ദുബായ്: യു.എ.ഇ.യിലെ കലാസ്വാദകര്‍ക്ക് മുന്‍പില്‍ മാതൃഭൂമി ഒരുക്കുന്ന നൃത്തസംഗീതരാവ് 'മാതൃഭൂമി ലൈവ് വിത്ത് ദ ലെജന്‍ഡ്‌സി'നായി ഷാര്‍ജ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി.

Liveപ്രഭുദേവ നയിക്കുന്ന നാലുമണിക്കൂറുള്ള കലാവിരുന്ന് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് തുടങ്ങും. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് ലൈവ് ഷോ. പ്രഭുദേവയുടെ ചടുലചുവടുകള്‍ക്ക് ഇന്ത്യന്‍ സിനിമയിലെ നൃത്തനായികമാരായ ഇഷാ തല്‍വാര്‍, ധന്‍സിക, നിക്കി ഗല്‍റാണി, പ്രണിത തുടങ്ങിയ വലിയൊരു താരനിരതന്നെ കൂട്ടുവരും.

ഡ്രംസ് മാന്ത്രികന്‍ ശിവമണിയുടെ പ്രകടനവും പ്രശസ്തഗായകന്‍ ശങ്കര്‍മഹാദേവന്റെ പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടും. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് 'മാതൃഭൂമി' യു.എ.ഇ.യില്‍ സ്റ്റേജ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ എ.ആര്‍. റഹ്!മാന്‍ഷോയുടെ അലകള്‍ ആസ്വാദകഹൃദയത്തില്‍നിന്ന് മായുന്നതിനുമുന്‍പാണ് പ്രഭുദേവഷോയുമായി വീണ്ടുമെത്തുന്നത്.

യു.എ.ഇ.യിലെ ജനങ്ങളില്‍നിന്ന് ലഭിക്കുന്ന സ്‌നേഹവും പ്രോത്സാഹനവുമാണ് 'മാതൃഭൂമി'ക്ക് ഇത്തരം പരിപാടികളുമായി വീണ്ടുമെത്താന്‍ പ്രചോദനമാകുന്നതെന്ന് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. യു.എ.ഇ.യിലെ ആരാധകര്‍ക്കുമുന്‍പില്‍ ആദ്യമായിട്ടാണ് ഒരു മുഴുനീള നൃത്തപരിപാടി അവതരിപ്പിക്കുന്നതെന്ന് പ്രഭുദേവ പറഞ്ഞു. ഷോയുടെ അവസാനവട്ട സ്റ്റേജ് റിഹേഴ്‌സല്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി സ്റ്റേഡിയത്തില്‍ നടന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പേരെടുത്ത നര്‍ത്തകരാണ് പ്രഭുദേവയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നത്. കാഴ്ചക്കാര്‍ക്കുമുന്‍പില്‍ അദ്ഭുതങ്ങള്‍ തുറന്നുവയ്ക്കുന്ന നാലുനിലകളില്‍ വിരിയുന്ന സ്റ്റേജാണ് പരിപാടിക്കായി ഒരുക്കിയിട്ടുള്ളത്. സ്റ്റേജ് ഷോയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച നടന്ന 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടിയില്‍ പ്രായോജകരുമായി പ്രഭുദേവയും സംഘവും സംവദിച്ചു.