ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മികച്ചൊരു പെര്‍ഫോര്‍മറെ ഇനി ഒരു രാജ്യത്തിനും പ്രസിഡന്റായി കിട്ടാനില്ല. ഡോള്‍ബി തിയേറ്ററില്‍, ലോക സിനിമയില്‍ പെര്‍ഫോമെന്‍സിന്റെ കൊടിയേറ്റ വേദിയില്‍ പ്രസിഡന്റ് ട്രംപ് അരങ്ങുവാണതില്‍ അതിശയമില്ല. ലോസ് ആഞ്ജലീസില്‍ മൂണ്‍ലൈറ്റും ലാ ലാ ലാന്‍ഡുമെല്ലാം പുരസ്‌കാരനിറവില്‍ നിന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പക്ഷേ, പ്രസിഡന്റിന് വില്ലന്‍ വേഷമായിരുന്നുവെന്നു മാത്രം. കിട്ടിയ അവസരങ്ങളില്‍ പ്രസിഡന്റിന്റെ വിവാദ പ്രസ്താവനകളെയും നിലപാടുകളെയും പരിഹസിക്കാനും ഇഴകീറി വിമര്‍ശിക്കാനും കണക്കിന് കൊട്ട് കൊടുക്കാനും മറന്നില്ല അവാര്‍ഡ് ജേതാക്കള്‍.

അവതാരകന്‍ ജിമ്മി കിമ്മെല്ലാണ് ട്രംപ് വിരുദ്ധ ഷോയ്ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ നമ്മളെ വെറുക്കുന്ന 225 രാജ്യങ്ങള്‍ ഈ സംപ്രേഷണം കണ്ടുകൊണ്ടരരിക്കുകയാണെന്നായിരുന്നു കിമ്മെല്ലിന്റെ ആദ്യ വെടി. കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ നേരിട്ട വര്‍ണവിവേചനത്തിന്റെ കളങ്കം മായ്ക്കാന്‍ സഹായിച്ചതിന് തന്റെ അവതരണത്തിനിടെ ട്രംപിനോട് കിമ്മെല്‍ നന്ദി പറഞ്ഞു. അവാര്‍ഡ്ദാന ചടങ്ങിനിടെ പ്രസിഡന്റ് ട്രംപ് ഇതെല്ലാം കാണുന്നുണ്ടോ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു കിമ്മെല്‍.

ട്രംപിനെതിരെ ആക്ഷേപശരം തൊടുത്ത മറ്റൊരാള്‍ മികച്ച മേക്കപ്പിന് അവാര്‍ഡ് ലഭിച്ച അലസാന്ദ്രൊ ബെര്‍തൊലാസ്സിയായിരുന്നു. തനിക്ക് ലഭിച്ച ഓസ്‌ക്കര്‍ എല്ലാ കുടിയേറ്റക്കാര്‍ക്കുമായി സമര്‍പ്പിച്ച ബെര്‍തൊലാസ്സി താനൊരു ഇറ്റലിക്കാരനാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഫായെ ഡണ്ണവെയ്‌ക്കൊപ്പം മികച്ച ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വാറന്‍ ബെയ്റ്റിയും പ്രസിഡന്റിനെ വെറുതെ വിട്ടില്ല. രാഷ്ട്രീയത്തിലും കലയിലും നമുക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് സത്യം കണ്ടെത്തലാണ്-സ്‌റ്റേജില്‍ വച്ചു തന്നെ ബെയ്റ്റി പറഞ്ഞു. സമൂഹത്തിലെ വൈവിധ്യത്തെയും ഈ വൈവിധ്യത്തോടുള്ള നമ്മുടെ ബഹുമാനത്തെയും സൂചിപ്പിക്കുന്നതാണ് അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങള്‍-ബെയ്റ്റി പറഞ്ഞു.

യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ട്രംപിന്റെ തീരുമാനത്തെ സ്‌റ്റേജില്‍ വച്ചു തന്നെ വിമര്‍ശിക്കാന്‍ ഒട്ടും മടി കാട്ടിയില്ല അവാര്‍ഡുകള്‍ പ്രഖ്യാപിച്ച മെക്‌സിക്കന്‍ നടന്‍ ഗെയ്ല്‍ ഗാര്‍ഷ്യ ബെര്‍ണല്‍.

എന്നാല്‍, ട്രംപിനോടുള്ള ഏറ്റവും വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചത് മികച്ച വിദേശ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സെയില്‍സ്മാന്റെ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയാണ്. ഏഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒാസ്‌കര്‍ ബഹിഷ്‌കരിച്ച ഫര്‍ഹാദി മറ്റ് ആറ് രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്ന് സന്ദേശത്തില്‍ പറയുകയും ചെയ്തു. അമരിക്കയും അമരിക്കയുടെ ശത്രുക്കളും എന്ന നിലയില്‍ ലോകത്തെ വിഭജിക്കുന്നത് ഭയം ജനിപ്പിക്കാനേ സഹായിക്കൂവെന്നും ഫര്‍ഹാദി പറഞ്ഞു.

ഭയത്തേക്കാള്‍ ശക്തമാണ് സഹിഷ്ണുതയെന്ന് തെളിച്ച തന്റെ കഥയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയായിരുന്നു മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സൂട്ടോപ്പിയയുടെ സഹസംവിധായകനായ റിച്ച് മൂര്‍.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മൂണ്‍ലൈറ്റിന്‍െ തിരക്കഥാകൃത്ത് ബാരി ജെന്‍കിന്‍സും ട്രംപിന്റെ നിലപാടുകളെ വെറുതെവിട്ടില്ല. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ആളാണ് ബാരി ജെന്‍കിന്‍സ്. നമ്മളെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും എതിരാണ് ഞാന്‍-ബാരി പറഞ്ഞു.