പ്രിയങ്കയും ദേവ് പട്ടേലും മാത്രമല്ല ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. മികച്ച ചിത്രത്തിനായി മത്സരിക്കുന്ന ലയണില്‍ തിളങ്ങിയ കുഞ്ഞു സണ്ണി പവാറും ഓസ്‌കര്‍ ചടങ്ങിലെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളാണ്. 

ദേവ് പട്ടേലിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച ഈ എട്ട് വയസ്സുകാര്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. 

സാരു ബ്രയര്‍ലി എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ ബാലനെ തേടിയാണ് സംവിധായകന്‍ ഗാരത് ഡേവിസ് മുംബൈയില്‍ എത്തിയത്. 2000 കുട്ടികളെ ഓഡിഷന്‍ നടത്തിയാണ് മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സണ്ണിയെ തിരഞ്ഞെടുത്തത്. 

അവന്റെ കണ്ണിലെ തിളക്കം തന്റെ കഥാപാത്രത്തിന് സമാനമായിരുന്നുവെന്നാണ് സണ്ണിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്. സണ്ണിയുമായി താന്‍ കടുത്ത ആത്മബന്ധത്തിലായി കഴിഞ്ഞുവന്നും അവന്‍ തനിക്ക് മകനെപ്പോലെയാണെന്നുമാണ് ചിത്രത്തില്‍ സാരുലിന്റെ വളര്‍ത്തമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നിക്കോള്‍ കിഡ്മാന്‍ പറഞ്ഞത്.

ഇംഗ്ലീഷ് സംസാരിക്കാന്‍ സണ്ണിയ്ക്ക് അറിഞ്ഞു കൂടായിരുന്നു. ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംവിധായകന്‍ സണ്ണിയോട് സംസാരിച്ചത്. ഏറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും തന്റെ കഥാപാത്രം ചെയ്യാന്‍ സണ്ണി തന്നെ മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപ് പവാറും വസു പവാറുമാണ് സണ്ണിയുടെ മാതാപിതാക്കള്‍.