റാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ഡ്രാമ ഫിലിം ദി സെയ്ല്‍സ്മാന്‍ ഓസ്‌കാറില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ആ ചിത്രത്തേക്കാള്‍ നാടകീയതയ്ക്കാണ് ഓസ്‌കര്‍ വേദി സാക്ഷ്യം വഹിച്ചത്. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയും കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടിയിലും പ്രതിഷേധിച്ച് ഓസ്‌കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ച അസ്ഗര്‍ ഫര്‍ഹാദി ഡോള്‍ബി തിയേറ്ററില്‍ കൈയടി നേടി. 

ഫര്‍ഹാദിക്ക് പകരം പുരസ്‌കാരം ഏറ്റുവാങ്ങിയ ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി അനൗഷ അന്‍സാരി ഇറാനിയന്‍ സംവിധായകന്റെ കുറിപ്പ് ചടങ്ങില്‍ വായിച്ചു. അത് ഇങ്ങനെയായിരുന്നു:''ഈ രാത്രിയില്‍ നിങ്ങളോടൊപ്പം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. യു.എസ് ഗവണ്‍മെന്റിന്റെ കുടിയേറ്റ നിരോധന ഉത്തരവ് ബാധിച്ച എന്റെ രാജ്യത്തെയും മറ്റു ആറു രാജ്യങ്ങളിലെയും ജനങ്ങളോടുമുള്ള ബഹുമാനം മനസ്സില്‍ സൂക്ഷിച്ച് ഞാന്‍ ഈ ചടങ്ങ് ബഹിഷ്‌കരിക്കുകയാണ്.'' 

സാധാരണ ഓസ്‌കര്‍ ചടങ്ങില്‍ ഒരാള്‍ക്ക് പകരം മറ്റൊരാള്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള നിയമമില്ല. എന്നാല്‍ അസ്ഗര്‍ ഫര്‍ഹാദിയ്ക്ക് വേണ്ടി ഇത്തവണ മുതല്‍ നിയമത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

ഡെന്‍മാര്‍ക്ക് ചിത്രം ലാന്‍ഡ് ഓഫ് മൈന്‍, ജര്‍മന്‍ ചിത്രം ടോണി എര്‍ഡ്മാന്‍, സ്വീഡിഷ് ചിത്രം എ മാന്‍ കാള്‍ഡ് ഓവ്‌സ ഓസ്‌ട്രേലിയയില്‍ നിന്നുള്ള താന എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് സെയ്ല്‍സ്മാന്‍ മികച്ച വിദേശ ഭാഷാ ചിത്രമായത്. ഒരു ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ തന്റെ ഭാര്യയെ ആക്രമിച്ചയാളോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നതാണ് ദി സെയ്ല്‍സ്മാന്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഫര്‍ഹാദി ഓസ്‌കര്‍ നേടുന്നത്. 2012ല്‍ ഫര്‍ഹാദിയുടെ തന്നെ എ സെപറേഷന്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.