ദുബായ്: യു.എ.ഇ.യിലെ കലാസ്വാദകര്‍ക്ക് മുന്‍പില്‍ മാതൃഭൂമി ഒരുക്കുന്ന നൃത്തസംഗീതരാവ് 'മാതൃഭൂമി ലൈവ് വിത്ത് ദ ലെജന്‍ഡ്സിന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. 

ഇന്ത്യന്‍ മൈക്കിള്‍ജാക്‌സണ്‍ പ്രഭുദേവയാണ് നാലുമണിക്കൂറുള്ള കലാവിരുന്ന് നയിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് ലൈവ് ഷോ. പ്രഭുദേവയുടെ ചടുലചുവടുകള്‍ക്ക് ഇന്ത്യന്‍ സിനിമയിലെ നൃത്തനായികമാരായ ഇഷാ തല്‍വാര്‍, ധന്‍സിക, നിക്കി ഗല്‍റാണി, പ്രണിത തുടങ്ങിയ വലിയൊരു താരനിരതന്നെ കൂട്ടുണ്ട്.

ഡ്രംസ് മാന്ത്രികന്‍ ശിവമണിയുടെ പ്രകടനവും പ്രശസ്തഗായകന്‍ ശങ്കര്‍മഹാദേവന്റെ പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടും. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് 'മാതൃഭൂമി' യു.എ.ഇ.യില്‍ സ്റ്റേജ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ എ.ആര്‍. റഹ്മാന്‍ഷോയുടെ അലകള്‍ ആസ്വാദകഹൃദയത്തില്‍നിന്ന് മായുന്നതിനുമുന്‍പാണ് പ്രഭുദേവഷോയുമായി വീണ്ടുമെത്തിയത്.