ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ട് പഴയ നല്ലോര്‍മ്മകളിലേക്ക് മടങ്ങി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ടീസര്‍ കണ്ട്‌ ജോണ്‍സണ്‍ മാഷ് കൂടെയുണ്ടായിരുന്ന ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് അദ്ദേഹം പറയുന്നു. മണ്‍മറഞ്ഞുപോയ അനുഗ്രഹീത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന് സമര്‍പ്പിച്ചുകൊണ്ട് ഒരു യമണ്ടന്‍ പ്രേമ കഥ ടീം ഒരുക്കിയ പുതിയ ടീസറിനെക്കുറിച്ചാണ് സംവിധായകന്റെ പരാമര്‍ശം. സിനിമകള്‍ക്കു വേണ്ടി കമ്പോസിങ്ങിനിരിക്കുമ്പോള്‍ പാടാന്‍ നിര്‍ബന്ധിക്കുകയും ഹാര്‍മോണിയം വച്ച് അദ്ദേഹം പാടുന്നത് എത്ര കേട്ടാലും മതിവരാറില്ലെന്നും സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

johnson

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ സിനിമകളുടെ സ്ഥിരം സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍.
അന്നൊക്കെ ഏതു സിനിമയുടെ കമ്പോസിംഗിനു വന്നാലും രണ്ടു പാട്ടുകള്‍ പാടിക്കേള്‍ക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഞാന്‍ നിര്‍ബ്ബന്ധിക്കും.

'ഇയാളെക്കൊണ്ടു തോറ്റു' എന്നു പറഞ്ഞ് ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് ആര്‍ദ്രമായ ശബ്ദത്തില്‍ ജോണ്‍സണ്‍ പാടും.. 
'ഗോപികേ നിന്‍ വിരല്‍'
'അന്‍രാഗിണീ ഇതാ എന്‍..'

എത്ര തവണ കേട്ടാലും കണ്ടാലും മതിയാവാറില്ല.

ആ ജോണ്‍സണ്‍ കാലം പെട്ടെന്നോര്‍ത്തുപോയി ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍.

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫാണ് നിര്‍മാണം. ഏപ്രില്‍ 25ന് തീയേറ്ററുകളിലെത്തും.

Content Highlights : Sathyan Anthikkad facebook post, Oru Yamandan Prema kadha new teaser, Johnson master