ബ്രിട്ടീഷ് ആര്‍മിയില്‍ നിന്ന് തിയേറ്ററിലേക്ക് അവിടെ നിന്ന് സിനിമയിലേക്ക്,  അഭിനയജീവിതം ആറ് പതീറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു ഓസ്‌ക്കര്‍ പുരസ്‌കാരം കൂടി ആന്റണി ഹോപ്കിന്‍സനെ തേടിയെത്തിയിരിക്കുകയാണ്. ലോക സിനിമയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ഫ്‌ളോറിയന്‍ സെല്ലര്‍ സംവിധാനം ചെയ്ത ദ ഫാദര്‍ എന്ന ചിത്രത്തിലെ ആന്റണി എന്ന കഥാപാത്രത്തിലൂടെയാണ് 83-ാം വയസ്സില്‍, രണ്ടാം തവണ  മികച്ച നടനുള്ള ഓസ്‌ക്കര്‍ തേടിയെത്തിയത്.

1967 ല്‍ പുറത്തിറങ്ങിയ ദ വൈറ്റ് ബസ് എന്ന ചിത്രത്തിലൂടെയായിരുന്നു ആന്റണി ഹോപ്കിന്‍സിന്റെ അരങ്ങേറ്റം. ഹാംലെറ്റിലെ ക്ലോഡിയസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടി. യങ് വിന്‍സ്റ്റണ്‍, ആന്‍ഡ്രേ റോസ്, എ ബിഡ്ജ് ടൂ ഫാര്‍, ദ എലഫന്റ് മാന്‍, ബ്രാം സ്റ്റോക്കേര്‍സ് ഡ്രാക്കുള, ദ റിമെയിന്‍സ് ഓഫ് ദ ഡേ, ദ മാസ്‌ക്ക് ഓഫ് സോറോ, ഹാര്‍ട്ട്സ് ഇന്‍ അറ്റ്‌ലാന്റിസ്, നിക്‌സണ്‍, ഫ്രാക്ചര്‍ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

1991 ല്‍ പുറത്തിറങ്ങിയ സൈലന്റ്‌സ് ഓഫ് ലാമ്പ്‌സിലെ ഹാനിബാള്‍ ലെക്ടര്‍ എന്ന കഥാപാത്രമാണ് ആന്റണി ഹോപ്കിന്‍സിന് ആദ്യ ഓസ്‌ക്കര്‍ നേടി കൊടുത്തത്. സീരിയല്‍ കൊലയാളിയായ നരഭോജിയായ ഹാനിബാള്‍ ലെക്ടറായി അദ്ദേഹത്തിന്റെ വേഷപകര്‍ച്ച അക്ഷരാര്‍ഥത്തില്‍ അവിസ്മരണീയമായിരുന്നു. ആകെ ആറ് തവണയാണ് ആന്റണി ഹോപ്കിന്‍സ് ഓസ്‌ക്കറില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ആദ്യ പുരസ്‌കാരം നേടി 20 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് നടനെ രണ്ടാം പുരസ്‌കാരം തേടിയെത്തിയത്. 

Content Highlights: Antony Hopkins best actor, Ocsar, The Father Movie, Silence of the lambs, 2nd academy award