ങ്ങനാശേരി എസ് ബി കോളജിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു പ്രേം നസീര്‍. അവിടെ പഠിച്ചിരുന്ന കാലത്ത് നസീര്‍ ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസ് അടക്കമുള്ള നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഷൈലോക്ക്‌ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അതില്‍ അവതരിപ്പിച്ചിരുന്നത്. 

പ്രീഡിഗ്രിക്ക് പഠിക്കാനാണ് ഞാന്‍ എസ് ബി കോളജില്‍ ചെല്ലുന്നത്. അന്നും ഇന്നും അവിടുത്തെ നാടകമല്‍സരവും പ്രേം നസീര്‍ ട്രോഫിയും പ്രെസ്റ്റീജിയസ് ആണ്. ഞാന്‍ ജോയിന്‍ ചെയ്ത വര്‍ഷം പ്രേം നസീറിന്റെ പേരിലുള്ള ബെസ്റ്റ് ആക്ടര്‍ ട്രോഫി കിട്ടിയത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനാണ്. ട്രോഫി വാങ്ങുന്ന മാര്‍ട്ടിനെ അല്‍പ്പം ആരാധനയോടെയാണ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ ഞാന്‍ അന്ന് നോക്കിക്കണ്ടത്. തൊട്ടടുത്ത വര്‍ഷം ഞാനും നാടക മല്‍സരത്തില്‍ പങ്കെടുത്തു. റിസല്‍ട്ട് അനൗണ്‍സ് ചെയ്യുന്ന സമയത്ത് മാര്‍ട്ടിന്റെ പേര് വിളിച്ചുപറയുമ്പോള്‍ കയ്യടിക്കാന്‍ റെഡിയായി നിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ പേരാണ് അനൗണ്‍സ് ചെയ്തത്. അപ്പോള്‍ മാര്‍ട്ടിന്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

പക്ഷേ, വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത വര്‍ഷത്തെ നാടകത്തില്‍ മാര്‍ട്ടിന്‍ എന്നെയും ടീമില്‍ എടുത്തു. അന്നു തുടങ്ങിയ സൗഹൃദമാണ് 'ബെസ്റ്റ് ആക്ടര്‍' എന്ന സിനിമിയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായി ഞങ്ങളെ രണ്ടുപേരെയും മലയാളസിനിമയില്‍ എത്തിച്ചത്. എറണാകുളം സരിത തീയേറ്ററില്‍ ആ സിനിമയുടെ ആദ്യ ഷോ കാണാന്‍ നെഞ്ചിടിപ്പോടെ ഒന്നിച്ചിരുത്തിയതും അന്നു തുടങ്ങിയ സൗഹൃദം തന്നെ. ആ സ്നേഹം ഇന്നും ബെസ്റ്റായി തുടരുന്നു.

അന്ന് ഒരു പ്രീഡിഗ്രിക്കാരനെ സംബന്ധിച്ചിടത്തോളം, മികച്ച നടനുള്ള പ്രേം നസീറിന്റെ പേരിലുള്ള ആ ട്രോഫിക്ക് വലിയ അര്‍ത്ഥങ്ങളുണ്ടായിരുന്നു. ഞാന്‍ എസ് ബി കോളജില്‍ ചേരുന്ന കാലത്ത്, അവിടെ പഠിച്ച പ്രശസ്തനായ ഒരാള്‍ എന്ന നിലയില്‍ പ്രേം നസീറിനെക്കുറിച്ചുള്ള പല കഥകളും കോളജില്‍ പ്രചരിച്ചിരുന്നു. ഈ ക്ലാസിലാണ് നസീര്‍ പഠിച്ചത്, ഈ ബഞ്ചിലാണ് ഇരുന്നത്, നസീര്‍ ഈ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്, ഈ കട്ടിലിലാണ് കിടന്നത്... ഇങ്ങനെയും പല പല അടയാളപ്പെടുത്തലുകള്‍.

ഞാന്‍ ആദ്യം കാണുന്ന നസീര്‍ ചിത്രം ആട്ടക്കലാശമാണ്. പിന്നീട് ധ്വനി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും മൈ ഡിയര്‍ കുട്ടിച്ചാത്തനാണ് നസീറിക്കുറിച്ച് നിറമുള്ള ഒരോര്‍മ നല്‍കുന്നത്. ആ ചിത്രത്തിന്റെ തുടക്കത്തിലുള്ള വിവരണം തരുന്നത് അദ്ദേഹമാണ്. ആ സംഭാഷണമൊക്കെ അന്നേ മനസില്‍ കയറി. പിന്നീട് പ്രേം നസീര്‍ പഠിച്ച കോളേജില്‍, അദ്ദേഹത്തിന്റെ പേരിലുള്ള ട്രോഫി മൂന്നു തവണ ഏറ്റുവാങ്ങുമ്പോള്‍ നസീര്‍ കൂടുതല്‍ ഹൃദയത്തോടു ചേര്‍ന്നു.

അന്നത്തെ 'പോപ്പുലര്‍ കലാരൂപമായ' മിമിക്രിയിലൂടെ തിളങ്ങി നില്‍ക്കുന്ന ഒരു നസീര്‍ഓര്‍മയാണ് എനിക്ക് കോട്ടയം നസീര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് യൂണിയന്‍ ഭാരവാഹിയായി തിളങ്ങി നിന്നിരുന്ന സമയത്ത് എസ് ബി കോളജില്‍ മിമിക്രി അവതരിപ്പിക്കാന്‍ ഉണ്ടപ്പക്രുവിന് പകരക്കാരനായി ഒരിക്കല്‍ കോട്ടയം നസീര്‍ വന്നു. അന്ന് അദ്ദേഹം കറുകച്ചാല്‍ നസീര്‍ ആണ്. പകരക്കാരനായി വന്ന ആ മിമിക്രിക്കാരനെ ആദ്യം വിദ്യാര്‍ത്ഥികള്‍ അത്ര വകവച്ചില്ല. പക്ഷേ, പ്രേം നസീറിനെ അനുകരിച്ച് പുള്ളി എസ് ബി കോളജിനെ മുഴുവന്‍ കയ്യിലെടുത്തു. അന്നത്തെ ആ പരിപാടിയെത്തുടര്‍ന്ന് ഒരുപാട് ബുക്കിംഗ് അദ്ദേഹത്തിനു കിട്ടി; പിന്നെ കറുകച്ചാല്‍ നസീര്‍ കോട്ടയം നസീറായി.

എസ് ബി കോളജില്‍ നിന്ന് ഉപരി പഠനത്തിന് എറണാകുളം മഹാരാജാസില്‍ എത്തിയപ്പോള്‍, സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് അത് മമ്മൂട്ടി പഠിച്ച കോളേജായിരുന്നു. ഒരുപാട് കലാകാരന്മാരുടെയും എഴുത്തുകാരന്മാരും ബഹുമുഖപ്രതിഭകളുടെയും കോളേജ് എന്ന നിലയില്‍ പ്രശസ്തമായിരുന്നു മഹാരാജാസ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിലീപ്, സലിംകുമാര്‍, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു... മഹാരാജാസും ആഴമുള്ള സൗഹൃദങ്ങള്‍ സമ്മാനിച്ചു. 

പഠിപ്പിച്ചതും നസീറിന്റെ സിനിമ

സിനിമയിലൂടെയും വായനയിലൂടെയും കണ്ടറിഞ്ഞ നസീറാണ് എനിക്ക് ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍. പൊന്‍കുന്നത്തിനടുത്ത് ഇടക്കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായ ഞാന്‍, ഹയര്‍ സെക്കന്ററിയില്‍ ഇരുട്ടിന്റെ ആത്മാവിന്റെ തിരക്കഥ പഠിപ്പിച്ചിട്ടുണ്ട്. സിനിമാക്കാരനായ അധ്യാപകന്‍ എന്ന നിലയില്‍ ഹൈസ്്കൂളിലെ കുട്ടികള്‍ക്കും ഇരുട്ടിന്റെ ആത്മാവിനെക്കുറിച്ച് ക്ലാസുകള്‍ എടുത്തിട്ടുണ്ട്. 

ഇപ്പോള്‍ ഡിസി ബുക്‌സിനു വേണ്ടി ഞാന്‍ ചെയ്യുന്ന പുസ്തകത്തിലും ഇരുട്ടിന്റെ ആത്മാവ് കടന്നുവരുന്നുണ്ട്. മലയാള സിനിമയിലെ ജനകീയമായ 60 ഡയലോഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകമാണ് തയ്യാറാക്കുന്നത്. അതില്‍ ഇരുട്ടിന്റെ ആത്മാവിലെ 'എനിക്ക് ഭ്രാന്താണ്, എന്നെ ചങ്ങലയ്ക്കിടൂ' എന്ന പ്രശസ്തമായ ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 725 ചിത്രങ്ങളില്‍ നായകനായിരുന്ന, ഇത്രയും ശക്തമായ ട്രാക്ക് റെക്കോര്‍ഡുള്ള ഒരാളെ ഒഴിവാക്കിക്കൊണ്ട് മലയാള സിനിമയെക്കുറിച്ച് ഒരു പുസ്തകവും സാധ്യമല്ല. അദ്ദേഹത്തെ മാറ്റിനിര്‍ത്തി മലയാള സിനിമയുടെ ചരിത്രം പറയാനും സാധിക്കില്ല. 

ഞാന്‍ പഠിച്ച രണ്ടു കോളെജുകളിലും പ്രേം നസീര്‍, മമ്മുക്ക എന്നീ രണ്ടു വന്‍വൃക്ഷങ്ങള്‍ തലയെടുപ്പോടെ ശാഖകള്‍ വിരിച്ചു നിന്നിരുന്നു. അതിന്റെ തണലും തണുപ്പും ഹരിതഭംഗികളും ഞങ്ങളിലെ സിനിമാമോഹത്തെ കൂടുതല്‍ തീക്ഷ്ണമാക്കിയിട്ടുണ്ട്്. ഇവിടെ വരെയെത്താന്‍ പ്രേരകശക്തിയായിട്ടുണ്ട്. ഒരു പ്രേം നസീര്‍ ട്രോഫിയിലൂടെ എനിക്കും മാര്‍ട്ടിനും ഇടയില്‍ ഉണ്ടായ ആദ്യത്തെ 'ശത്രുത'യും അതിനു പിന്നാലെ രൂപപ്പെട്ട വലിയ സൗഹൃദവും, മഹാരാജാസില്‍ നിന്ന്് കിട്ടിയ അന്‍വര്‍ റഷീദ് അടക്കമുള്ള പ്രിയപ്പെട്ട സൗഹൃദങ്ങളും... ഒന്നോര്‍ത്താല്‍ എല്ലാത്തിന്റെയും തുടക്കം പ്രേം നസീര്‍ എന്ന വലിയ മനുഷ്യന്‍ അഭിനയകലയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ആ ബെസ്റ്റ് ആക്ടര്‍ ട്രോഫി തന്നെയല്ലേ.