93-ാമത് ഓസ്‌ക്കര്‍ പുരസ്‌കാരവേദിയില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ക്ലൂയി ചാവോ. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം. 

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറിന്‍ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2008 ലായിരുന്നു ആ പുരസ്‌കാര നേട്ടം. 

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയും കൂടിയാണ് ക്ലൂയി ചാവോ. നാല് നാേമിനേഷനാണ് ചാവോയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതും ഒരു ചരിത്രമാണ്. ഗോള്‍ഡന്‍ ഗ്ലോബ്, വെനീസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള തുടങ്ങിയവയില്‍  മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ക്ലൂയി ചാവോ സ്വന്തമാക്കിയിരുന്നു. 

ഇത്തവണത്തെ ഓസ്‌ക്കര്‍ നോമിനേഷനിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്ത് വന്നത്. 70 സ്ത്രീകളാണ് വ്യത്യസ്ത വിഭാഗങ്ങളില്‍ മാറ്റുരയ്ക്കുന്നത്. അത് സര്‍വകാല റെക്കോഡാണ്. മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദ്ദേശത്തില്‍ രണ്ട് വനിതകള്‍ വരുന്നതും ഇതാദ്യമായാണ്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രം ഒരുക്കിയ എമറാള്‍ഡ് ഫെന്നലായിരുന്നു മറ്റൊരു സംവിധായിക.

Content Highlights: Chloé Zhao second woman to win Oscar for best direction after Kathryn Bigelow, Nomadland