നിറം കുറവായിരുന്നു. പകിട്ടും. പക്ഷേ, ഇത്തവണത്തെ ഓസ്‌ക്കര്‍ രാവില്‍ നിശബ്ദമായൊരു വേദന, ഒരു പ്രാര്‍ഥന നിറഞ്ഞുനിന്നു ഉടനീളം. അവാര്‍ഡുകള്‍ ഓരോന്നായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ആരാധകര്‍ കാത്തിരുന്നത് ഒരൊറ്റ പ്രഖ്യാപനത്തിനുവേണ്ടിയായിരുന്നു. ഏറ്റവും അവസാനത്തെ പ്രഖ്യാപനത്തിന്. ഉദ്വേഗഭരിതമായ നിമിഷങ്ങളില്‍ ആരാവും മികച്ച നടന്‍ എന്ന ചോദ്യത്തിന് ഒരു പ്രാര്‍ഥനയായിരുന്നു പലരുടെയും ഉത്തരം. ഹീത്ത് ലെഡ്ജറെ പോലെ പീറ്റര്‍ ഫിഞ്ചിനെപോലെ ചാഡ്‌വിന്‍ ബോസ്മാനോടും അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് മരണാനന്തരം നീതികാട്ടുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു ആ കാത്തിരിപ്പില്‍.

ലെഡ്ജർ തന്റെ ഐക്കോണിക്ക് കഥാപാത്രം ജോക്കര്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് കാണാതെയും ഫിഞ്ച് നെറ്റ്‌വര്‍ക്കിലെ ഹൊവാര്‍ഡ് ബെയ്‌ലി പുരസ്‌കാരം നേടുന്നതിന് രണ്ട് മാസം മുന്‍പും അരങ്ങൊഴിഞ്ഞവരാണ്. നാല്‍പത്തിമൂന്നാം വയസില്‍ കാന്‍സറിന്റെ രൂപത്തില്‍ വന്ന രംഗബോധമില്ലാത്ത കോമാളിക്ക് മുന്നില്‍ ചാഡ്‌വിക്ക് ആരോണ്‍ ബോസ്മാന്‍ മുട്ടുകുത്തുമ്പോള്‍ മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടത്തിലെ ലെവീ ഗ്രീന്‍ എന്ന ട്രംപറ്റ്‌വാദകന്‍ വെള്ളിത്തിര കീഴടക്കിത്തുടങ്ങിയിരുന്നില്ല. എന്നാല്‍, അപാരമായിരുന്നു ഗ്രീനായുള്ള ചാഡ്‌വിക്കിന്റെ പരകായപ്രവേശം. ഓസ്‌ക്കര്‍ അവസാന പട്ടിക ഒരുങ്ങിയപ്പോള്‍ തന്നെ ആരാധകരില്‍ ബഹുഭൂരിപക്ഷവും ഉറപ്പിച്ചിരുന്നു ചാഡ്‌വിക്കിന്റെ പുരസ്‌കാരം. റിസ് അഹമ്മദും ആന്റണി ഹോപ്കിന്‍സും ഗാരി ഓള്‍ഡ്മാനും സ്റ്റീവന്‍ യൂനും വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയതെങ്കിലും ചാഡ്‌വിക്കിനോട് അക്കാദമി നീതി പുലര്‍ത്തുമെന്നു തന്നെ വിശ്വസിച്ചു അവസാന നിമിഷം വരെ ആരാധകര്‍. പതിവ് തെറ്റിച്ച് മികച്ച ചിത്രത്തിന് പകരം മികച്ച നടന്‍ അവസാന പുരസ്‌കാരമായത് തന്നെ ചാഡ്‌വിക്കിനുവേണ്ടിയാണെന്ന് തെറ്റിദ്ധരിച്ച ശുദ്ധാത്മാക്കളുമുണ്ടായിരുന്നു. പുരസ്‌കാരവേദിയിലെ ഹോപ്കിന്‍സിന്റെ അഭാവം ഈ വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.

പക്ഷേ, ചാഡ്‌വിക്കിന് ഓസ്‌ക്കര്‍ കാത്തുവച്ചത് ഒരു ആന്റിക്ലൈമാക്‌സായിരുന്നു. ചാഡ്‌വിക്കിന്റെ ഗ്രീനിനെ തഴഞ്ഞ് ദി ഫാദറിലെ മേധാക്ഷയം ബാധിച്ച ഹോപ്കിന്‍സിന്റെ ആന്റണിയെ മികച്ച നടനായി അവരോധിക്കുമ്പോള്‍ ഞെട്ടലും രോഷവും സങ്കടവും അടക്കാനായില്ല ചാഡ്‌വിക്കിന്റെ ആരാധകര്‍ക്ക്. കാലങ്ങളായി വേട്ടയാടുന്ന വര്‍ണവിവേചന, ദേശഭേദ പരാതികള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ട തൊണ്ണൂറ്റിമൂന്നാം അവാര്‍ഡ്ദാനച്ചടങ്ങിലെ ഏറ്റവും വലിയ കല്ലുകടിയായി ചാഡ്‌വിക്കിന്റെ തിരസ്‌കാരം.

ഇതിനോട് സന്ധിചെയ്യാന്‍ പക്ഷേ, കടുത്ത ചാഡ്‌വിക്ക് ആരാധകരില്‍ പലര്‍ക്കും കഴിഞ്ഞില്ല. ആന്റണി ഹോപ്കിന്‍സ് ഒരു ക്ലാസ് നടനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹോപ്കിന്‍സിന്റെ ഫാദറിനോട് കടുത്ത മത്സരമാണ് ചാഡ്‌വിക്ക് കാഴ്ചവച്ചത്. ഇവിടെ പിഴച്ചത് ഓസ്‌ക്കര്‍ വിധികര്‍ത്താക്കള്‍ക്കാണ്. കേവലം റേറ്റിങ്ങിനുവേണ്ടിയാണ് അവര്‍ ഒരു വിഗ്രഹത്തെ തകര്‍ത്തത്-ആസ്വാധകര്‍ മയമില്ലാതെ തന്നെ ആരോപണശരമെയ്തു. വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒട്ടുമുണ്ടായില്ല പഞ്ഞം.

മരണം മാത്രമായിരുന്നില്ല ഓസ്‌ക്കറിനുള്ള ചാഡ്‌വിക്കിന്റെ അധികയോഗ്യതയെന്ന് മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം എന്ന മ്യൂസിക്കല്‍ ഡ്രാമയിലെ ചാഡ്‌വിക്കിന്റെ പ്രകടനം കണ്ടവര്‍ക്കറിയാം. വയോള ഡേവിസിനൊപ്പം അതുല്ല്യ പ്രകടനമാണ് ചാഡ്‌വിക്ക് കാഴ്ചവച്ചത്. ഒരുകൂട്ടം സംഗീത പ്രതിഭകളുടെ വികാരവിക്ഷോഭങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വ്യക്തിത്വങ്ങളുടെയും ഏറ്റുമുട്ടലിന്റെ കഥ പറഞ്ഞ ഓഗസ്റ്റ് വില്‍സന്റെ നാടകത്തിന്റെ ചലച്ചിത്രരൂപത്തിന് അക്ഷരാര്‍ഥത്തില്‍ ജീവന്‍ പകര്‍ന്നത് ചാഡ്‌വിക്കിന്റെ അപാരമായ പ്രകടനമാണെന്ന വിമര്‍ശകര്‍ ഒറ്റ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. വയോളയുടെ മാ റെയ്‌നിയെയും ചാഡ്‌വിക്കിന്റെ ഗ്രീനിനെയും ഇരുവര്‍ക്കുമിടയിലുള്ള സംഘര്‍ഷത്തെയും ചുറ്റിപ്പറ്റിാണ് ചിത്രം പുരോഗമിക്കുന്നത്. അപാരമായ മെയ്‌വഴക്കവും താളവും ലയവും വൈകാരികതലവും വേണ്ട കഥാപാത്രത്തെ അനായാസമായാണ് ചാഡ്‌വിക്ക് വെള്ളിരയില്‍ ഉജ്വലമാക്കിയത്. മാര്‍വലിന്റെ ബ്ലാക്ക് പാന്തറെ എല്ലാ അര്‍ഥത്തിലും കടത്തിവെട്ടിക്കളഞ്ഞ കഥാപാത്രം. ബ്ലാക്ക് പാന്തറിനെ മാത്രമല്ല, ഗെറ്റ് ഓണ്‍ അപ്പിലെയും ഡാ 5 ബ്ലഡ്‌സിലെയും കഥാപാത്രങ്ങളില്‍ നിന്ന് എല്ലാ അര്‍ഥത്തിലും വഴിമാറി നടക്കുന്നതായിരുന്നു മാ റെയ്‌നീസിലെ ഗ്രീന്‍. ഉള്ളില്‍ കാന്‍സറിന്റെ രൂപത്തില്‍ കുരുക്കിട്ടുകഴിഞ്ഞ മരണത്തിന്റെ ചെറുലാഞ്ജന പോലും പുറത്തറിയിക്കാതെയാണ് ബോസ്മാന്‍ അവസാന വേഷം ഉജ്വലമായി ആടിത്തീര്‍ത്തത്. ഹീത്ത് ലെഡ്ജറുടെ ഡാര്‍ക്ക് നൈറ്റ് പോലെ ചാഡ്‌വിക്കിന്റെ മരണാനന്തരമാണ് മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം വെള്ളിത്തിരയിലെത്തിയത്. ഒരു നായകനായി മാത്രമായിരിക്കും ഇനി ചാഡ്‌വിക്ക് അറിയപ്പെടുക എന്നായിരുന്നു റെയ്‌നീസ് ബ്ലാക്ക് ബോട്ടമില്‍ മത്സരിച്ചഭിനയിച്ച വയോള ഡേവിസ് പറഞ്ഞത്. വയോളയുടെ മാ റെയ്‌നീസിനും ഉണ്ടായിരുന്നു ഇത്തവണത്തെ ഓസ്‌ക്കറില്‍ മികച്ച നടിക്കുള്ള നോമിനേഷന്‍. പക്ഷേ, ഒടുവില്‍ നൊമാഡ്‌ലാന്‍ഡിലെ ഫ്രാന്‍സെസ് മക്‌ഡൊര്‍മാന്‍ഡിന്റെ വിസ്മയ പ്രകടനത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു.

ക്രിട്ടിക്‌സ്, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ്, ആക്ടാ പുരസ്‌കാരങ്ങള്‍ നേടിയശേഷമായിരുന്നു ഓസ്‌ക്കറിലേയ്ക്കുള്ള വരവ്. മാ റെയ്‌നീസില്‍ ആരാധകര്‍ വലിയ പ്രതീക്ഷവച്ചതിന്റെ കാരണവും ഇതുതന്നെ. അവാര്‍ഡ് നിഷേധിച്ച അക്കാദമിക്ക് ചാഡ്‌വിക്കിന്റെ സ്മരണയ്ക്കായി കുറച്ച് സമയമെങ്കിലം മാറ്റിവയ്ക്കാമായിരുന്നുവെന്ന് പൊതുവേ അഭിപ്രായമുണ്ട്. എന്നാല്‍ അതുമുണ്ടായില്ല. ആന്ദ്രെ ഒഷീ രൂപകല്‍പന ചെയ്ത ചാഡ്‌വിക്കിന്റെ മുഖം പതിപ്പിച്ച കലാരൂപം ഗിഫ്റ്റ് ബാഗില്‍ ഇടം പിടിച്ചെങ്കിലും ഇതുപോലൊരു അതുല്ല്യ നടന് ആദരമര്‍പ്പിക്കാന്‍ അത് തീര്‍ത്തും അപര്യാപ്തമായിരുന്നുവെന്ന് വിമര്‍ശനത്തിന്റെ ചൂട് അടങ്ങിയിട്ടില്ല. ഒരു ദുരന്തത്തെ വിറ്റു കാശാക്കുക മാത്രമാണ് അക്കാദമി ചെയ്തതെന്നാണ് പരക്കേയുള്ള ആക്ഷേപം. ഓസ്‌ക്കറിന് വിവാദങ്ങള്‍ പുത്തരിയല്ല. പക്ഷേ, ഇത്തരം കണ്ണീരിന്റെ നനവു പടര്‍ന്ന വിവാദങ്ങള്‍ പതിവല്ല. ഭൂഷണവുമല്ല. സോറി ബോസ്മാന്‍. നിങ്ങളുടെ ജാക്കി റോബിന്‍സണും ജെയിംസ് ബ്രൗണും ടിചാലയും നോര്‍മന്‍ ഏളും ലെവീ ഗ്രീനും പ്രേക്ഷകമനസ്സില്‍ അവശേഷിപ്പിച്ച മായാത്ത നിമിഷങ്ങള്‍ തന്നയാണ് നിങ്ങള്‍ക്കുള്ള പുരസ്‌കാം. അക്കാദമി പുരസ്‌കാരത്തേക്കാള്‍ തിളക്കമുണ്ടതിന് തീര്‍ച്ച.

Content Higlights: Chadwick Boseman Oscar Awards 2021 Anthony Hopkins Black Panther Ma Rainey's Black Bottom