91-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം. ബ്ലാക്ലാന്‍സ്മാന്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ സ്‌പൈക്ക് ലീ ഡോള്‍ബി തിയേറ്ററില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബ്ലാക്ലാന്‍സ്മാനും ഉള്‍പ്പെട്ടിരുന്നു.  ഓസ്‌കര്‍ നേടുന്ന ഏറ്റവും മോശം സിനിമ എന്നാണ് ലോസ ആഞ്ജലീസ് ടൈംസ് ഗ്രീന്‍ബുക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്..  

10 നാമനിര്‍ദ്ദേശങ്ങളുമായി ദ ഫേവറേറ്റും റോമയും ആണ് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ഏറെ നാടകീയമായാണ് ഗ്രീന്‍ബുക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഗ്രീന്‍ബുക്കിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഏതാനും സിനിമാ നിരൂപകരും ഈ തീരുമാനത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇതൊരു ദുരന്തമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഗ്രീന്‍ബുക്ക് മുന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്‌ക്കെടുത്ത് യാത്ര പുറപ്പെടുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥയാണ് ഗ്രീന്‍ ബുക്കിന്റെ ഇതിവൃത്തം. 

ചിത്രത്തിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേക്കാണ് മറ്റൊരു പുരസ്‌കാരം. മെഹര്‍ഷല അലിക്ക് പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനങ്ങള്‍ ഇല്ല. എന്നാല്‍ മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തിരഞ്ഞെടുത്തതിലാണ് പലര്‍ക്കും അമര്‍ഷം.

Content Highlights:criticism against greenbook for winning Oscar award 2019 mahershala ali  roma