ഷാര്‍ജ: കണ്ടാല്‍ കൊതിതീരാത്ത കാഴ്ചയുടെ പട്ടികയിലേക്ക് യു.എ.ഇ.യിലെ കലാസ്വാദകര്‍ ഒരുപേരുകൂടി വെള്ളിയാഴ്ച എഴുതിച്ചേര്‍ത്തു. ക്ലാസിക്കല്‍, റോക്ക് ചുവടുകളുമായി പ്രഭുദേവയും സംഘവും ഷാര്‍ജയില്‍ അവതരിപ്പിച്ച 'മാതൃഭൂമി ലൈവ് വിത്ത് ദ ലെജന്‍ഡ്‌സ്'  കാഴ്ചക്കാര്‍ക്ക് പെരുവിരുന്നൊരുക്കി. തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് യു.എ.ഇ.യില്‍ ആഘോഷരാവിന് മാതൃഭൂമി ആതിഥേയത്വംവഹിക്കുന്നത്.

സീറ്റുകള്‍ ഉറപ്പിച്ച് വെള്ളിയാഴ്ച ഉച്ചയോടെത്തന്നെ ദുബായിലും അജ്മാനിലുമെല്ലാമുള്ള ആസ്വാദകര്‍ ഷാര്‍ജയിലേക്ക് നീങ്ങി, വെയിലാറുംമുമ്പുതന്നെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കൈവഴികളിലെല്ലാം നീണ്ടനിരനിറഞ്ഞു.  സുരക്ഷ ഉറപ്പാക്കി ഷാര്‍ജ പോലീസുമുണ്ടായിരുന്നു.

യു.എ.ഇ. സമയം വൈകീട്ട് അഞ്ചോടെ പ്രവേശനകവാടം തുറന്നു. നാലുനിലകളിലായി അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുെവച്ച സ്റ്റേജില്‍ 7.30ന് തിരിതെളിഞ്ഞു. 'ടേക്ക് ഇറ്റ് ഈസി പോളിസി...'യെന്ന ഹിറ്റ് പാട്ടിന്റെ താളത്തിനൊത്തായിരുന്നു പ്രഭുദേവയുടെ കടന്നുവരവ്. ആരാധകര്‍ ആര്‍പ്പുവിളികളോടെ നൃത്തനായകനെ വരവേറ്റു. ശരീരത്തിെന്റ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ചുവടുകള്‍.
 
വിടപറഞ്ഞ ബോളിവുഡ് താരം ശ്രീദേവിയുടെ ഓര്‍മകള്‍ക്കുമുന്‍പില്‍ ലൈവ്‌ഷോ പ്രണാമമര്‍പ്പിച്ചു. 'മിന്‍സാരക്കനവി'ലെ 'വെണ്ണിലവേ... വെണ്ണിലവേ...' എന്നപാട്ടിനൊത്താണ് പ്രഭുദേവയും പ്രണിതയും നൃത്തമാടിയത്. ഉറുമിയിലെ ഗാനത്തിന്റെ അകമ്പടിയില്‍ ക്ലാസിക്കല്‍ ചുവടുമായി നിക്കി ഗല്‍റാണി വേദിയിലെത്തി. ഇന്ത്യക്കുപുറത്തുനിന്നെത്തിയ നര്‍ത്തകരെ ആടിത്തോല്‍പ്പിച്ച് ഇഷ തല്‍വാര്‍ കൈയടിനേടി. രജനീകാന്ത് ചിത്രം 'കബാലി'യുടെ തീംസോങ്ങാണ് ധന്‍സികയ്ക്ക് കൂട്ടുവന്നത്. നൃത്തത്തിന്റെ വേഗത്തോട് മത്സരിച്ചാണ് ശങ്കര്‍ മഹാദേവന്റെ ശബ്ദവും ശിവമണിയുടെ മാന്ത്രികവിരലുകളും സഞ്ചരിച്ചത്.

നൃത്തരാവിന്റെ ഒടുവില്‍ വന്ദേമാതരം ഗാനത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി പ്രഭുദേവ കാഴ്ചക്കാര്‍ക്കുമുന്നിലെത്തി. ആസ്വാദകരെ ഇളക്കിമറിച്ച 'മുക്കാല... മുക്കാബല' ഗാനത്തോടെ ലൈവ് വിത്ത് ദ ലെജന്‍ഡ്‌സിന് തിരശ്ശീലവീണു.

Content Highlights: PrabhuDeva LiveWithTheLegends Dance Concert ClubFM