ലോസ് ആഞ്ജലീസ്: വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്‌ക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്‌കര്‍. ഇതടക്കം മൂന്ന് ഓസ്‌കര്‍ പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഈ ചിത്രം കരസ്ഥമാക്കി. ഇതിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. ഒറിജിനല്‍ സ്‌ക്രീന്‍പ്ലേയ്ക്കാണ് മറ്റൊരു പുരസ്‌കാരം.

ബൊഹീമിയന്‍ റാപ്‌സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍.

1700ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.

oscar
മികച്ച നടി- ഒലീവിയ കോള്‍മാന്‍ 

മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.

oscar
മികച്ച സംവിധായകന്‍- അല്‍ഫോണ്‍സോ ക്യുറോണ്‍

ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. അലിയുടെ രണ്ടാമത്തെ ഓസ്‌കറാണിത്. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു.

ഇഫ് ബെയ്‌ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ ഉജ്വല പ്രകടനത്തിന് റെജിന കിങ് മികച്ച സഹനടിയായി. റെജിനയുടെ ആദ്യ ഓസ്‌കറാണിത്.

ബൊഹീമിയന്‍ റാപ്‌സോഡിയാണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. നാലെണ്ണം. മികച്ച നടന്‍, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ്. ആകെ അഞ്ച് നോമിനേഷനായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.

oscar
മികച്ച നടന്‍- റാമി മാലെക്

ഏഴ് നോമിനേഷന്‍ ലഭിച്ച ബ്ലാക്ക് പാന്തറിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു ബ്ലാക്ക് പാന്തര്‍. സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്റെ കഥ പറഞ്ഞ സ്‌പൈഡര്‍മാന്‍: ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

oscar
മികച്ച സഹനടി- റെജിന കിങ്

പത്ത് നോമിനോഷന്‍ വീതം ലഭിച്ച റോമയ്ക്ക് മൂന്നും ഫെവറിറ്റിന് ഒരു അവാര്‍ഡും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മികച്ച വിദേശ ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നിവയാണ് റോമ നേടിയ പുരസ്‌കാരം. സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇരട്ട പുരസ്‌കാരം അല്‍ഫോണ്‍സോ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരം മാത്രമാണ് ഫെവറിറ്റ് നേടിയത്.

oscar
മികച്ച സഹനടന്‍- മെഹര്‍ഷല അലി

ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹ്രസ്വചിത്രം ഹ്രസ്വവിഷയത്തിലുള്ള മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. റായ്ക്ക സെബ്താബ്ചിയും മെലിസ്സ ബെര്‍ട്ടണും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്.

1

പിരിഡ് എന്‍ഡ് ഓഫ് സെന്റന്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍

 

പുരസ്‌കാരങ്ങള്‍

  • മികച്ച ചിത്രം- ഗ്രീന്‍ ബുക്ക് സംവിധായകന്‍: പീറ്റര്‍ ഫാരെലി
  • മികച്ച സംവിധായകന്‍- അല്‍ഫോണ്‍സോ ക്യുറോണ്‍, ചിത്രം റോമ
  • മികച്ച നടി- ഒലീവിയ കോള്‍മാന്‍ ചിത്രം- ദ ഫേവറേറ്റ്

  • മികച്ച നടന്‍- റാമി മാലെക്, ചിത്രം: ബൊഹീമിയന്‍ റാപ്‌സഡി

  • ഒറിജിനല്‍ സോങ്- ലേഡി ഗാഗ, മാര്‍ക്ക്  റോണ്‍സണ്‍, ആന്റണി റോസ്സോമാന്‍ഡോ, ആന്‍ഡ്രൂ വ്യാറ്റ്, ചിത്രം: ഷാലോ

  • ഒറിജിനല്‍ സ്‌കോര്‍- ലഡ്‌വിങ് ഗൊരാന്‍സ, ചിത്രം: ബ്ലാക്ക് പാന്തര്‍
  • അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ചാര്‍ളി, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവന്‍ വില്‍മട്ട്ന്‍ സ്‌പൈക്ക് ലീ. ചിത്രം: ബ്ലാക്ക്ക്ലാന്‍സ്മാന്‍
  • ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- നിക്ക് വല്ലെലോംഗ, ബ്രയാന്‍ ക്യുറി, പീറ്റര്‍ ഫാരെല്ലി. ചിത്രം: ഗ്രീന്‍ ബുക്ക്
  • ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍, സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാന്‍
  • മികച്ച വിഷ്വല്‍ ഇഫക്ട്‌സ്- പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മയില്‍സ്, ജെ.ഡി ഷ്വാം ചിത്രം: ഫസ്റ്റ്മാന്‍
  •  ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടട്‌- പിരിഡ്. ദ എന്റ് ഓഫ് സെന്റന്‍സ് സംവിധായകര്‍- റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍

  • മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം- ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്‍-കോബ്‌
  • മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം- സ്‌പൈഡര്‍മാന്‍: ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ്
  • മികച്ച സഹനടന്‍- മെഹര്‍ഷല അലി. ചിത്രം ഗ്രീന്‍ബുക്ക്‌

  • എഡിറ്റിങ്- ജോണ്‍ ഓട്ട്മാന്‍. ചിത്രം: ബൊഹീമിയന്‍ റാപ്‌സോഡി
  • വിദേശ ഭാഷാ ചിത്രം- റോമ  സംവിധായകന്‍: അല്‍ഫോണ്‍സോ ക്യുറോണ്‍

  •   മികച്ച സഹനടി- റെജിന കിങ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്

 

  • മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്-  ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ്
  • ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- ഫ്രീ സോളോ
  • മികച്ച കോസ്റ്റിയൂം ഡിസൈനന്‍- റൂത്ത് കാര്‍ട്ടര്‍ ചിത്രം: ബ്ലാക്ക് പാന്തർ

  • മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹന്ന ബീച്ച്‌ലര്‍. ചിത്രം: ബ്ലാക്ക് പാന്തർ
  • മികച്ച സെറ്റ് ഡെക്കറേഷന്‍- ജേ ഹാര്‍ട്ട് ചിത്രം: ബ്ലാക്ക് പാന്തർ
  • ഛായാഗ്രഹണം- അല്‍ഫോണ്‍സോ ക്യുറോണ്‍. ചിത്രം: റോമ

  • സൗണ്ട് എഡിറ്റിങ്- ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി
  • സൗണ്ട് മിക്‌സിങ്- പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി. ചിത്രം ബൊഹീമിയന്‍ റാപ്‌സോഡി
 

Content Highlights: Oscar 2019 Oscar Award Winners Oscar Live Updates