍. എങ്ങനെയും അയാളെ സഹായിക്കണം എന്നുണ്ടായിരുന്നു. പക്ഷേ സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകവും ഉണ്ടായിരുന്നില്ല അയാളുടെ സങ്കല്പ്പങ്ങളില്.''
നിരന്തരമായ ഉപദേശങ്ങള്‍ക്കൊടുവില്‍ ജീവിക്കാന്‍ വേണ്ടി ഒരു ജോലി ഏറ്റെടുക്കാന്‍ സമ്മതിക്കുന്നു ശിവരാജന്. സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി ശിവന് ഒരു ഇസ്തിരിക്കടയിട്ടുകൊടുത്തത് നസീര്‍ തന്നെ; സഞ്ചരിക്കുന്ന ഇസ്തിരിക്കട. പൂര്‍ണ മനസ്സോടെയല്ലെങ്കിലും നസീര്‍ താമസിക്കുന്ന ലേഡി മാധവന് നായര്‍ കോളനിയുടെ പരിസരത്ത് ഇസ്തിരിവണ്ടിയുന്തി സഞ്ചരിച്ചുതുടങ്ങുന്നു ശിവന്. ``പുറത്തിറങ്ങുമ്പോള്‍ വഴിയിലെങ്ങും ശിവനെ കണ്ടില്ലെങ്കില്‍ എനിക്ക് വേവലാതിയാണ്. പിന്നെയും സിനിമയുടെ പിറകേ പോയിക്കാണുമോ അയാള്‍ എന്ന്''-- നസീര്‍. പതുക്കെ തന്റെ ജോലിയുമായി ഇണങ്ങിച്ചേരുന്നു ശിവന്. മദ്യപാനവും പുകവലിയും പോലുള്ള ദുശീലങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇസ്തിരിക്കടയില്‍ നിന്നുള്ള വരുമാനം സ്വരുക്കൂട്ടി നഗര പ്രാന്തത്തില്‍ ഒരു ഡ്രൈ ക്ളീനിങ്ങ് കട തുടങ്ങുന്നു അയാള്‍.
ശിവരാജന്റെ ജീവിതം പച്ച പിടിക്കുകയായിരുന്നു. എങ്കിലും സിനിമയോടുള്ള ഭ്രമം പൂര്‍ണ്ണമായി ഉപേക്ഷിക്കാനാകുമായിരുന്നില്ല അയാള്‍ക്ക്. അതുകൊണ്ടാവണം ഏതോ സ്റ്റുഡിയോ പരിസരത്തു വെച്ച് കണ്ടുമുട്ടിയ സീത എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ശിവന് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോന്നത്. നസീറിന്റെ ശുപാര്‍ശയില്‍ കോടമ്പാക്കത്ത് ഒരു കൊച്ചു വാടക വീടും സംഘടിപ്പിച്ചു അയാള്‍. ``ഇടക്കൊക്കെ എന്നെ കാണാന്‍ വരും. എപ്പോഴും നിറഞ്ഞ ചിരിയോടെയാണ് വരിക. പഴയ അസ്ഥികൂടത്തിന്റെ സ്ഥാനത്ത് ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരന്. വലിയ സന്തോഷവും സംതൃപ്തിയും തോന്നി. എത്ര തടയാന്‍ ശ്രമിച്ചാലും കാലില്‍ വീണിട്ടേ തിരിച്ചുപോകൂ. യാത്ര പറയുമ്പോള്‍ വാവിട്ടു കരയുകയും ചെയ്യും''-- നസീറിന്റെ വാക്കുകള്‍. ``കുഞ്ഞ് ജനിച്ച വിവരം അറിയിക്കാന്‍ ഭാര്യയേയും കൂട്ടി മധുരപലഹാരവുമായി ഒരിക്കല്‍ എ വി എം സ്റ്റുഡിയോയില്‍ കാണാന്‍ വന്നത് ഓര്‍മ്മയുണ്ട്. ശിവന്റെ മാറ്റത്തില്‍ ശിവനേക്കാള്‍ സന്തോഷം എനിക്കായിരുന്നു എന്നതാണ് സത്യം.''
പക്ഷേ അധികം നീണ്ടില്ല ആ വസന്തകാലം. വരുമാനം കൂടിയതോടെ ശിവരാജന്റെ കുടുംബബന്ധത്തിലും ഉണ്ടായി അപശ്രുതികള്‍. ഭര്‍ത്താവിനെ പോലെ സിനിമയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിഞ്ഞുനില്ക്കാന് കഴിയുമായിരുന്നില്ല ശിവന്റെ ഭാര്യയ്ക്ക്. അല്ലറ ചില്ലറ റോളുകള്‍ക്കു വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറായിരുന്നു അവര്‍. സ്വാഭാവികമായും വീട്ടില്‍ കലഹമൊഴിഞ്ഞ നേരമില്ലാതായി. കാമുകനൊപ്പം മദ്യപിച്ചു വീട്ടില്‍ വന്ന് ഭര്‍ത്താവിനെയും മകനേയും ഉപദ്രവിക്കുന്ന ഘട്ടം വരെ എത്തി അത്.
``ഒരു ദിവസം മകനെയും കൂട്ടി ശിവന് എന്നെ കാണാന്‍ വന്നു. സ്വന്തം കട ഭാര്യയുടെ പേരില്‍ എഴുതിക്കൊടുത്ത് നാട് വിട്ടു പോകാനുള്ള ഒരുക്കത്തിലായിരുന്നു അയാള്‍. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ അയാള്‍ക്ക് നല്കിയ ഉപദേശം. സിനിമയിലെ ഡ്രൈ ക്ളീനിംഗ് ജോലികളുടെ കരാര്‍ സംഘടിപ്പിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ ആദ്യമായി അയാള്‍ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കണ്ടു. സിനിമ എന്ന വാക്കേ വെറുത്തു തുടങ്ങിയിരുന്നു ശിവന്. കാലത്തിന്റെ ഇന്ദ്രജാലം എന്നല്ലാതെ എന്ത് പറയാന്‍.'' നസീര്‍ നല്കിയ തുകയുമായി മകനെയും കൂട്ടി താമസിയാതെ ഗൂഡല്ലൂരിലേക്ക് യാത്രയാകുന്നു ശിവരാജന്. ``യാത്ര പറയാന്‍ വന്ന ദിവസം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത് ഓര്‍മ്മയുണ്ട്. അതായിരുന്നു അവസാന കൂടിക്കാഴ്ച..''
ശിവരാജന്റെ ശിഷ്ട ജീവിതത്തിന്റെ കഥ നസീര്‍ അറിഞ്ഞത് മകന് കൈമാറിയ കത്തില്‍ നിന്നാണ്. ആ കഥയുടെ രത്നച്ചുരുക്കം ഇങ്ങനെ: ഗൂഡല്ലൂരില്‍ ഒരു കൊച്ചു ഇസ്തിരിക്കട തുടങ്ങിക്കൊണ്ട് ജീവിതം ഒന്നില്‍ നിന്ന് വീണ്ടും കരുപ്പിടിപ്പിക്കുന്നു ശിവന്. മകന് മാത്രമേ ഉണ്ടായിരുന്നുള്ളൂ പുതിയ യാത്രയില്‍ കൂട്ടായി. അവനെ പഠിപ്പിക്കുക മാത്രമല്ല തൊഴിലില്‍ തനിക്കിണങ്ങുന്ന പിന്‍ഗാമിയാക്കി വളര്‍ത്തിയെടുക്കുക കൂടി ചെയ്തു ശിവന്. മരണശേഷം തന്റെ ബിസിനസ്സിന്റെ ചുമതല അവന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു അയാള്‍ക്ക്. തൊട്ടടുത്ത് എത്തിനില്‍ക്കുന്ന മരണത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണയാള്‍.
കത്ത് അവസാനിപ്പിക്കും മുന്‍പ് വികാരനിര്‍ഭരമായ ഒന്നുരണ്ടു വരികള്‍ കൂടി കുറിച്ചിട്ടുണ്ട് ശിവരാജന്: ``ദൈവത്തേക്കാള്‍ എനിക്ക് കടപ്പാടുള്ളത് ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സഹായിച്ച നസീര്‍ സാറിനോടാണ്. പല തവണ വിഷം കഴിച്ചു മരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ പിന്തിരിപ്പിച്ചത് സാറിന്റെ സ്നേഹ പൂര്‍ണ്ണമായ പുഞ്ചിരിയാണ്. എന്നോട് അങ്ങ് കാണിച്ച സ്നേഹം എന്റെ മകനോടും ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിക്കുന്നു...'' കത്തില്‍ നോക്കി നിശബ്ദനായിരിക്കുന്ന നസീറിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാനായില്ല.
അഭിമുഖം അവസാനിക്കുകയാണ്. അടുത്ത ഷോട്ടിന് സമയമായി. `ധ്വനി'യിലെ ന്യായാധിപനാകാന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കുകയാണ് നസീര്‍. നന്ദി പറഞ്ഞു പിരിയവേ യാത്രയാക്കാനായി സിവില്‍ സ്റ്റേഷന്റെ വരാന്തയിലൂടെ കുറച്ചു ദൂരം ഒപ്പം നടന്നു അദ്ദേഹം. നടക്കുന്നതിനിടെ സ്നേഹപൂര്‍വ്വം ചുമലില്‍ കൈയിട്ടുകൊണ്ട് ഒരു ചോദ്യം കൂടി: ``കത്തുമായി എന്നെ കാണാന്‍ വന്ന ആ കുട്ടിയുടെ പേരെന്തെന്ന് അറിയുമോ അനിയന്?'' ഇല്ലെന്നു തലയാട്ടിയപ്പോള്‍ ചിരിയോടെ നസീര്‍ പറഞ്ഞു: ``പ്രേംനസീര്‍. അവന് ആ പേരു കൊണ്ട് ഗുണമുണ്ടാകുമോ എന്തോ. പാവം ശിവന് എന്നോടുള്ള സ്നേഹം കൊണ്ട് ഇട്ട പേരായിരിക്കാം..''
ക്യാമറക്കു മുന്നിലേക്ക് തിടുക്കത്തില്‍ നടന്നുപോകുന്ന പ്രേംനസീറിനെ വെറുതെ നോക്കിനിന്നു കുറെ നേരം; കാഴ്ച്ചയില്‍ നിന്ന് മായും വരെ. എത്രയെത്ര കൊച്ചു കൊച്ചു ജീവിതങ്ങളെ സ്വന്തം മനസ്സിന്റെ നന്മ കൊണ്ട് പ്രകാശമാനമാക്കിയിരിക്കും ഈ വലിയ മനുഷ്യന്...
അതായിരുന്നു അവസാന കാഴ്ച. ``ധ്വനി'' പുറത്തിറങ്ങി ഒരു മാസം തികയും മുന്‍പ് പ്രേംനസീര്‍ ഓര്‍മ്മയായി - 1989 ജനുവരി 16 ന് .