ഇതൊരു ഫീല്‍ ഗുഡ് സിനിമയല്ല റിയലിസ്റ്റിക് സിനിമയുമല്ല, കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറുമല്ല... ഈ മൂന്ന് തരം സിനിമകളും അരങ്ങു വാഴുന്ന കാലത്ത് വത്യസ്തസ്ഥമായ അനുഭവം സമ്മാനിക്കുകയാണ് പൊറിഞ്ചു മറിയം വര്‍ഗീസ്.. ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ജോഷിയുടെ തിരിച്ചു വരവ് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മോഹന്‍ലാലും- അമല പോളും ഒന്നിച്ച് 2015-ല്‍ പുറത്തിറങ്ങിയ ഓ ലൈല ഓ ആയിരുന്നു ജോഷിയുടെ അവസാന ചിത്രം. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി തിരിച്ചുവരുമ്പോള്‍ ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ കയറുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല.
സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ജോഷി സിനിമകളില്‍ ഉണ്ടാകാറുണ്ട്... എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹം വേറിട്ട പരീക്ഷണം നടത്തി, താര പരിവേഷത്തിന്റെ ബാധ്യതയില്ലാത്ത മൂന്ന് അഭിനേതാക്കള്‍ക്ക് മത്സരിച്ചഭിനയിക്കാനുള്ള ഒരു വേദി ഒരുക്കുകയായിരുന്നു ജോഷിയെന്ന സംവിധായകന്‍ ഇവിടെ.
ഇനി കഥയിലേക്ക് കടക്കാം... 1985 കാലഘട്ടത്തിലെ തൃശൂര്‍ പട്ടണമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കുന്നത്. ടൈറ്റില്‍ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ കാട്ടാളന്‍ പൊറിഞ്ചു. ആലപ്പാട്ട് മറിയം പുത്തന്‍പള്ളി ജോസ്...സ്‌കൂള്‍ കാലം മുതല്‍ ഉറ്റ ചങ്ങാതികള്‍... പൊറിഞ്ചുവിനും മാറിയത്തിനുമിടയില്‍ കൗമാരകാലത്തില്‍ മൊട്ടിടുന്ന പ്രണയം, പിന്നീടങ്ങോട്ട് കഥയിലുടനീളം നിര്‍ണായകമാണ്.
പേരു കേട്ട സമ്പന്ന കുടുംബത്തിലെ അംഗമാണ് മറിയം... പിതാവിന്റെ മരണത്തിനു ശേഷം പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട് ഏറ്റെടുത്ത് തൃശൂര്‍ അങ്ങാടി അടക്കി വാഴുകയാണവള്‍...ചട്ടയും മുണ്ടും ധരിച്ച് ബീഡി വലിച്ചു പള്ളിപെരുന്നാളിന് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വച്ച് വെറ്റിലയും മുറുക്കി അല്‍പം മദ്യപാനവും ശീലമാക്കിയ മറിയം.. ഒറ്റ നോട്ടത്തില്‍ മറിയം ജീവിതം നന്നായി ആഘോഷിക്കുകയാണെന്ന് തോന്നുമെങ്കിലും അവള്‍ക്കുള്ളില്‍ ഒരു നൊമ്പരമുണ്ട്.
പുത്തന്‍പള്ളി ജോസ് ആണെങ്കില്‍ ജീവിതം നന്നായി ആഘോഷിക്കുന്ന പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഒരു യുവാവ്..എന്നിരുന്നാലും കുടുംബത്തിലുള്ളവര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍.. നിഷ്‌കളങ്കന്‍... സര്‍വോപരി മറിയത്തിന്റെയും പൊറിഞ്ചുവിന്റെയും മനസാക്ഷി സൂക്ഷിപ്പുകാരന്‍..
ഇറച്ചി വെട്ടാണ് പൊറിഞ്ചുവിന്റെ തൊഴില്‍... കാരിരുമ്പിന്റെ കരുത്തുള്ളവന്‍.. അതുകൊണ്ടു തന്നെ സ്ഥലത്തെ പ്രധാന മുതലാളിയുടെ വിശ്വസ്തന്‍.. പൊറിഞ്ചുവിന്റെ കൈകരുത്താണ് മുതലാളിയുടെ ആയുധം.
ആദ്യപകുതിയില്‍ മൂവരുടെയും ജീവിതാഘോഷങ്ങളാണ്... പള്ളി പെരുനാള്‍, ബാന്‍ഡ് സെറ്റ്, അടിപിടികേസുകള്‍.. വെല്ലുവിളികള്‍ ഇങ്ങനെ പോകുന്നു അവരുടെ ജീവിതം. രണ്ടാം പകുതിയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് സംഘര്‍ഷഭരിതമായ നിമിഷങ്ങളാണ്...
ടൈറ്റില്‍ റോളില്‍ എത്തുന്ന ജോജു, നൈല ഉഷ, ചെമ്പന്‍ വിനോദ് ഇവരുടെ പ്രകടനമാണ് ചിത്രത്തിന്റെ ഊര്‍ജം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ നിലയില്‍ നിര്‍ത്തുന്നതും ഇവരുടെ പ്രകടനം തന്നെ. ടി.ജി രവി, സുധി കോപ്പ, വിജയ രാഘവന്‍ ഭീരുവായ വില്ലനെ അവതരിപ്പിക്കുന്ന രാഹുല്‍ മാധവ് തുടങ്ങിയ എല്ലാ താരങ്ങളും അതിമനോഹരമായി തന്നെയാണ് തങ്ങളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
1980 കളിലെ തൃശ്ശൂരിനെ പുനഃസൃഷ്ടികാന്‍ കലാസംവിധായകനും ഛായാഗ്രാഹകന്‍ അജയ് ഡേവിഡ് കാചരപ്പിള്ളിയും എടുത്തിരിക്കുന്ന കഠിനാധ്വാനം
അഭിനന്ദനാര്‍ഹമാണ്. ജേക്‌സ് ബിജോയി ചിട്ടപ്പെടുത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതല്‍ മിഴിവുറ്റതാക്കി
Content Highlights : Porinju Mariam Jose Movie Review Directed By Joshiy starring Nyla Usha Chemban Vinod Joju George