"എല്ലാരും പോകുകയാണ് മോനേ... എവരിബഡി ഈസ് ലീവിങ് അസ്. സങ്കടം തോന്നുന്നു. എന്താണ് മോനേ നമ്മുടെ ലോകം ഇങ്ങനെ?''
ഒരു നിമിഷം നിർത്തി ശ്യാം സാർ മന്ത്രിക്കുന്നു; തന്നോടുതന്നെയെന്നോണം: ``ഐ ഫീൽ ലോൺലി മോനേ. ഒറ്റപ്പെട്ടപോലെ ഒരു തോന്നൽ.''

ആത്മസുഹൃത്ത് പൂവച്ചൽ ഖാദറിന്റെ വിയോഗവാർത്തയറിഞ്ഞു വിളിച്ചതായിരുന്നു ശ്യാം സാർ. ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നല്ലാതെ സ്ഥിതി ഇത്ര മോശമാണെന്ന് അറിഞ്ഞിരുന്നില്ല അദ്ദേഹം. ``ഇന്ന് രാവിലെ ഏതോ ചാനലിൽ നിന്ന് മരണവാർത്ത വിളിച്ചറിയിച്ചപ്പോൾ ഞാൻ ആകെ തരിച്ചുനിന്നുപോയി. എന്ത് പറയണം എന്നറിയില്ലായിരുന്നു. ഒന്നും മിണ്ടാനായില്ല.''

ശ്യാമിന്റെ സിനിമാജീവിതത്തോളം തന്നെ പഴക്കമുണ്ട് പൂവച്ചലുമായുള്ള സൗഹൃദത്തിനും. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം ആദ്യം പരിചയപ്പെട്ടവരിൽ ഒരാൾ പൂവച്ചലായിരുന്നു. ``അവസാനം ഫോണിൽ സംസാരിച്ചപ്പോഴും ആ കാലം ഞങ്ങളുടെ ഓർമ്മയിൽ നിറഞ്ഞു. ഒരുമിച്ചിരുന്ന് ഉണ്ടാക്കിയ ഒരു പാട് പാട്ടുകൾ എനിക്ക് മൂളിത്തന്നു അദ്ദേഹം.. നിറക്കൂട്ടിലെ പൂമാനമേ ഒരു രാഗമേഘം താ എങ്ങനെ മറക്കാൻ പറ്റും? നിർമ്മാതാവ് ജോയ് തോമസിന്റെ ചെന്നൈയിലെ ഓഫീസിൽ ഇരുന്നായിരുന്നു അതിന്റെ കംപോസിംഗ്. എങ്ങോട്ടോ യാത്രയിലായിരുന്ന എന്നെ തിടുക്കത്തിൽ വിളിച്ചുവരുത്തുകയായിരുന്നു. ജോയ് തോമസിന് പുറമെ സംവിധായകൻ ജോഷിയും പൂവച്ചലും ഉണ്ടവിടെ. ട്യൂൺ ഉണ്ടാക്കിയതും പൂവച്ചൽ വരികൾ എഴുതിയതും വളരെ പെട്ടെന്ന്. ഒരൊറ്റ മണിക്കൂറിൽ എല്ലാം നടന്നു. പാട്ടെഴുതിത്തന്ന ശേഷമുള്ള പൂവച്ചലിന്റെ സൗമ്യമായ ചിരി ഇന്നും എന്റെ ഓർമ്മയിലുണ്ട്...''

നിഷ്കളങ്കമായ ആ ചിരിയിൽ പൂവച്ചൽ ഖാദറിന്റെ സുതാര്യ വ്യക്തിത്വം മുഴുവൻ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു ശ്യാം. ``സിനിമയിൽ എനിക്ക് വേണ്ടി ഏറ്റവുമധികം പാട്ടുകൾ എഴുതിയത് പൂവച്ചൽ ആണ്. ഇത്രയും ക്ഷമാശീലനായ ഒരു വ്യക്തിയെ എന്റെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ചിലപ്പോൾ എട്ടും പത്തും തവണ പാട്ടുകൾ മാറ്റിയെഴുതേണ്ടി വരാറുണ്ട്. എഴുതി മടുത്ത് രോഷാകുലരായി ഇറങ്ങിപ്പോകും മിക്ക ഗാനരചയിതാക്കളും. എന്നാൽ പൂവച്ചൽ ഒരിക്കലും കോപിച്ചു കണ്ടിട്ടില്ല. നേർത്ത പരിഭവം പോലും ഉണ്ടാവില്ല അദ്ദേഹത്തിന്റെ മുഖത്ത്. നന്മയുള്ള ഒരു മനുഷ്യനെ കൂടി ദൈവം തിരിച്ചുവിളിച്ചിരിക്കുന്നു.... അല്ലാതെന്ത് പറയാൻ?''
പൂവച്ചൽ -- ശ്യാം കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ ഹിറ്റ് പാട്ട് ഒറ്റപ്പെട്ടവരിലെ ``ഇതിലേ ഏകനായ് അലയും ഗായകാ'' ആവണം. ഈണത്തിനനുസരിച്ച് എഴുതിയതാണെങ്കിലും വരികളിൽ കവിതയുടെ ഒരു ചിന്ത് കാത്തുവെച്ചു പൂവച്ചൽ: ``ഹൃദയം തൊഴും ഒരാലാപമേ, ഉദയം തരും സംഗീതമേ, എന്റെ മോഹങ്ങളിൽ നിന്റെ രാഗങ്ങളാൽ ഇരുളിൽ ഞാനീ ഭൂമിയിൽ മുത്ത് തേടവേ, അന്യനാകവേ, എന്റെ ഈണങ്ങളെല്ലാം തേങ്ങലായ്..''

പാട്ടിലെന്നപോലെ ജീവിതത്തിലും ഈണങ്ങൾ തേങ്ങലായി മാറുന്നു. യാത്ര പറയാതെ പിരിഞ്ഞ സുഹൃത്തിനെ വേദനയോടെ ഓർത്തുകൊണ്ട് സ്വന്തം വീടിന്റെ ഏകാന്തതയിൽ നിശ്ശബ്ദനായിരിക്കുന്നു പാവം ശ്യാം സാർ -- പൂവച്ചലിനെ പോലെ സാത്വിക വിശുദ്ധി നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ.

വിടപറയും മുൻപ് ശ്യാം സാർ പറഞ്ഞു: ``വെക്കട്ടെ മോനേ. അധികം സംസാരിക്കാൻ വയ്യ. കരഞ്ഞുപോകും.....'' ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ, നിശബ്ദ ഗദ്ഗദം ഉള്ളിലൊതുക്കി തരിച്ചുനിന്നു ഞാൻ...

ഞാനുൾപ്പെടെ എത്രയോ സാധാരണ മനുഷ്യരുടെ ജീവിതത്തിലെ ഇരുളലകളെ സംഗീതത്തിന്റെ ഇന്ദ്രജാലസ്പർശത്താൽ പ്രകാശപൂരിതമാക്കി മാറ്റിയ മഹാനായ കലാകാരനെ എങ്ങനെ ആശ്വസിപ്പിക്കാൻ? ഈ വിരഹം, ഈ ഏകാകിത, എങ്ങനെ താങ്ങാനാകും അദ്ദേഹത്തിന്റെ മനസ്സിന് ?


content highlights : music director shyam remembering poovachal khader