ടുലമായ ചുവടുവെപ്പുകളിലൂടെയാണ് പ്രഭുദേവ ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കെത്തുന്നത്. മുത്തശ്ശിക്കഥപോലെ അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചതായിരുന്നു ആ ജീവിതം. മൈസൂരില്‍ ജനിച്ച് ചെന്നൈയില്‍ വളര്‍ന്ന ബാല്യം. പഠനത്തില്‍ ഉഴപ്പി കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടന്നവന്റെ കാലില്‍ ചിലങ്ക കയറുന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്.

സിനിമാനൃത്തസംവിധായകനായിരുന്നു പിതാവ് സുന്ദരം. കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം സംഗീതത്തോടും നൃത്തത്തോടും അടുപ്പിക്കുന്നതായിരുന്നു. സഹോദരങ്ങളായ രാജു സുന്ദരവും നാഗേന്ദ്ര പ്രസാദും ചിലങ്കവഴിയേതന്നെയാണ് നടന്നുനീങ്ങിയത്. തിരിച്ചറിവുണ്ടായിത്തുടങ്ങിയ കാലംമുതല്‍ തന്റെ വഴിയും  നൃത്തംതന്നെയാണെന്ന്  പ്രഭുദേവ മനസ്സിലുറപ്പിക്കുകയായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. ഭരതനാട്യവും പാശ്ചാത്യനൃത്തരീതികളും പഠിച്ചെടുത്തശേഷമാണ് സിനിമയിലേക്കുള്ള രംഗപ്രവേശം.
അച്ഛന്റെ സഹായിയായി സിനിമാസെറ്റുകളില്‍ കയറിയിറങ്ങിയവന്‍ മണിരത്‌നം സംവിധാനം ചെയ്ത അഗ്‌നിനക്ഷത്രമെന്ന തമിഴ് സിനിമയിലൂടെ ആദ്യമായി സ്വന്തം നമ്പറുകള്‍ പുറത്തെടുത്തു. നടന്‍ കാര്‍ത്തിക് ആടിത്തകര്‍ത്ത രാജാ... രാജാധി രാജന്‍ ഇന്ത രാജ... എന്ന പാട്ട് കാഴ്ചക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു.

പതിനാറാം വയസ്സില്‍ സ്‌കൂള്‍ജീവതത്തിനോട് വിടപറഞ്ഞ് മുഴുവന്‍സമയ സിനിമാക്കാരനായി. വെട്രിവിഴ എന്ന തമിഴ് സിനിമയിലൂടെയാണ് പ്രഭുദേവ സുന്ദരം സ്വതന്ത്ര നൃത്തസംവിധായകനായി മാറുന്നത്. കമല്‍ ഹാസന്റെ കരിയറില്‍ വേഗമേറിയ നൃത്തച്ചുവടുകള്‍ സമ്മാനിച്ച പ്രായംകുറഞ്ഞ നൃത്തസംവിധായകന്‍ അന്നറിയപ്പെട്ടത് മാസ്റ്റര്‍ സുന്ദരം എന്നതായിരുന്നു.

തമിഴില്‍നിന്നും അച്ഛന്റെ കൈപിടിച്ചുതന്നെയാണ് പ്രഭുദേവ തെലുങ്കിലേക്ക് നീങ്ങുന്നത്. നൃത്തസംവിധാനത്തില്‍ പ്രഭുദേവ കൊണ്ടുവന്ന പരീക്ഷണങ്ങള്‍ക്കെല്ലാം തെലുങ്കില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ചെറിയ പ്രായത്തില്‍തന്നെ പേരെടുത്ത നൃത്തസംവിധായകനായതിനെക്കുറിച്ച് പ്രഭുദേവതന്നെ പിന്നീടൊരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. 'ഒരുപാട് പേര്‍ അന്നെല്ലാം നൃത്തം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അഭിനന്ദിക്കുമായിരുന്നു. കമല്‍ ഹാസനെപോലുള്ളവരുടെ പ്രശംസയെല്ലാം ലഭിക്കുമ്പോഴും അതിന്റെയൊന്നും വലുപ്പം തിരിച്ചറിയാന്‍ ആ പ്രായത്തില്‍ കഴിഞ്ഞിരുന്നില്ല. സെറ്റിലിരിക്കുമ്പോഴും വീട്ടിലെത്താനുള്ള ആഗ്രഹമായിരുന്നു, അമ്മയെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമമായിരുന്നു മനസ്സുനിറയെ.''

പതിനെട്ടാം വയസ്സിലാണ് നൃത്തസംവിധായന്‍ ചടുലചുവടുകളുമായി ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്. ഇദയം എന്ന ചിത്രത്തിലെ ഒരു ഗാനരംഗം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. ഗാനരംഗങ്ങളിലെ നൃത്തച്ചുവടുകളില്‍ പ്രഭുദേവ പകരക്കാരനില്ലാത്ത താരമായി. സ്റ്റേജ് ഷോകളിലെ വിസ്മയതാരം വെള്ളിത്തിരയില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി.

സൂര്യന്‍, വാള്‍ട്ടര്‍ വെട്രിവേല്‍, ജെന്റില്‍മാന്‍ ഇവയെല്ലാം അക്കാലത്തെ വലിയ ഹിറ്റുകളായിരുന്നു. കറുത്തു മെല്ലിച്ച രൂപവുമായി നിലവിലെ നായകസങ്കല്പങ്ങളെയെല്ലാം പൊളിച്ചെഴുതിക്കൊണ്ടായിരുന്നു പ്രഭുദേവയുടെ നായക അരങ്ങേറ്റം. ഇന്ദുവെന്ന തമിഴ് സിനിമയിലെ നായകന്‍ ഷങ്കറിന്റെ കാതലിനിലൂടെ ഇന്ത്യ അറിയുന്ന താരമായി ഉയര്‍ന്നു. കാതലന്‍, റോമിയോ, മിന്‍സാരക്കനവ്, കാതലാ കാതലാ എന്നീ ചിത്രങ്ങളിലെ ചുവടുകള്‍ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ ആസ്വദിച്ചത്. നൃത്തരംഗത്തിലെ പുത്തന്‍ പരീക്ഷണങ്ങളില്‍ രാജ്യം ദേശീയപുരസ്‌കാരം നല്‍കി പ്രഭുദേവയെ ആദരിച്ചു.

നൃത്തസംവിധായകനായും നടനായും വെള്ളിത്തിരയില്‍ കൈയടിനേടുമ്പോള്‍ തന്നെ പ്രഭുദേവ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. വിജയ് നായകനായ പോക്കിരിയും സല്‍മാന്‍ ചിത്രം വാണ്ടഡും കോടികളാണ് കോളിവുഡില്‍നിന്നും ബോളിവുഡില്‍ നിന്നും കൊയ്തത്. പാട്ട്, നൃത്തം, സംഘട്ടനം എന്ന ചേരുവ കൃത്യമായി നിലനിര്‍ത്തുന്ന സിനിമകളിലാണ് പ്രഭുദേവ വന്നുപോയത്.

വലിയ വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും ഇടവേളകള്‍ കരിയറില്‍ വന്നുകൊണ്ടിരുന്നു. എന്തുകൊണ്ട് ഇത്തരത്തില്‍ നീണ്ട ഒഴിവുനാളുകള്‍ ഉണ്ടാകുന്നു എന്നതിന് പ്രഭുദേവതന്നെ മറുപടി നല്‍കുന്നുണ്ട് '' ഒരുകാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രമായിരിക്കും മനസ്സ്. സിനിമയില്‍ അഭിനയിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും നൃത്തം ഒരുക്കുമ്പോഴും അതിനപ്പുറത്തേക്കൊന്നും ചിന്തിക്കാന്‍ കഴിയില്ല. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഒന്നു പൂര്‍ത്തിയാക്കി അടുത്തത് എന്നതാണ് ശീലം. അതുകൊണ്ടുതന്നെ  ഇടവേളകള്‍ സംഭവിക്കുന്നതായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം.''

നായകനായും സംവിധായകനായും മുന്നോട്ടുകുതിക്കുമ്പോഴും നൃത്തസംവിധാനമാണ് താന്‍ കൂടുതലായി ആസ്വദിക്കുന്നതെന്ന് പ്രഭുദേവതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

''പ്രശ്‌നങ്ങളില്ലാതെ ആസ്വദിച്ചും ആഹ്ലാദിച്ചും ചെയ്യാന്‍ കഴിയുന്ന ഒന്നാണ് നൃത്തസംവിധാനം. അഭിനയമായാലും സംവിധാനമായാലും അതൊക്കെ എനിക്ക് നൃത്തസംവിധാനത്തിന് താഴെ മാത്രമേ വരികയുള്ളു. ചുവടുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദം വളരെ വലുതാണ്.

ഇപ്പോഴും  പലരും ചോദിക്കാറുണ്ട് എന്താണ് എന്റെ ഊര്‍ജസ്വലതയ്ക്ക് കാരണമെന്ന്. അവര്‍ക്കൊക്കെ ഞാന്‍ ഒരൊറ്റ ഉത്തരമേ കൊടുക്കാറുള്ളൂ നൃത്തം.''

പൃഥ്വിരാജ് ചിത്രം ഉറുമിയിലൂടെയാണ് പ്രഭുദേവ മലയാളത്തിലേക്കെത്തിയത്. മലയാളത്തില്‍ വീണ്ടും  അഭിനയിക്കാന്‍ താത്പര്യംപ്രകടിപ്പിക്കുന്ന  പ്രഭുദേവ ലാലേട്ടമൊപ്പമൊരു സിനിമചെയ്യണമെന്ന ആഗ്രഹം ഒരിക്കല്‍ മാതൃഭൂമിയുമായി പങ്കുവയ്ക്കുകതന്നെ ചെയ്തു.
 
പ്രഭുദേവ സല്‍മാന്‍ ഖാനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പുറകെയാണ് ബോളിവുഡ് ഇന്ന്. സൂപ്പര്‍ഹിറ്റായി മാറിയ വാണ്ടഡിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം 2018 ഏപ്രില്‍ 15ന് ആരംഭിക്കും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം ഒരുക്കമല്ല, പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൈലന്റ് ത്രില്ലറായ മെര്‍ക്കുറിയാണ് പ്രദര്‍ശനത്തിനെത്തുന്ന പുതിയ ചിത്രം. ട്വിറ്ററിലൂടെ ധനുഷ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

Content Highlights: PrabhuDeva Dance Concert Liv With Legends ClubFM