സ്‌കര്‍ പുരസ്‌കാര ചടങ്ങിന് ദേവ് പട്ടേലും പ്രിയങ്ക ചോപ്രയും മാത്രമായിരുന്നില്ല ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിച്ചിരുന്ന ലയണിലെ സണ്ണി പവാറും ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ഒരു പക്ഷെ പുരസ്‌കാര ജേതാക്കളേക്കാള്‍ തിളങ്ങിയത് ഈ എട്ട് വയസ്സുകാരന്‍ തന്നെ. 

പുരസ്‌കാര ചടങ്ങിനായി കോട്ടും സ്യൂട്ടുമിട്ടെത്തിയ കുഞ്ഞു സണ്ണിയെ കണ്ടപ്പോള്‍ തുടക്കം മുതലേ അതിഥികള്‍ക്ക് കൗതുകമായിരുന്നു. റെഡ് കാർപ്പെറ്റിൽ എത്തിയപ്പോള്‍ മുതല്‍ സണ്ണിയെ താലോലിക്കാനും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും താരങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. 

ലയണില്‍ ദേവ് പട്ടേലിന്റെ കഥാപാത്രത്തിന്റെ ബാല്യകാലമാണ് ഈ മുംബൈ സ്വദേശി അവതരിപ്പിച്ചത്. 2000 കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സണ്ണിയെ സംവിധായകന്‍ ഗാരത് ഡേവിസ് തിരഞ്ഞെടുത്തത്. 

ഹിന്ദി മാത്രം സംസാരിക്കുന്ന സണ്ണിയെ ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംവിധായകന്‍ അഭിമുഖം തടത്തിയത്. ഭാഷയുടെ പ്രതിസന്ധി ഉണ്ടായിട്ടും തന്റെ കഥാപാത്രം ചെയ്യാന്‍ സണ്ണി തന്നെ മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. 

ചടങ്ങിലെ അവതാരകന്‍ ജിമ്മി കിമ്മല്‍ സദസ്സിലിരിക്കുന്ന സണ്ണിയെ പിടികൂടി. ലയണില്‍ നല്ല പ്രകടനത്തെ അഭിനന്ദിച്ചപ്പോള്‍ എല്ലാവരോടും നന്ദി പറഞ്ഞു. കാന്‍ഡി ഇഷ്ടമാണോ എന്ന ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് സണ്ണി മറുപടി നല്‍കി. പിന്നീട് അല്‍പ്പ നേരം കൂടി കുശലാന്വേഷണം നടത്തിയ ജിമ്മി കിമ്മല്‍ ലയണിലെ ഒരു രംഗത്തിന് സമാനമായി സണ്ണിയെ എടുത്തുയര്‍ത്തി. തുടര്‍ന്ന് സണ്ണിയ്ക്ക് വേണ്ടി ഡോള്‍ബി തിയേറ്ററിന്റെ മുകളില്‍ നിന്ന് കാന്‍ഡികള്‍ പൊഴിയുകയായിരുന്നു. ട്വിറ്ററില്‍ സണ്ണിയെ അഭിന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സണ്ണി മിടുക്കനാണെന്നും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും ചിലര്‍ കുറിച്ചു.