രു മഞ്ഞു കാലത്തില്‍ തുടങ്ങി അടുത്ത മഞ്ഞുകാലത്തില്‍ അവസാനിക്കുന്നതാണോ പ്രണയം? അതിങ്ങനെ ഒരിക്കലും പാടി നിര്‍ത്താന്‍ കഴിയാത്ത ഒരു പാട്ടു പോലെ അത്രയും ഹൃദയത്തില്‍ നിന്നൊഴുകി വരുന്ന ഒരു പുഴ പോലെയല്ലേ... ! അല്ലെങ്കില്‍ തന്നെയും പുഴകള്‍ ഒരിക്കലും ഒന്നാകാറില്ലല്ലോ, രണ്ടു പാട്ടുകള്‍ ഒരിക്കലും ഒരൊറ്റ പാട്ടായി മൂളാനാകില്ലല്ലോ... സെബാസ്റ്റ്യന്റെയും മിയയുടെയും പ്രണയം പോലെ. സമാന്തര രേഖകള്‍ പോലെ പോകുമ്പോഴും ഒരിക്കലും ഒന്നാകാതെ നെഞ്ചില്‍ മാത്രം കൊരുത്തിരിക്കുന്ന പ്രണയം അതാണ് ലാ ലാ ലാന്‍ഡ്. ഗ്രാമി പുരസ്‌കാരങ്ങളുടെയും ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെയും ശോഭയില്‍ സംഗീതവും നൃത്തവും പ്രണയവും സന്ധ്യയും ഒന്ന് ചേരുന്ന അതിമനോഹരമായ അനുഭവമാണ് ലാലാ ലാന്‍ഡ് എന്നും പറയാം.

കാലാവസ്ഥകള്‍ മനുഷ്യമനസ്സുകളില്‍ മാറ്റങ്ങളുണ്ടാകും എന്നത് ശാസ്ത്രീയമായി പറയപ്പെട്ടുവരുന്ന കാര്യമാണ്. മഞ്ഞുകാലത്തിന്റെ സങ്കടങ്ങളിലേയ്ക്കും നിരാശകളിലേയ്ക്കും പുതിയ ജീവനുകള്‍ മുളച്ച് വരുന്നത് പോലെ വേണം വസന്തത്തിന് കടന്നു വരാന്‍. അവര്‍ കണ്ടു മുട്ടുന്നതും ഒരു മഞ്ഞുകാലത്തിലായിരുന്നു. തിരക്കുകളുടെ ട്രാഫിക്ക് പാതകളില്‍ പരസ്പരം ദേഷ്യപ്പെട്ട് അവനവനിലേക്ക് ചുരുങ്ങി ഇരുവരും അപരിചിതരായി പിരിയുമ്പോഴും എവിടെയോ ഒരു മഞ്ഞു പൊഴിഞ്ഞു തുടങ്ങുന്നത് പോലെ തോന്നി തുടങ്ങും. മിയയുടെ സങ്കടങ്ങളിലേക്കാണ് രണ്ടാമത് അയാള്‍ വന്നു കയറുന്നത്. പിയാനോയുടെ ഇമ്പങ്ങളിലേയ്ക്ക് , അയാളുടെ സംഗീതത്തിലേക്ക്.. ജനക്കൂട്ടത്തിനിടയില്‍ പ്രിയപ്പെട്ടൊരാളെ തിരയുന്ന കൗതുകങ്ങള്‍ക്കിടയിലേയ്ക്ക്... പിന്നെ അവര്‍ നടന്നു പോകുന്നത് രാത്രിയുടെ മനോഹരമായ നൃത്തഭംഗികളിലേക്കും.

പരമ്പരാഗത സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നൊരാള്‍ക്ക് ഒരിക്കലും പുതിയ സംഗീതവഴികള്‍ സ്വീകരിക്കാന്‍ എന്തുകൊണ്ടോ പറ്റാറില്ല. ഒരുപക്ഷെ സാമ്പത്തികമായ ആനന്ദം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ഒരുപക്ഷെ ലോകത്ത് എത്ര പ്രതിഭകള്‍ പുറത്ത് വരാതെ തന്നെ ഇല്ലാതായി പോയേനെ! സെബാസ്റ്റ്യന് സംഗീതം ശുദ്ധമായിരുന്നു, മിയയോടുള്ള അയാളുടെ പ്രണയം പോലെ തന്നെ അത്രയും പരിശുദ്ധം. ഒരുവേള അയാള്‍ അവള്‍ക്കു വേണ്ടി ജീവിതം മാറ്റി പണിയാന്‍ തയ്യാറാകുന്നുണ്ട്, പ്രണയത്തിനു മുന്നില്‍ മാത്രമേ അല്ലെങ്കിലും എന്തും തോല്‍വി കാത്ത് നില്‍ക്കുകയുള്ളൂ. യാത്രകളുടെയും സംഗീതപരിപാടികളുടെയും ലോകത്തില്‍ അച്ചടക്കത്തോടെ സഞ്ചരിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒരു പ്രതിഭ അപാരമായ സങ്കടത്തോടെ ക്ലാര്‍നെറ്റിന്റേയും പിയാനോയുടെയും ശുദ്ധസംഗീതലോകത്തിലേയ്ക്ക് കണ്ണുനീരോടെ നോക്കിക്കൊണ്ട് നിന്നിരുന്നു.

അഭിനയത്തിന്റെ ലോകം പ്രാണനായി കരുതുമ്പോഴും അതൊരിക്കലും തനിയ്ക്ക് മുന്നില്‍ വന്നു നില്‍ക്കാത്തതിന്റെ സങ്കടത്തില്‍ മിയ എല്ലാമുപേക്ഷിയ്ക്കാന്‍ തയ്യാറാകുന്നിടത്ത് നിന്ന് പോലും അവളെ കൈപിടിച്ച് നടത്തുന്നത് സെബാസ്റ്റ്യന്റെ പ്രണയമാണ്. പക്ഷെ പ്രശസ്തിയുടെ പടിവാതിലില്‍ പ്രിയപ്പെട്ടവളെ കൊണ്ട് നിര്‍ത്തി മെല്ലെ അവളുടെ കൈ വിടുവിച്ച് അവന്‍ അജ്ഞാതമായ ഒരിടത്തേക്ക് മറയുമ്പോള്‍ പ്രണയം ഉള്ളിലൊളിപ്പിക്കേണ്ടത് തന്നെയോ എന്ന് ഒരുവേള തോന്നിപ്പോകും. പരസ്പരം അത്രമേല്‍ തണലായിരുന്നവര്‍, താങ്ങായിരുന്നവര്‍, സംഗീതവും പ്രതിഭയും ആയിരുന്നവര്‍, പരസ്പരം അവരവരുടെ സ്വപ്നങ്ങളിലേക്ക് ഒടുവില്‍ മടങ്ങി നടക്കുമ്പോള്‍ കൈവിട്ടു കളയണമായിരുന്നോ ആ പ്രണയം?

ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ മാത്രമല്ല മികച്ച സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ലാ ലാ ലാന്‍ഡ് ഒഴിവാക്കാനാവില്ല. സാധാരണ അമേരിക്കന്‍ സിനിമകളുടെ വരണ്ട ലൈംഗികതയും ശരീരത്തിന്റെ അധിനിവേശവും ഒന്നുമല്ല ലാ ലാ ലാന്‍ഡ് ചര്‍ച്ച ചെയ്യുന്നത്. ശുദ്ധമായ ചില വൈകാരികതകളെ കുറിച്ചാണത്. നൃത്തവും സംഗീതവും പ്രണയവും പരസ്പരം ഇഴപിരിയ്ക്കാനാകാതെ ഓരോ സീനുകളിലും തുളുമ്പുന്നുണ്ട്. ഒരു ചുംബനത്തില്‍ പോലും പ്രണയത്തിന്റെ ശുദ്ധമായ സംഗീതമുണ്ട്.

സ്വന്തം സ്വപ്നങ്ങളില്‍ നിന്ന് കൊണ്ടാണ് ഏറ്റവുമൊടുവില്‍ ഒരു മഞ്ഞുകാലത്ത് വീണ്ടുമവര്‍ കണ്ടുമുട്ടുന്നത്. സിനിമയുടെ ലോകം തുറന്നിട്ട പ്രശസ്തിയുടെ തണലില്‍ നിന്ന് ഭാര്യയുടെയും അമ്മയുടെയും വേഷത്തില്‍ മിയ, സെബാസ്റ്റ്യന് മുന്നിലിരിക്കുമ്പോള്‍ സംഗീതത്തില്‍ നിന്ന് പോലും അപാരമായ നിശ്ശബ്ദതയുണ്ടായി തീരുന്നു. ആ ശബ്ദമില്ലായ്മയില്‍ അവര്‍ എന്നേ, ഒന്നായവരാണ്, ഒരിക്കലും വേര്‍പെടാന്‍ കഴിയാത്തവരാണ്. നിശബ്ദമായ പ്രണയത്തിന്റെ വരും വര്‍ഷങ്ങളില്‍ അവര്‍ ഇരുവരും ഇനി അത്രമേല്‍ ഉള്ളിലേയ്ക്ക് നോക്കിയിരിക്കുന്നവരായിരിക്കും. എവിടെ നിന്നാണെന്നറിയാതെ ലഭിക്കുന്ന ഊര്‍ജത്തിന്റെ ഉറവിടം തിരിച്ചറിയുന്ന ആ മഞ്ഞുകാലത്തിന്റെ ഓര്‍മകള്‍ ഇനിയൊരിക്കലും ഒരു ചൂടുകാലത്തിനും ഉരുക്കാന്‍ ആകുന്നതല്ല. ആദ്യമായി അവരിരുവരും ഒന്നിച്ച് നടന്നപ്പോള്‍ കണ്ട ഒരു കാഴ്ചയുണ്ട്, തണുത്ത രാവിന്റെ ശൂന്യമായ ഇടങ്ങളില്‍ നിന്നും അകലെ കാണുന്ന ചുവന്ന സായം സന്ധ്യയുടെ പ്രണയം. അവിടെ വച്ചാകണം അവര്‍ക്കിടയില്‍ പ്രണയം മുളച്ച് തുടങ്ങുന്നത്. പരസ്പരം പറയാതെ പറഞ്ഞു, ഒരു ചുംബനത്തില്‍ പോലും അത് തുടങ്ങി വയ്ക്കാതെ ഹൃദയമിടിപ്പില്‍ മാത്രം സൂക്ഷിച്ച്... മറ്റൊരു രാത്രിയില്‍ സംഗീതത്തിന്റെ നിശബ്ദതയില്‍ നിന്നും അതെ മിടിപ്പിനെ എന്നെന്നേയ്ക്കുമായി കണ്ടെടുത്ത്...

എമ്മ സ്റ്റോണിന്റെയും റയാന്‍ ഗോസ്‌ലിങ്ങിന്റെയും കഥാപാത്രങ്ങളുടെ പ്രണയത്തിന്റെ സാക്ഷികള്‍ മാത്രമാണ് മറ്റുള്ള കഥപാത്രങ്ങള്‍. അവരുടെ സ്വപ്നങ്ങളിലേയ്ക്കും സംഗീതത്തിലേയ്ക്കും നടന്നടുത്തും ഒടുവില്‍ അകന്നും പോയവര്‍. ജീവിതത്തില്‍ എന്നേയ്ക്കുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍, എല്ലാവരും അവരുടെ പ്രണയത്തിന്റെ ഔദാര്യം പറ്റുന്നവര്‍ മാത്രമായി പോകുന്നുണ്ടോ എന്നും തോന്നിപ്പോകും. കാരണം എമ്മയുടെ കഥാപാത്രമായ മിയയ്ക്കും റയാനിന്റെ കഥാപാത്രമായ സെബാസ്റ്റ്യനും പരസ്പരം വേണ്ടെന്നു വച്ച ജീവിതത്തിലേക്കാണ് മറ്റുള്ള ഓരോരുത്തരും കടന്നുചെല്ലുന്നത്. പക്ഷെ അവര്‍ പരസ്പരം ഒഴിച്ചിട്ടിരിക്കുന്ന ശൂന്യമായ ഇടത്തിലേക്ക് അവര്‍ക്കു മാത്രമേ പ്രവേശനവുമുള്ളൂ. പ്രണയം ഒരിക്കലും നഷ്ടമാകുന്നില്ലെന്നും പരസ്പരം ഉറക്കെ പറഞ്ഞില്ലെങ്കില്‍ പോലും എത്രയോ അകലെയിരുന്നും സംഗീതം കൊണ്ടും നൃത്തം കൊണ്ടും അവരിലേയ്ക്കത് നിര്‍ത്താതെ പ്രവഹിക്കുന്നുണ്ടെന്നും കാഴ്ചയില്‍ പോലും അനുഭവപ്പെടുന്നുണ്ട്. അത്ര തീക്ഷ്ണമാണ് ചില പ്രണയകഥകള്‍. ചിലരൊക്കെ ഒന്നാകാതെയിരിക്കുന്നതു തന്നെയാകും മനോഹരം, കാരണം പ്രണയം എന്നത് വിവാഹത്തില്‍ ചെന്നെത്തേണ്ടതോ, ഒന്നാകലില്‍ തീരേണ്ടതോ അല്ലല്ലോ. പരസ്പരം നോക്കാതെ നോക്കി സ്വപ്നങ്ങളില്‍ തുഴഞ്ഞു നെഞ്ചിലൊരു നോവ് അവശേഷിപ്പിച്ച് എപ്പോഴും ഒരു ശൂന്യസ്ഥലം അവശേഷിപ്പിക്കുന്ന മനോഹരമായ ഒരു അനുഭവം തന്നെയല്ലേ പ്രണയം...

മനോഹരമായ നിരവധി കാഴ്ചകളാലും സംഗീതത്താലും നൃത്തത്താലും നിറഞ്ഞ ചിത്രമാണ് ലാ ലാ ലാന്‍ഡ്. ഭയപ്പെടുത്തുന്ന തോക്കിന്റെ ഒച്ചകളോ പ്രണയമില്ലാതെ പ്രാപിക്കുന്ന ശരീരത്തിന്റെ ഉത്സവങ്ങളോ ഇല്ലാതെ ശുദ്ധമായ ഒരു ചിത്രം. സിനിമാ ഫെസ്റ്റിവല്‍ വേദികളില്‍ ശരീരത്തിന്റെ ആഘോഷങ്ങളെ വര്‍ണിക്കുന്ന സിനിമകളില്‍ ഇടിച്ച് കയറുന്ന പ്രേമികള്‍ക്ക് ഒന്ന് ധ്യാനിക്കാനുള്ള നിശബ്ദതയും മനസ്സുമൊരുക്കും ഈ ചിത്രം. പിന്നെ വെറുതെ എവിടെയോ വച്ച് പറയാതെ പോയ പ്രണയത്തെയും ഉള്ളില്‍ ഒരു കടലോളം ഉണ്ടായിട്ടും തുറന്നു വിടാനാകാതെ കെട്ടിനിര്‍ത്തപ്പെട്ട പാവം മനസ്സിനെയും സങ്കടത്തോടെ ഓര്‍മ വരും. അതുതന്നെയാണ് ലാ ലാ ലാന്‍ഡ് നല്‍കുന്നതും. ഓസ്‌കാര്‍ വേദികളിലേക്ക് അഭിനന്ദനങ്ങളുടെയും പുരസ്‌കാരങ്ങളുടെയും തിളക്കവുമായി ലാ ലാ ലാന്‍ഡ് വരുമ്പോഴും അതേ ശുദ്ധമായ സംഗീതവും പ്രണയവും പ്രകീര്‍ത്തിക്കപ്പെടുന്നു. കാലങ്ങളും അതിര്‍ത്തികളും ഒക്കെ കടന്നു മനസ്സുകളിലേക്ക് അത് പ്രവഹിക്കപ്പെടുന്നു....