ങ്ങനെ സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കും ഓസ്‌ക്കര്‍ പുരസ്‌കാരപട്ടികയില്‍ ഇടം നേടി. മികച്ച ഷോര്‍ട്ട് ഡോക്യുമന്ററിക്കുള്ള പുരസ്‌കാരം നേടിയ കോളെറ്റ് വഴിയാണ് ഫെയ്‌സ്ബുക്കും ചരിത്രത്തില്‍ ആദ്യമായി അക്കാദമി അവാര്‍ഡ്തിളക്കത്തിന്റെ വെളളിവെളിച്ചത്തില്‍ എത്തിയത്.

ഫെയ്‌സ്ബുക്കിന്റെ വര്‍ച്വല്‍ റിയാലിറ്റി ഗ്രൂപ്പായ ഒക്കുലസിലൂടെയും സംപ്രേഷണം ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗെയിമിങ്ങും ചരിത്രവും കോര്‍ത്തിണക്കി ഒരുക്കിയ വിആര്‍ വീഡിയോ ഗെയിം മെഡല്‍ ഓഫ് ഓണര്‍: എബവ് ആന്‍ഡ് ബിയോണ്ടിന്റെ ഭാഗമായാണ് ഈ ഹ്രസ്വ ഡോക്യുമെന്ററി ഒക്കുലസില്‍ ഇടം നേടിയത്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ മെഡല്‍ ഓഫ് ഓണറിലെ ഒരു ഹ്രസ്വചിത്രം മാത്രമാണ് കൊളെറ്റ്. അങ്ങനെ ഒരു വീഡിയോ ഗെയിം കമ്പനിക്ക് കിട്ടുന്ന ആദ്യ ഓസ്‌ക്കര്‍ കൂടിയായി ഇത്.

ഗാര്‍ഡിയന്‍ പത്രത്തിനായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം. ഗാര്‍ഡിയന്റെ വെബ്‌സൈറ്റിലൂടെയും അവരുടെ യൂട്യൂബ് ചാനലിലൂടെയും കൊളെറ്റ് സംപ്രേഷണം ചെയ്തത്. ഇതിന് പുറമെയാണ് ഒക്കുലസിലെ വീഡിയോ ഗെയിമിന്റെ ഭാഗമായത്.

നാസി ജര്‍മനിയുടെ അധിനിവേശത്തിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടത്തില്‍ പങ്കാളിയായിരുന്ന കൊളെറ്റ് മാരിന്‍ കാതറിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് കൊളെറ്റ്. എഴുപത്തിനാല് വര്‍ഷത്തിനുശേഷം കൊളെറ്റ് ജര്‍മനി സന്ദര്‍ശിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചരിത്രവിദ്യാര്‍ഥിയുടെ നിര്‍ബന്ധപ്രകാരം, തന്റെ സഹോദരന്‍ കൊല്ലപ്പെട്ട നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശിക്കാനാണ് കൊളെറ്റ് ജര്‍മനിയിലെത്തുന്നത്. ആന്തണി ജിയോഷിനോയാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.

Content Highlights: Facebook Gets First Oscar award for ‘Colette’ Documentary Short film Oculus VR Game