ങ്കജ് ഉദാസിനെ ഓര്‍ക്കുമ്പോള്‍ കൊച്ചി സര്‍വകലാശാലയിലെ പ്രവാസ ജീവിതം മനസ്സില്‍ നുരഞ്ഞുയരും. അവിടെവച്ചാണല്ലോ ഉദാസിനെ ഞാന്‍  പ്രണയിച്ചു തുടങ്ങിയതും. അതിനു നിമിത്തമായി കാഞ്ഞിരപ്പള്ളിക്കാരന്‍ തോമസുകുട്ടി. അവന്‍ സഹപാഠിയും സനാതനയില്‍ അന്തേവാസിയുമായിരുന്നു.  ഓര്‍മ ശരിയാണെങ്കില്‍ വൈദികപഠനത്തിനായി ടോം കുറേക്കാലം ഉത്തരേന്ത്യയില്‍ താമസിച്ചിരുന്നു. പഠനം മതിയാക്കി തിരിച്ചുവന്നപ്പോള്‍ പങ്കജ് ഉദാസിനെയും കൂടെ കൊണ്ടുവന്നു. ദയാപൂര്‍വം അതിലല്‍പം അവന്‍ എനിക്കും തന്നു. ഉധാസ് അതുവരെ പ്രസിദ്ധീകരിച്ച മുഴുവന്‍ കസറ്റുകളും തോമസുകുട്ടിയുടെ ശേഖരത്തിലുണ്ടായിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം ഞാന്‍ മൂന്നാംനിലയിലെ മുറിയില്‍ ചെല്ലും, ഉദാസിനെ കേള്‍ക്കും. 'ഥോഡീ ഥോഡീ പിയാ കരോ, ചാന്ദീ ജൈസേ രംഗ് ഹേ തേരാ, സബ്‌കോ മാലൂം ഹേ, ചിട്ടീ ആയീ ഹേ' എന്നിങ്ങനെ അന്നു കേട്ട പാട്ടുകള്‍ ഇന്നും മനസ്സില്‍ ജീവിക്കുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സഹോദരന്‍ ഒരു വോക്മാന്‍ കൊണ്ടുവന്നുതന്നപ്പോള്‍ കുറച്ചു കസറ്റുകള്‍ പകര്‍ത്തിയെടുത്തു. അതില്‍പിന്നെ പങ്കജ് ഉധാസ് ദിനചര്യകളുടെ ഭാഗമായി.   

ചില രാത്രികളില്‍ ഞാന്‍ വോക്മാനുമായി ടെറസ്സില്‍ ചെന്നിരിക്കും. മുകളില്‍ അപാരസുന്ദര നീലാകാശം. അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നു. അതിനു താഴെ ഉധാസ് അഗാധമായി പാടുന്നു. കേള്‍ക്കാന്‍ ഞാനൊരാള്‍. ഹൃദയം പറയുന്നു, ഒന്നുമില്ലെന്ന വേദന ഇനി എന്തിനാണ്? എല്ലാം കൊണ്ടുവന്നു തരുന്നില്ലേ ഈ മൃദു സംഗീതം? സത്യമായിരുന്നു. പങ്കജ് ഉധാസ് പഠിപ്പിച്ച സത്യം. പതിവുപോലെ  ഒരു പാതിരാത്രിയില്‍ ടെറസില്‍ ഏതോ ശരാബി ഗസല്‍ കേട്ടിരുന്നപ്പോള്‍ കുഞ്ഞുമോന്‍ കയറിവന്നു. കുസാറ്റിനു വെളിയിലുള്ള മണ്ണോപ്പിള്ളി കോളനി നിവാസിയായ  കുഞ്ഞു സ്ഥലത്തെ ചുമട്ടുതൊഴിലാളിയും സഖാവും കലാശാലയുടെ ഫുട്ബാള്‍ ടീമിലെ കിടിലന്‍ സ്‌ട്രൈക്കറുമായിരുന്നു. ഉയരം കുറവാണെങ്കിലും ഉരുക്കു ശരീരം. നെഞ്ചില്‍ തട്ടിയാല്‍ ചെമ്പില്‍ അടിക്കുന്നതുപോലെ ഉണ്ടാവും. വന്നിരുന്നപ്പോള്‍ ഒരു ഉഗ്രഗന്ധം മൂക്കില്‍ ഇരച്ചു കയറി. അത്രയും ചെലുത്തിയിട്ടുണ്ടായിരുന്നു പട്ടച്ചാരായം. ഞാന്‍ എന്താണു കേള്‍ക്കുന്നതെന്നു ചോദിച്ചുകൊണ്ട് കുഞ്ഞുമോന്‍ അല്‍പം ബലത്തോടെ ഒരു ഹെഡ്‌ഫോണ്‍ വള്ളി എടുത്തു ചെവിയില്‍ കുത്തി. സംഗീതം സഖാവിനു താല്‍പര്യമുള്ള വിഷയമായിരുന്നില്ല. സംഗതി ഗസലാകുമ്പോള്‍ പറയാനുണ്ടോ! എങ്കിലും ഒന്നുരണ്ടു മിനിട്ടുനേരം ക്ഷമയോടെ കേട്ടു രസിച്ചു. പിന്നെ പറഞ്ഞ വാക്യം ഇങ്ങനെ 'ദേ ഇങ്ങേര് നല്ല തണ്ണിപ്പാര്‍ട്ടിയാ കേട്ടാ. ഒരീസം വിളിക്ക്. നുമ്മക്കൊന്നു കൂടാം.' ക്യാംപസില്‍ തുടക്കംകുറിച്ച പല ശീലങ്ങളും പിന്നീടു വിട്ടുപോയി. പക്ഷേ വിട്ടുപോകാത്തവയുടെ കൂട്ടത്തില്‍ പങ്കജ് ഉദാസും ഉണ്ടായിരുന്നു. അതിനിടെ ജീവിതം പല വഴികളിലൂടെ ഒഴുകി, പല ഗതിവേഗങ്ങളിലൂടെ വളര്‍ന്നു. തെക്കും വടക്കും പടിഞ്ഞാറുമുള്ള ധാരാളം ഗായകര്‍ ഉറ്റബന്ധുക്കളായി വന്നു. അവരുടെ നിരന്തര സമ്പര്‍ക്കത്തിലൂടെ സംഗീതബോധത്തിലും കാലാനുസാരിയായ മാറ്റങ്ങള്‍ വന്നു. കേള്‍വിയുടെ കലയായി മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ല സംഗീതം എന്ന ചിന്ത ദൃഢമായി. അതൊന്നും പങ്കജ് ഉദാസുമായുള്ള ഗാഢ സൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല. എന്നു മാത്രമല്ല ഓരോ കാലത്തും ഇറങ്ങിയ റിക്കോര്‍ഡുകള്‍ കേട്ടും നിരീക്ഷിച്ചും കുറേക്കൂടി ഉറപ്പിക്കുകയും ചെയ്തു. അപ്പോഴും ഉദാസിനെ ജീവനോടെ കേള്‍ക്കണം എന്ന മോഹം സാധിച്ചിരുന്നില്ല. വഴിയേ അതും സഫലമായി. ലോകത്തെ മയക്കുന്ന ഇന്ദ്രജാലം നേരില്‍ കണ്ടിരുന്നപ്പോള്‍ തോന്നി കേള്‍ക്കാനുള്ളതു മാത്രമല്ല കാണാന്‍ കൂടിയുണ്ടല്ലോ ഈ സംഗീതം.

ഭൂമിയില്‍ പിറന്നതില്‍ അഭിമാനം തോന്നിപ്പോകുന്ന ചില സന്ദര്‍ഭങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും. അത്തരത്തിലുള്ള ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നിനച്ചിരിക്കാതെ കടന്നു വന്നിട്ടുള്ളതിനെ സഹര്‍ഷം ഓര്‍ക്കുന്നു. പങ്കജ് ഉദാസുമായി അടുത്തിരുന്നു സംസാരിക്കാന്‍ ലഭിച്ച രാവിനെ അക്കൂട്ടത്തില്‍ ഒരെണ്ണമായി ഞാന്‍ തിരിച്ചറിയുന്നു. ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും, ഒരു ദിവസം ലൊക്കേഷനില്‍ ഷോട്ടുകളുടെ ഇടവേളയില്‍ കാരവനിലിരുന്നു സംസാരിക്കേ മോഹന്‍ലാല്‍ പറഞ്ഞു, ' വൈകുന്നേരം ജേ റ്റി പാക്കില്‍ പോകണം. പങ്കജ് ഉധാസ് വരുന്നുണ്ട്'.  തേവരയിലെ വീട്ടില്‍നിന്നും ഞങ്ങള്‍ ഒരുമിച്ചിറങ്ങി. എല്ലാവരും ലാല്‍ വന്നെത്താന്‍ കാത്തിരിക്കുകയായിരുന്നു. ഗായകനെ കാണാന്‍ ലാല്‍ ഗ്രീന്‍ റൂമിലേക്കു പോയപ്പോള്‍ അവസരം ഞാനും വെറുതെ കളഞ്ഞില്ല.  ചാര്‍ളി റോസ് ഷോ നടക്കുന്ന വേദിയുടെ പുറകില്‍ കയ്യില്‍ ഒരു ഗിഥാറുമേന്തി അലസമായിരുന്ന ബ്രൂസ് സ്പ്രിങ്സ്റ്റണ്‍ എന്ന പാശ്ചാത്യ ഗായകനെ ആദ്യമായി നേരിട്ടുകണ്ടപ്പോള്‍ എറിക് ആള്‍ട്ടര്‍മാന്‍ അനുഭവിച്ച വികാരവിക്ഷോഭങ്ങള്‍ എന്നിലുമുണ്ടായി. പള പള മിന്നുന്ന പട്ടു കുപ്പായമിട്ട പങ്കജ് ഉദാസിനെ ഹര്‍ഷാനുഭൂതികളോടെ നോക്കിനിന്നപ്പോള്‍ തോന്നി, ഇതിലേറെ മിനുസവും മിനുക്കവും പാട്ടിലുണ്ടല്ലോ. മുന്‍നിരയില്‍  ലാലിനൊപ്പം ഗസല്‍ രുചിച്ചിരുന്നപ്പോഴും മറിച്ചു തോന്നിയില്ല.   

ഇടവേളയില്‍ അല്‍പം വീര്യം നുകര്‍ന്നശേഷം വീണ്ടും പാട്ടിനു മുന്നില്‍ വന്നിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സംഗീതമഴ കനത്ത കരഘോഷത്തോടെ തോര്‍ന്നു. പിന്നെയും കുറേനേരം കൂടി മരംപെയ്തു. അപ്പോള്‍ ജോസ് തോമസ് വന്നു രഹസ്യം പറഞ്ഞു, വന്നോളൂ, ഒരു വിരുന്നൊരുക്കിയിട്ടുണ്ട്. ഞങ്ങള്‍ ചോയിസ് ടവറിലേക്കു നീങ്ങി. കൊച്ചിയിലെ ഏറ്റവും പൊക്കമുള്ള കെട്ടിടസമുച്ചയം. നാല്‍പതുനിലകളില്‍ ഉയര്‍ന്നു വരുന്നു. പണി പൂര്‍ത്തിയായിരുന്നില്ല. അതിനു മുമ്പില്‍ ഞങ്ങള്‍ കാത്തുനിന്നു. അല്‍പ സമയത്തിനുള്ളില്‍ ഉധാസും വന്നെത്തി. തനിയെ, പക്കവാദകരില്ലാതെ. അദ്ദേഹത്തെ കണ്ടതും അവിടെ ചുറ്റിപ്പറ്റി നിന്ന, കെട്ടിടംപണിക്കായി അന്യദേശത്തു നിന്നും ഇറക്കുമതി ചെയ്ത ജോലിക്കാരില്‍ ഒരു പയ്യന്‍ നിലവിളിയോടെ കാലില്‍ ചെന്നുവീണു. എന്താണു സംഭവം എന്നു പെട്ടെന്നു ഞങ്ങള്‍ക്കു മനസ്സിലായില്ല. പക്ഷേ ഉദാസിനു മനസിലായി. മുന്നോട്ടു കുതിച്ചു വന്നവരെ അദ്ദേഹം കൈ ഉയര്‍ത്തി വിലക്കി. അവനെ പതുക്കെ പിടിച്ചുയര്‍ത്തി. തൊഴുതു പിടിച്ച കൈകളില്‍ മുറുകെ പിടിച്ചു. അവന്‍ വിതുമ്പലോടെ എന്തൊക്കെയോ പറഞ്ഞു. അവര്‍ക്കു മാത്രമറിയുന്ന ഭാഷയില്‍ ചില വാക്കുകള്‍ അന്യോന്യം കൈമാറി. ജോസ് തോമസ് തിരക്കുകൂട്ടിയപ്പോള്‍ ലാല്‍ എന്റെ ചെവിയോടു ചേര്‍ന്നു പറഞ്ഞു,  'ഇങ്ങനെയുള്ള സ്‌നേഹങ്ങളില്‍ ഒരു പ്രത്യേക സുഖമുണ്ടല്ലേ, നമ്മള്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ പലപ്പോഴും ഇതു കിട്ടില്ല.' 

മുകളിലേക്കു പോകാന്‍ ലിഫ്റ്റ് ഉണ്ടായിരുന്നില്ല. പണിക്കാര്‍ ഉപയോഗിച്ചിരുന്ന താല്‍ക്കാലിക സംവിധാനത്തില്‍ കയറി ഞാനും ലാലും ഉദാസും ഏറ്റവും മുകളിലെ നിലയിലെത്തി. അതു ഹെലിപ്പാഡാണെന്നു ജേ റ്റി പറഞ്ഞു തന്നു. വിരുന്നു തുടങ്ങി. സ്ഫടിക ചഷകങ്ങളില്‍ തേന്‍ നിറഞ്ഞു നുരഞ്ഞു. ഫ്ലാഷുകള്‍ മിന്നിയനേരം കയ്യിലിരുന്നതിനെ ഒളിപ്പിക്കാനോ വേണ്ടയോ എന്ന വര്‍ണ്യത്തില്‍ ആശങ്കയോടെ ഞാന്‍ നിന്നപ്പോള്‍ ലാലും ഉദാസും ഭയങ്കരമായി ചിരിച്ചു. അക്കങ്ങള്‍ പെരുകി. എല്ലാവരും നല്ല മൂഡിലെത്തി. ജേ റ്റി ലാലിനെ ഒരു വശത്തേക്കു മാറ്റി നിര്‍ത്തി സ്വകാര്യം പറയുന്നു. ഞാനും ഉദാസും മാത്രമായി സംഭാഷണം തുടര്‍ന്നു. ഞങ്ങളുടെ മുന്നില്‍ രത്‌നക്കല്ലുകള്‍ വിതറിയതുപോലെ എറണാകുളം നഗരം. അതിലും വലിയ അത്ഭുതമായി എനിക്കരികില്‍ പങ്കജ് ഉധാസ് എന്ന വിശ്വോത്തര ഗായകന്‍. ഇതു കാണാന്‍  ആരുമില്ലല്ലോ എന്നു ഞാന്‍ ഉള്ളില്‍ വിലപിച്ചുപോയി. എന്താണു മാര്‍ഗം എന്നാലോചിപ്പോള്‍ ഉദാസിനെ എനിക്കു പരിചപ്പെടുത്തിത്തന്ന തോമസുകുട്ടിയെ ഓര്‍ത്തു. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായ അവനെപ്പറ്റി ആദ്യമേ അദ്ദേഹത്തോടു പറഞ്ഞു വച്ചു. പിന്നെ അവനോടു രണ്ടു വാക്കുമിണ്ടണം എന്നഭ്യര്‍ത്ഥിച്ചപ്പോള്‍ 'എന്തിനു രണ്ടിലൊതുക്കണം' എന്നു മറുചോദ്യമുണ്ടായി. ഉടനെ തോമസുകുട്ടിയെ വിളിച്ചു, ഫോണ്‍ മണിയടിച്ചു നിന്നു. എടുത്തില്ല. വീണ്ടും വിളിച്ചു എന്നിട്ടും എടുത്തില്ല. 'വിട്ടേക്കൂ ഉറക്കമായിരിക്കും' എന്നു പങ്കജ് ഉദാസ് പറഞ്ഞിട്ടും വിട്ടില്ല. 'എടാ ടോമേ, നിനക്കു നഷ്ടപ്പെടുന്നതെന്താണെന്നു നീ മനസിലാക്കുന്നില്ലല്ലോടാ,  നാളെ നീ ഇതില്‍ ദു:ഖിക്കും, ആത്മഹത്യചെയ്യാന്‍പോലും ആലോചിക്കും. തീര്‍ച്ച'. അവസാനമായി ഒരു മെസേജുകൂടി അയച്ചേക്കാം എന്നു തീരുമാനിച്ചു. വരികള്‍ ഏതാണ്ടിങ്ങനെയായിരുന്നു, 'ടോം ഫോണ്‍ എടുക്കു. എന്റെകൂടെ നിന്റെ പങ്കജ് ഉദാസുണ്ട്. സംസാരിക്കൂ'. മറുപടി ഉടന്‍ വന്നു,' പോയി കെടന്നൊറങ്ങടാ'. അവനെ കുറ്റം പറയാന്‍ പറ്റുമോ, നടന്നതൊന്നും ഇപ്പോഴും എനിക്കുതന്നെ  വിശ്വാസമായിട്ടില്ല. 

വെളിയില്‍ രാത്രി വളര്‍ന്നുകൊണ്ടിരുന്നു. അതിനു ചേര്‍ന്ന ചില ഗസല്‍ ചിന്തുകള്‍ അദ്ദേഹം പാടി. പ്രണയ വിരഹങ്ങള്‍ അവയിലൂടെ ഒഴുകിയിറങ്ങി. വാഹ് വിളികളൊന്നും ഉണ്ടായില്ല. എല്ലാവരും നിശ്ശബ്ദരായിരുന്നു കേട്ടു.  എന്റെ ഹൃദയം വിങ്ങിയതുപോലെ, ഓര്‍മകളില്‍ ചോരപൊടിഞ്ഞതുപോലെ, കണ്‍കോണുകളില്‍ നീര്‍കണികകള്‍ ഉരുണ്ടുകൂടിയതുപോലെ എല്ലാവരിലും സംഭവിച്ചിട്ടുണ്ടാകുമോ? ഞാന്‍ ലാലിനെ നോക്കി. പതിവുപോലെ പതിഞ്ഞ ചിരിയില്‍ നടനഗന്ധര്‍വന്‍ എല്ലാം ഒതുക്കി. പിരിയാന്‍ സമയമായി. എല്ലാവരും പലവഴിക്കാകുന്നു. ഇതിവിടെ കഴിയുന്നു. ഞാന്‍ ഉദാസിനെ കെട്ടിപ്പിടിച്ചു. 'ഫിര്‍ മിലേംഗേ ഹം'. അദ്ദേഹം പറഞ്ഞു. വെറും ഉപചാരമാണെന്നെനിക്കറിയാം ഒരു രാത്രിയുടെ ഓര്‍മക്കപ്പുറത്തേക്കു നീളാനുംമാത്രം ഇതിലെന്തു ബാക്കിയിരിക്കുന്നു? അനുഭവങ്ങള്‍ എന്നും അങ്ങനെയായിരുന്നല്ലോ. അതുകൊണ്ടുമായിരിക്കുമോ  അന്നെടുത്ത ഫോട്ടോഗ്രാഫുകളുടെ കോപ്പികള്‍ വാങ്ങി സൂക്ഷിക്കാതിരുന്നതും! അതോ ജീവിതത്തില്‍ വിലപ്പെട്ടതായി ഞാന്‍ കരുതുന്ന 'ജിയേ തോ ജിയേ കൈസേ, തൂ പാസ് ഹേ, ഓ സാഹിബാ, പൈമനേ ടൂട് ഗയേ, ഏക് തരഫ് ഉസ്‌കാ ഘര്‍, ഖുദാ കാ ശുകര്‍ ഹേ, ജിസ് ദിന്‍ സേ ജൂദാ, ദീവാരോം സേ മില്‍കര്‍, ആഹിസ്താ കീജിയേ, കാര്‍വടേം ബദല്‍, കിസീ നസര്‍ കോ' എന്നീ ഗസല്‍ മുത്തുകള്‍ കയ്യിലിരിക്കുമ്പോള്‍ നിത്യമെന്നോണം അവയെ ലാളിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിലേറെ വരുമോ ഈ മണിക്കൂറുകള്‍ എന്നു ചിന്തിച്ചുപോയതാണോ?

തിരിച്ചു വന്നശേഷം പങ്കജ് ഉദാസും ഞാനും സംസാരിച്ച ചില വിഷയങ്ങള്‍ കടലാസില്‍ കുറിച്ചുവച്ചു. എപ്പോഴെങ്കിലും ഉപകാരപ്പെട്ടെങ്കിലോ എന്നോര്‍ത്തു. വേണ്ടിവന്നിരുന്നില്ല നാളിതുവരെ. വേണ്ടിവന്നപ്പോള്‍ അതൊന്നും. കാണാനുമില്ല. പക്ഷേ അദ്ദേഹം പറഞ്ഞ ചില വരികള്‍  ഇത്തിരി മാഞ്ഞും വക്കുപൊട്ടിയും മനസ്സില്‍ ഇന്നും പൊടിമൂടിക്കിടക്കുന്നു. 'ഓരോ നഗരത്തിലും രാത്രികള്‍ ഓരോ തരത്തിലാണ്. രാത്രികള്‍ക്കു മണങ്ങളുണ്ട്. പനിനീര്‍ പൂക്കളുടെ, വാസനത്തൈലങ്ങളുടെ, മദിരയുടെ ചിലപ്പോഴെങ്കിലും വിയര്‍പ്പിന്റെയും. നമ്മള്‍ തിരിച്ചറിയുന്നതുപോലെയിരിക്കും രാത്രിയുടെ മണങ്ങള്‍. കരയുവാന്‍ വേണ്ടിയുള്ളതല്ല ജീവിതം. കരയുവാന്‍ വേണ്ടി എന്റെ പാട്ടുകള്‍ ആരും കേള്‍ക്കരുത്. ഞാന്‍ അതാഗ്രഹിക്കുന്നില്ല. കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞേക്കാം. പക്ഷേ അതിലൂടെ ഹൃദയത്തില്‍ സന്തോഷം വന്നുനിറയണം. ശരിക്കുള്ള ലഹരി മദ്യം കുടിക്കുമ്പോള്‍ കിട്ടുന്നതല്ല, ശ്രോതാക്കള്‍ സന്തോഷപൂര്‍വം കയ്യടിക്കുമ്പോള്‍ ലഭിക്കുന്നതാണ്. മദ്യത്തില്‍ ലഹരി ഉണ്ടെങ്കില്‍ കുപ്പികള്‍ നൃത്തം ചെയ്യില്ലേ?'  

ഞാന്‍ ഇഷ്ടപ്പെടുന്ന ഗസല്‍ ഗായകരില്‍ പങ്കജ് ഉധാസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നയാളല്ല. അദ്ദേഹം പാടുമ്പോള്‍ സാങ്കേതിക തത്ത്വങ്ങള്‍ ഞാന്‍ മനപ്പൂര്‍വം മറന്നുകളയും. കാരണം ആര്‍ക്കും നിഷേധിക്കാനാവാത്ത തരത്തില്‍ ആ പാട്ടുകളുടെ ഉള്ളറകളില്‍ തോരാത്ത മാധുര്യമുണ്ട്. ഹൃദയത്തില്‍ ഉന്മേഷം നിറക്കുന്ന രാഗസഞ്ചാരങ്ങളും ഭാവലയഭംഗികളുമുണ്ട്. ആദ്യത്തെ നേര്‍ത്ത വിരല്‍സ്പര്‍ശംപോലെ, ആദ്യത്തെ വിശുദ്ധ ചുംബനംപോലെ, എത്ര കാമുകിമാര്‍ വന്നുപോയാലും ആണൊരാളുടെ ഹൃദയത്തില്‍ വാടാതെ ശേഷിക്കുന്ന ആദ്യാനുരാഗംപോലെ അതെന്നും നമ്മളിലുണ്ടാവും.  'ജിയേ തോ ജിയേ കൈസേ ബിന്‍ ആപ്ക  ലഗ്താ നഹീം ദില്‍ ആപ്‌കേ  കൈസേ കഹൂം ബിനാ തേരേ സിന്ദഗീ  യേ ക്യാ ഹോഗീ?'

Content Highlights: Pankaj Udhas Gazal Nite