'അവര്‍ അനാഥ ജന്മങ്ങളെയെല്ലാം എടുക്കും.
ഞങ്ങള്‍ക്ക് പുറമെ വീട്ടില്‍ എട്ട് പൂച്ചകള്‍ കൂടിയുണ്ട്.'

പണ്ടൊരിക്കല്‍ മക്‌ഡൊര്‍മന്‍ഡ് പറഞ്ഞത് വാസ്തവമാണ്. നിക്കല്‍സന്റെയും വെര്‍നന്‍ മെക്‌ഡൊമാന്‍ഡന്റെയും എട്ടാമത്തെ മകളായിരുന്നു ഫ്രാന്‍സെസ മെക്‌ഡൊര്‍മന്‍ഡ്. പൂച്ചക്കുട്ടികളെ പോലെ ഈ എട്ടുപേരെയും നൊറീനും വെര്‍ണനും ദത്തെടുത്തതാണ്. ഒന്നര വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇല്ലിനോയിയില്‍ നിന്ന് അവര്‍ സിന്ധ്യ ആന്‍ സ്മിത്തിനെ ദത്തെടുത്ത് ഫ്രാന്‍സെസ് ലൂയിസ് മെക്‌ഡൊര്‍മാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്തത്. വൈറ്റ് ട്രാഷ് എന്ന അശ്ലീല പദമാണ് വെള്ളക്കാരായിട്ടും അമേരിക്കയില്‍ അരികുവത്കരിക്കപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട തന്റെ യഥാര്‍ഥ മാതാപിതാക്കളെ അഭിമാനപൂര്‍വം മെക്‌ഡൊര്‍മന്‍ഡ് ജീവിതത്തിലുടനീളം വിശേഷിപ്പിച്ചുപോന്നത്. കുഞ്ഞുനാളില്‍ മിന്നിമാഞ്ഞുപോയെങ്കിലും തിരസ്‌കാരത്തിന്റെയും അനാഥത്വത്തിന്റെയും ഒരു നിഴല്‍പ്പാട് മക്‌ഡൊര്‍മാന്‍ഡിന്റെ ജീവിതത്തില്‍ ഉടനീളം ഏറിയും കുറഞ്ഞും നിലനിന്നിരുന്നു. മധുരം പുരട്ടിയതെങ്കിലും ഈയൊരു ചിന്ത പില്‍ക്കാലത്തെ അവരുടെ വാക്കുകളില്‍ പലപ്പോഴും മറയില്ലാതെ തികട്ടിവരികയും ചെയ്തിരുന്നു. ഇതുതന്നെയാവണം അവര്‍ അനശ്വരമാക്കിയ ജീവിതഗന്ധിയായ കഥാപാത്രങ്ങളുടെ ഓജസും.

മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ മൂന്നാം വട്ടം നേടി ഡാനിയല്‍ ഡേ ലൂയിസിനൊപ്പമെത്തിയതോ ഓസ്‌ക്കറിന് പുറമെ എമ്മിയും ബാഫ്റ്റയും ടോണി അവാര്‍ഡും നേടി അഭിനയത്തിലെ ട്രിപ്പിള്‍ ക്രൗണ്‍ തികച്ചതോ മാത്രമല്ല മക്‌ഡെര്‍മന്‍ഡിനെ വ്യത്യസ്തയാക്കുന്നത്. 1996ല്‍ ഫാര്‍ഗോയിലെ അഭിനയത്തിന് ആദ്യമായി ഓസ്‌ക്കര്‍ നേടിയപ്പോള്‍ മെക്ഡര്‍മന്‍ഡ് പറഞ്ഞ ഒരു കാര്യമുണ്ട്. 'ഇത് എനിക്കുള്ള പുരസ്‌കാരമല്ല, സിനിമാലോകത്തെ മുഴുവന്‍ സ്ത്രീകള്‍ക്കുമുള്ളതാണ്. ഗ്ലാമറസല്ലാതെ, സെക്‌സി റോളുകള്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഒരു സ്റ്റാറാകാന്‍ കഴിയുമെന്ന് ഇതു തെളിയിക്കുന്നു.' എന്നാല്‍, പിന്നീട് ലിസ ചൊലൊഡെങ്കോയുടെ ലോറന്‍ കാന്യണിലെ ഒരു ഗ്ലാമറസ് വേഷത്തില്‍ നഗ്‌നരംഗം പോലും അഭിനയിച്ചിരുന്നു മെക്ഡര്‍മന്‍ഡ് എന്നത് വേറെ കാര്യം. ഈ നിലപാട് കൊണ്ടുതന്നെയാവണം നായകന് മുന്നില്‍ അടിയറവയ്ക്കപ്പെടാത്ത, നട്ടെല്ലുള്ള സ്ത്രീവേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ അസാധാരണമായ മികവ് പ്രകടിപ്പിച്ചിരുന്നു മെക്ഡര്‍മന്‍ഡ്. അത് ഓസ്‌ക്കര്‍ നേടിക്കൊടുത്ത ഫാര്‍ഗോയിലെ ഗര്‍ഭിണിയായ പൊലീസ് ഓഫീസര്‍ മാര്‍ഗെ ഗുണ്ടേഴ്‌സണായാലും മകളെ ബലാത്സംഗം ചെയ്തരെ പിടികൂടാന്‍ മൂന്ന് വഴിയിരികില്‍ മൂന്ന് കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച മില്‍ഡ്രഡ് ഹെയ്‌സായാലും ഏറ്റവും ഒടുവില്‍ പുരസ്‌കാരം നേടിക്കൊടുത്ത ഭര്‍ത്താവ് മരിക്കുകയും ജോലി നഷ്ടപ്പെടുകയും ചെയ്തശേഷം നാടോടിയായി അലയേണ്ടിവന്ന ഫേണായാലും ശരി. എല്ലാറ്റിലും തന്റേതായ ഒരു മുദ്ര പതിപ്പിക്കാന്‍ മെക്‌ഡൊര്‍മന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. താന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലേയ്ക്ക് ഇത്തരത്തില്‍ സവിശേഷമായ ഒരു ജീവവായു പ്രവഹിപ്പിക്കാനുള്ള അനിതരസാധാരണമായൊരു കഴിവുണ്ട് സ്‌കൂളില്‍ ഷേക്ക്‌സ്പിയര്‍ നാടകങ്ങളിലെ ഡയലോഗുകള്‍ മനപ്പാഠമാക്കി ഉരുവിട്ട് കൈയടി നേടിത്തുടങ്ങിയ മെക്‌ഡൊര്‍മന്‍ഡിന്.

Frances McDormand
നൊമാഡ്ലാൻഡിൽ നിന്ന്

ഫേണ്‍ എന്ന നൊമാഡ്‌ലാന്‍ഡിലെ അതിശക്തമായ കഥാപാത്രത്തിനുവേണ്ടി തന്റെ മുഴുവന്‍ ഊര്‍ജവും വിനിയോഗിച്ചിട്ടുണ്ട് മെക്‌ഡൊര്‍മന്‍ഡ്. ഫേണിനുവേണ്ടി എല്ലാം നല്‍കൂ എന്ന് മാത്രമാണ് സംവിധായക ക്ലൂയി മെക്‌ഡൊര്‍മന്‍ഡിനോട് ആവശ്യപ്പെട്ടത്. ഫേണ്‍ എന്ന പേരു പോലും അവരുടെ സംഭാവനയാണ്. സത്യത്തില്‍ മെക്‌ഡൊര്‍മന്‍ഡ് ഫേണിലേയ്ക്ക് അപ്രത്യക്ഷയാവുകയല്ല, മറിച്ച് അവര്‍ ഫേണിലൂടെ വെളിപ്പെടുകയാണ് ഉണ്ടായതെന്നാണ് ചലച്ചിത്ര നിരൂപകയായ ജസ്റ്റിന്‍ ചാങ് അഭിപ്രായപ്പെട്ടത്. അത്രമേല്‍ അവര്‍ രണ്ടുപേരും പരസ്പരപൂരകങ്ങളായി മാറിക്കഴിഞ്ഞു മെക്‌ഡെര്‍മന്‍ഡിന്റെ പ്രകടനം വഴി.

ഫേണിന് ഉജ്വമാക്കി ഓസ്‌ക്കര്‍ നേടിയത് ചെറിയ നേട്ടമല്ല മെക്‌ഡൊര്‍മാന്‍ഡിനെ സംബന്ധിച്ചിടത്തോളം. ലീഡ് റോളിന് മൂന്നോ അതില്‍ കൂടുതലോ ഓസ്‌ക്കര്‍ നേടിയ മൂന്ന് പേരെയുള്ള ചരിത്രത്തില്‍. മെക്‌ഡൊര്‍മന്‍ഡിനൊപ്പം മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ഡാനിയല്‍ ഡെ ലൂയിസും നാല് പുരസ്കാരങ്ങള്‍ നേടിയ കാതറിന്‍ ഹെപ്‌ബേണും. മെറില്‍ സ്ട്രീപ്പും ജാക് നിക്കോള്‍സണും ബെര്‍ഗ്നമാനും വാള്‍ട്ടര്‍ ബ്രെണ്ണനും മൂന്ന് വീതം ഓസ്‌ക്കര്‍ നേടിയിട്ടുണ്ട്. എന്നാല്‍, മെറില്‍ സ്ട്രീപ് രണ്ട് തവണ മിച്ച നടിക്കും ഒരു തവണ മികച്ച സഹനടിക്കും ജാക് നിക്കോള്‍സണും ബശര്‍ഗ്മാനും രണ്ട് തവണ മികച്ച നടനും ഓരോ തവണ വീതം സഹനടനുമുള്ള പുരസ്‌കാരങ്ങളാണ് നേടിയത്. ബ്രെണ്ണന്‍ ഒരിക്കല്‍പ്പോലും മികച്ച നടനാവാനായില്ല. മൂന്ന് പുരസ്‌കാരങ്ങളും സഹനടനുള്ളതായിരുന്നു.

Content Highlights: Frances McDormand now has more lead actress Oscars than Meryl Streep Nomadland