ഷ്ടങ്ങളും കഷ്ടതകളും സമ്മാനിച്ച് 2020 പടിയിറങ്ങുമ്പോള്‍ സിനിമാ ലോകത്തുനിന്ന് വിട പറഞ്ഞത് അനേകം പ്രതിഭകളാണ്. ആ ഓര്‍മ്മകളിലൂടെ...

മാര്‍ച്ച്

1. ഷാജി തിലകന്‍ - സിനിമ സീരിയല്‍ താരം. നടന്‍ തിലകന്റെ മകന്‍. നടന്‍മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

2. പറവൈ മുനിയമ്മ- തമിഴ് നടിയും നാടന്‍പാട്ടു കലാകാരിയും. ക്ഷേത്രോത്സവങ്ങളില്‍ നാടന്‍പാട്ടു വേദികളിലൂടെയാണ് മുനിയമ്മ കലാരംഗത്ത് ശ്രദ്ധനേടിയത്. വിദേശത്തടക്കം 2000-ലധികം വേദികളില്‍ നാടന്‍പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. നാടന്‍പാട്ടു വേദികളില്‍ തിളങ്ങിനിന്ന സമയത്ത് 2003-ല്‍ വിക്രം, ജ്യോതിക എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ 'ധൂള്‍' എന്ന ചിത്രത്തിലൂടെയാണ് മുനിയമ്മ സിനിമാരംഗത്തെത്തി ജനപ്രീതിനേടിയത്.

പിന്നീട് കാതല്‍ സടുകുടു, കോവില്‍, ദേവതയെ കണ്ടേന്‍, തമിഴ്പടം, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പോക്കിരിരാജ, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില്‍ മുനിയമ്മ അവതരിപ്പിച്ചിരുന്ന, പാരമ്പര്യരുചികള്‍ പരിചയപ്പെടുത്തുന്ന കുക്കറി ഷോയും ഏറെ ജനപ്രീതി നേടിയിരുന്നു.

ആരോഗ്യപരമായും സാമ്പത്തികമായും ബുദ്ധിമുട്ടിലായിരുന്ന മുനിയമ്മയ്ക്ക് 2015-ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആറു ലക്ഷം രൂപ അടിയന്തരസഹായവും മാസം 6000 രൂപ പെന്‍ഷനും അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചു.
 
ഏപ്രില്‍

1. എം.കെ. അര്‍ജുനന്‍ - മലയാള ചലച്ചിത്ര സംഗീതസംവിധായകന്‍. 200-ഓളം സിനിമകള്‍ അറുനൂറിലേറെ പാട്ടുകള്‍.ആയിരത്തിലധികം നാടകഗാനങ്ങള്‍. പതിനാല് തവണ സംഗീതനാടക അക്കാദമി അവാര്‍ഡ്. മികച്ച ചലച്ചിത്ര സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

2. യൂജീന്‍ മെറില്‍ ഡീച്ച് - ടോം ആന്‍ഡ് ജെറി, പോപേയ് ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെ ഓസ്‌കര്‍ അവാര്‍ഡ്.

3. ഇര്‍ഫാന്‍ ഖാന്‍ - ബോളിവുഡ് നടന്‍,. ട്യൂമര്‍ ബാധയെത്തുടര്‍ന്ന് അന്ത്യം. ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു. 2018-ല്‍  ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു.  ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. സലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മക്ബൂല്‍, ലൈഫ് ഇന്‍ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടുകയും ഇര്‍ഫാന്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാകുകയും ചെയ്തു. സൂപ്പര്‍താര പരിവേഷത്തില്‍ താല്‍പര്യമില്ലാത്ത ഇര്‍ഫാന്‍ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു.  

ദ ലഞ്ച് ബോക്‌സ്, പാന്‍ സിങ് തോമര്‍, തല്‍വാര്‍, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബൈ മേരി ജാന്‍, കര്‍വാന്‍, മഡാരി, ലൈഫ് ഇന്‍ എ മെട്രോ, പീകു, ബ്ലാക്ക് മെയില്‍, ഹൈദര്‍, യേ സാലി സിന്ദഗി, ഖരീബ് ഖരീബ് സിംഗിള്‍, ദ വാരിയര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ  മറ്റു ചിത്രങ്ങള്‍. അംഗ്രേസി മീഡിയമാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇര്‍ഫാന്‍, ഹോളിവുഡില്‍ സ്ലം ഡോഗ് മില്യണയര്‍, അമൈസിങ് സ്‌പൈഡര്‍മാന്‍, ദ നെയിം സേക്ക്, ന്യൂയോര്‍ക്ക് ഐ ലവ്യൂ, ജുറാസിക് വേള്‍ഡ്, ഇന്‍ഫേര്‍നോ, ലൈഫ് ഓഫ് പൈ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ഇര്‍ഫാനെ  തേടിയെത്തി. 2011-ല്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

4. ഋഷി കപൂര്‍ - വിഖ്യാത ബോളിവുഡ് നടന്‍,അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.   1973-ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. നടനെന്നതിന് പുറമെ നിര്‍മ്മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി. രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്, ഹണിമൂണ്‍, ചാന്ദ്നി തുടങ്ങിയ സിനിമകള്‍ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങള്‍ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്

5. രവി വള്ളത്തോള്‍ - മലയാള സിനിമാ-സീരിയല്‍ നടന്‍.  ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1996-ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു.

ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോള്‍ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏതാണ്ട് അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുന്നാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

6. കലിംഗ ശശി- മലയാള സിനിമാ നടന്‍. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടകരംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ്  ജനഹൃദയങ്ങള്‍ കീഴടക്കിയത്.  ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു.  500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998-ലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. പിന്നീടിങ്ങോട്ട് കലിംഗ ശശി മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായി.

ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയില്‍ നായകനുമായി.പാലേരി മാണിക്യം , കേരള കഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, ആമേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദാമിന്റെ മകന്‍ അബു  തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മെയ്

1. ജിബിറ്റ് ജോര്‍ജ് - 'കോഴിപ്പോര്' എന്ന സിനിമയുടെ രണ്ട് സംവിധായകരില്‍ ഒരാള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം,.
2. ബേസില്‍ ജോര്‍ജ് - യുവനടന്‍. കാറപടകടത്തെ തുടര്‍ന്ന് മരണം.  'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയിലെ നായകനായിരുന്നു.
3. കലാഭവന്‍ ജയേഷ് -  സിനിമ, മിമിക്രി കലാകാരന്‍,. രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.  സോള്‍ട്ട് ആന്റ് പെപ്പര്‍, സുവര്‍ണ പുരുഷന്‍, കല്‍ക്കി, ജല്ലിക്കെട്ട് തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജൂണ്‍

1.സുശാന്ത് സിങ്ങ് രാജ്പുത്- ബോളിവുഡ് നടന്‍. കൈപോച്ചെ, എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സറ്റോറി, ചിച്ചോരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയന്‍. ബോളിവുഡിനെ ഏറെ ഉലച്ച മരണം. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദില്‍ ബേച്ചാര ആണ് അവസാന ചിത്രം.

2. വാജിദ് ഖാന്‍ - സംഗീത സംവിധായകന്‍. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്. ഐപിഎല്‍ നാലാം സീസണിലെ 'ധൂം ധൂം ധൂം ദമാക്ക' എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.

3. സച്ചി -മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്. വക്കീല്‍പ്പണിക്കിടെ സുഹൃത്തായ സേതുവുമായി ചേര്‍ന്നെഴുതിയ തിരക്കഥകളാണ് ഒട്ടേറെ ജനപ്രിയചിത്രങ്ങള്‍ക്ക് വഴിതുറന്നത്. പഠനകാലത്തുതന്നെ അമച്വര്‍ നാടകങ്ങളില്‍ സക്രിയമായിരുന്നു. രഞ്ജിത്ത് നിര്‍മിച്ച അയ്യപ്പനും കോശിയുമെന്ന ബോക്‌സോഫീസ് ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. സേതുവുമായി ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതാണ്. അനാര്‍ക്കലിയിലൂടെ സ്വതന്ത്രസംവിധായകനായി. റണ്‍ ബേബി റണ്‍ ആയിരുന്നു ആദ്യത്തെ സ്വതന്ത്രരചന. രാമലീല, ഷെര്‍ലെക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, ചേട്ടായീസ് എന്നിവയുടെ രചനയും സച്ചിയുടേതാണ്.

4. പാപ്പുക്കുട്ടി ഭാഗവതര്‍ - പഴയകാല നടനും ഗായകനും. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്.

ജൂലൈ

1. സരോജ് ഖാന്‍ - ശാസ്ത്രീയ നൃത്തത്തോടൊപ്പം നാടോടി, പാശ്ചാത്യ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പുതിയൊരു മാതൃക സൃഷ്ടിച്ച നൃത്തസംവിധായിക . മൂന്നുതവണ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയുടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തിയത് സരോജ്ഖാനാണ്. തേസാബിലെ 'ഏക് ദോ തീന്‍', ദേവദാസിലെ 'ഡോലാ രേ', ബേട്ടയിലെ 'ധക്ക് ധക്ക് കര്‍നെ ലഗാ' തുടങ്ങിയ ഗാനങ്ങളിലെ നൃത്തദൃശ്യവിസ്മയങ്ങള്‍ക്കൊപ്പം സരോജ്ഖാനെയും ബോളിവുഡ് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ബോളിവുഡില്‍ നാലു പതിറ്റാണ്ടോളം സജീവമായിരുന്നു. 'ദേവ്ദാസ്', 'ശൃംഗാരം', 'ജബ് വി മെറ്റ്' എന്നീ ചിത്രങ്ങളിലെ നൃത്തച്ചുവടുകള്‍ക്കായിരുന്നു ദേശീയപുരസ്‌കാരം. രണ്ടായിരത്തില്‍പ്പരം ഗാനരംഗങ്ങള്‍ക്കാണ് സരോജ്ഖാന്‍ നൃത്തസംവിധാനം നിര്‍വഹിച്ചത്.

2. കും കും - ബോളിവുഡ് നടി

3. അനില്‍ മുരളി - തെന്നിന്ത്യന്‍ സിനിമാ താരം. വില്ലനായും സഹനടനായും ഹാസ്യ താരമായും നിരവധി ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണം.

ആഗസ്റ്റ്

1. എ.ബി. രാജ് -ആന്റണി ഭാസ്‌കര്‍ രാജ്.  പ്രമുഖ ചലച്ചിത്രസംവിധായകന്‍, മലയാളത്തില്‍ 65-ലധികം ചിത്രങ്ങള്‍ സിംഹളഭാഷയില്‍ പത്തും തമിഴില്‍ രണ്ടു സിനിമകള്‍

2, ചാഡ്വിക്ക് ബോസ്മാന്‍ - ഹോളിവുഡ് നടന്‍, ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയന്‍. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍ 2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് താരമായുയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

സെപ്തംബര്‍

1. എസ്.പി. ബാലസുബ്രഹ്‌മണ്യം - ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷന്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.  1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എം ജി ആര്‍, ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, തുടങ്ങിയ മുന്‍നിരനായകന്മാര്‍ക്കുവേണ്ടി പാടി. കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തില്‍ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്.

1980ല്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കര്‍ണാടക സംഗീതവുമായി വളരെ അടുത്ത് നില്‍ക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. 'ശങ്കരാഭരണവും' ചിത്രത്തിലെ 'ശങ്കരാ' എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി. ആനന്ദ്-മിലിന്ദ്, എം എസ് വിശ്വനാഥന്‍, ഉപേന്ദ്രകുമാര്‍, ഇളയരാജ, കെ വി മഹാദേവന്‍, തുടങ്ങിയ മുന്‍കാല സംഗീതസംവിധായകര്‍ മുതല്‍ വിദ്യാസാഗര്‍, എം എം കീരവാണി, എ ആര്‍ റഹ്‌മാന്‍, തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗായകനെന്നതിലുപരി അദ്ദേഹം മികച്ച നടനായും വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു. എസ് പി ബി പാടി അഭിനയിച്ച 'കേളടി കണ്‍മണി' എന്ന ചിത്രത്തിലെ 'മണ്ണില്‍ ഇന്ത കാതല്‍' തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത്, കമല്‍ഹാസന്‍, ജെമിനി ഗണേശന്‍, അനില്‍ കപൂര്‍, അര്‍ജുന്‍ സര്‍ജ, രഘുവരന്‍ തുടങ്ങി നിരവധി നായകന്‍മാര്‍ക്ക് ശബ്ദമേകിയിരുന്നു.

2. ശബരിനാഥ് - സീരിയല്‍ താരം. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം. 15 വര്‍ഷമായി സീരിയല്‍ രംഗത്ത് സജീവമാണ്. പാടാത്ത പെങ്കിളി, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ എത്തി. അടുത്തിടെ സംപ്രേഷണം തുടങ്ങിയ നിലവിളക്ക് എന്ന സീരിയലില്‍ അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന ജനപ്രിയ സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

3. ശാരദ നായര്‍ - മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും നായികാനായകന്മാരാക്കി ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായര്‍ക്ക്.  മുത്തശ്ശിയും മോഹന്‍ലാലുമൊത്തുള്ള രംഗങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 99-ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു

ഒക്ടോബര്‍

1. ഷോണ്‍ കോണറി - ജെയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച സ്‌കോട്ടിഷ് നടന്‍, ഏഴ് ബോണ്ട് കഥാപാത്രങ്ങള്‍, ദി അണ്‍ടച്ചബിള്‍സിലൂടെ മികച്ച സഹനടനുള്ള 1988-ലെ ഓസ്‌കര്‍ ബഹുമതി, 2000-ല്‍ ബ്രിട്ടന്‍ 'സര്‍' പദവി നല്‍കി ആദരിച്ചു.

നവംബര്‍

1. ഫെര്‍ണാണ്ടോ സൊളാനസ്- ലോകപ്രശസ്ത അര്‍ജന്റീനിയന്‍ ചലച്ചിത്ര സംവിധായകന്‍, രാഷ്ട്രീയസിനിമകളിലൂടെ ശ്രദ്ധേയന്‍. മൂന്നാംലോക സിനിമയെ ലോക സിനിമാഭൂപടത്തില്‍ അരക്കിട്ടുറപ്പിച്ച സൊളാനസ് അര്‍ജന്റീനയിലാണ് ജനിച്ചത്. പൊരുതുന്ന രാഷ്ട്രീയസിനിമയുടെ ആചാര്യനായാണ് ലോകസിനിമയിലെ സ്ഥാനം. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ സംവിധായകരിലൊരാളായിരുന്ന അദ്ദേഹത്തെ പോയവര്‍ഷം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ആയുഷ്‌കാലനേട്ടത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. .

2. സൗമിത്ര ചാറ്റര്‍ജി- വിഖ്യാത ബംഗാളിനടന്‍. കോവിഡ് ബാധിച്ച് മരണം.  സത്യജിത് റേയുടെ സിനിമകളിലൂടെയാണ് പ്രശസ്തനാവുന്നത്. ഏതാണ്ട് 14 ചിത്രങ്ങളില്‍ സത്യജിത്ത് റേയുടെ നായകന്‍ സൗമിത്രയായിരുന്നു. 1935 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സൗമിത്ര 1959 ല്‍ സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര്‍ സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2004 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച സൗമിത്ര ചാറ്റര്‍ജിക്ക് ഇന്ത്യന്‍ സിനിമയ്ക്ക് ആജീവനാന്ത സംഭാവന കണക്കിലെടുത്ത് 2012 ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നല്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് സൗമിത്ര ചാറ്റര്‍ജി. ഒരു തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും രണ്ടു തവണ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.


ഡിസംബര്‍

1. എസ്. കുമാര്‍ - മലയാള ചലച്ചിത്ര നിര്‍മാതാവ്, മെരിലാന്‍ഡ് സ്റ്റുഡിയോ സ്ഥാപകന്‍, ശാസ്താ പ്രൊഡക്ഷന്‍സ്, 25-ഓളം സിനിമകള്‍ നിര്‍മിച്ചു.

2. കിം കി ഡൂക്ക് - വിഖ്യാത ദക്ഷിണകൊറിയന്‍ ചലച്ചിത്ര സംവിധായകന്‍,1996-ല്‍ പുറത്തിറങ്ങിയ ക്രോക്കഡൈല്‍ ആണ് ആദ്യ സംവിധാന സംരംഭം, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്, സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, അരിരംഗ്, ബ്രത്ത്, പിയത്ത, മോബിയസ് തുടങ്ങി 23 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

3. പി. കൃഷ്ണമൂര്‍ത്തി -, ചലച്ചിത്ര കലാസംവിധായകന്‍.  കലാസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും പ്രതിഭ തെളിയിച്ച കൃഷ്ണമൂര്‍ത്തിക്ക് ഇരുവിഭാഗങ്ങളിലുമായി അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അടക്കം 55 സിനിമകളില്‍ കലാസംവിധാനം നിര്‍വഹിച്ചു. മാധവാചാര്യ(കന്നട), ഒരു വടക്കന്‍ വീരഗാഥ(മലയാളം), ഭാരതി(തമിഴ്) ചിത്രങ്ങളിലൂടെയാണ് കലാസംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ഒരു വടക്കന്‍വീരഗാഥയിലെയും ഭാരതിയിലെയും വസ്ത്രാലങ്കാരവും ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. സ്വാതിതിരുനാള്‍, വൈശാലി, പെരുന്തച്ചന്‍, വചനം, രാജശില്പി, പരിണയം, കുലം, ഗസല്‍ തുടങ്ങി 15-ഓളം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു.

4. ഷാനവാസ് നരണിപ്പുഴ - മലയാള സിനിമാ സംവിധായകന്‍, കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം

5. വി.ജെ ചിത്ര - തമിഴ് നടിയും അവതാരകയും.  ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന  ടെലിവിഷന്‍  സീരിയലിലൂടെ ശ്രദ്ധേയയായി.

6. അനില്‍ നെടുമങ്ങാട് - മലയാള നടന്‍. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ട് മരണം. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടന്‍.

Content Highlights : Death of celebrities 2020 World cinema Indian Cinema Malayalam cinema