മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഹോളിവുഡ് ചിത്രം ഹിഡന്‍ ഫിഗേഴ്‌സിലെ താരം താരാജി.പി.ഹെന്‍സന്‍ ഡോള്‍ബി തിയേറ്ററിലെ വേദിയിലേക്കെത്തിയപ്പോള്‍ ഓസ്‌കര്‍ ചടങ്ങിനെത്തിയവരെല്ലാം എണീറ്റുനിന്ന് കൈയടിച്ചു. പക്ഷേ അത് താരാജിക്കുള്ള കൈയടി ആയിരുന്നില്ല. മറിച്ച് അവരോടൊപ്പം വീല്‍ചെയറില്‍ വേദിയിലെത്തിയ കാതറീന്‍ ജോണ്‍സണുള്ളതായിരുന്നു. 

ഓസ്‌കറില്‍ മൂന്ന് നോമിനേഷന്‍ ലഭിച്ച ഹിഡന്‍ ഫിഗേഴ്‌സിലൂടെ നാസയില്‍ എയറോസ്‌പെയ്ന്‍ ടെക്‌നോളജിസ്റ്റായിരുന്ന കാതറീന്‍ ജോണ്‍സന്റെ യഥാര്‍ത്ഥ ജീവിതമാണ് താരാജി അരങ്ങിലെത്തിച്ചത്. ഇവരോടൊപ്പം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒക്റ്റാവിയ സ്‌പെന്‍സറും ജാനെല്ലെ മോനയും വേദിയിലെത്തി. 

തിയോഡോര്‍ മെല്‍ഫി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ ഡ്രാമ ചിത്രമായ ഹിഡന്‍ ഫിഗേഴ്‌സില്‍ മൂന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ ഗണിതശാസ്ത്ര വിദഗ്ധരുടെ കഥയാണ് പറയുന്നത്. 1950കളിലും 60കളിലും നാസയുടെ നേതൃത്വത്തില്‍ നടന്ന ശൂന്യകാശ യാത്രകളില്‍ കാതറീന്റെ പങ്ക് നിര്‍ണായകമായിരുന്നു.

 ആദ്യത്തെ മനുഷ്യനിര്‍മ്മിതമായ ശൂന്യകാശയാത്രയുടെ പ്രൊജക്റ്റ് മെര്‍ക്കുറി, ചന്ദ്രനിലേക്കുള്ള ആദ്യ യാത്ര നടത്തിയ അപ്പോളോ 11 പ്രൊജക്റ്റ്, ചൊവ്വയില്‍ കാലു കുത്താനുള്ള ദൗത്യമായ സ്‌പെയ്‌സ് ഷട്ടില്‍ പ്രോഗ്രാം എന്നിവയുടെയെല്ലാം പിന്നണിയില്‍ കാതറീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986ലാണ് കാതറീന്‍ നാസയില്‍ നിന്ന് വിരമിച്ചത്. നിലവില്‍ വിര്‍ജീനയയില്‍ താമസിക്കുന്ന 98കാരിയായ കാതറീന് ഹോളിവുഡ് ആദരം നല്‍കിയപ്പോള്‍ നന്ദി എന്ന ഒറ്റവാക്കില്‍ അവര്‍ തന്റെ മറുപടി ചുരുക്കി.