ലായാല്‍ തറ വേണം എന്ന കാവാലം നാരായണപ്പണിക്കരുടെ ഗാനം മലയാളികള്‍ ഹൃദിസ്ഥമാക്കിയത് നെടുമുടി വേണുവിന്റെ ശബ്ദത്തിലൂടെയാണ്. 1982-ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആലോലം എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആ ഗാനം ഉപയോഗപ്പെടുത്തിയത്. മൂന്ന്‌ പതിറ്റാണ്ട് പിന്നിടുന്ന ഗാനത്തിന് ഇന്നും ആരാധകരേറെ. ആലോലത്തിലെ ഗാനത്തിന് മുമ്പ് തന്നെ 1981 ല്‍ റിലീസായ വേനല്‍ എന്ന ചിത്രത്തിന് വേണ്ടി നീ തന്നെ എന്ന കാവ്യാത്മകഗാനം നെടുമുടി വേണു ആലപിച്ചിരുന്നു. കെ. അയ്യപ്പപണിക്കരുടെ വരികള്‍ ചിട്ടപ്പെടുത്തിയത് എം ബി ശ്രീനിവാസനായിരുന്നു. ആലോലത്തിന് ശേഷം സ്‌നേഹപൂര്‍വം മീര എന്ന എന്ന ചിത്രത്തിന് വേണ്ടി കുഞ്ഞുണ്ണി മാഷ് രചിച്ച നാല് ഗാനങ്ങള്‍ നെടുമുടി വേണു ആലപിച്ചു. എം.ജി. രാധാകൃഷ്ണന്റെ ഈണത്തിലായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍. 

തുടര്‍ന്ന് 1983 ല്‍ പുറത്തിറങ്ങിയ ആശ്രയം, മണ്ടന്‍മാര്‍ ലണ്ടനില്‍ തുടങ്ങിയ ചിത്രങ്ങളിലെ രണ്ട് ഗാനങ്ങള്‍ എം.ബി. ശ്രീനിവാസന്റേയും ശ്യാമിന്റേയും സംഗീതത്തില്‍ നെടുമുടി വേണു ആലപിച്ചു. ആശ്രയത്തിലെ പിറന്നാളില്ലാതെ എന്ന ഗാനം യേശുദാസിനും ജാനകിയ്ക്കുമൊപ്പവും മണ്ടന്‍മാര്‍ ലണ്ടനില്‍ എന്ന ചിത്രത്തിലെ ഗാനം സി.ഒ. ആന്റോയ്‌ക്കൊപ്പവുമാണ് അദ്ദേഹം പാടിയത്.  പിന്നീട് 1985 ല്‍ കാവാലത്തിന്റെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന  ഒരിടത്തൊരിടത്ത്(ചിത്രം: എനിക്കും എനിക്കും ഇടയ്ക്ക്) എന്ന ഗാനം ഷാജിനിക്കൊപ്പം നെടുമുടി വേണു പാടി. 1986 ല്‍ ധീം തരികിട തോം എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് ഗാനങ്ങളാണ് നെടുമുടി വേണു പാടിയത്. ഗാനങ്ങളുടെ രചനയും സംഗീതവും അദ്ദേഹത്തിന്റെ തന്നെയാണ് നിര്‍വഹിച്ചത്. 

1987 ല്‍ തീര്‍ഥം എന്ന ചിത്രത്തിന് വേണ്ടി കാവാലവും ബാലചന്ദ്രന്‍ ചുള്ളിക്കാടും ചേര്‍ന്ന് രചിച്ച രണ്ട് ഗാനങ്ങള്‍ക്ക് നെടുമുടി വേണു ശബ്ദം പകര്‍ന്നു. ബോംബെ രവിയുടേതായിരുന്നു ഈണം. അക്കൊല്ലം തന്നെ പുറത്തിറങ്ങിയ എഴുതാപ്പുറങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനം അദ്ദേഹം എഴുതി ഈണമിട്ട് പാടി. അതേ ചിത്രത്തിലെ പാടുവാനായി വന്നു നിന്റെ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ആദ്യഭാഗത്ത് നെടുമുടി വേണുവിന്റെ ശബ്ദം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്ററായിരുന്നു സംഗീതം നല്‍കിയത്. 

അതിന് ശേഷം പുറത്തിറങ്ങിയ സര്‍വ്വകലാശാല എന്ന സിനിമയിലെ അതിരുകാക്കും മലയൊന്നു തുടുത്തേ എന്ന ഗാനം അക്കാലത്ത് സാഹിത്യകുതുകികളുടെ പ്രിയഗാനമായിരുന്നു. സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മാവായിരുന്നു ആ ഗാനം. കാവാലത്തിന്റെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണനായിരുന്നു ഈണം നല്‍കിയത്. 1989 ല്‍ പുറത്തിറങ്ങിയ വന്ദനത്തിലേയും പൂരത്തിലേയും ഗാനങ്ങള്‍ക്ക് ആ അതുല്യകലാകാരന്റെ ശബ്ദം സംഗീതസംവിധായകര്‍ ഉപയോഗപ്പെടുത്തി. പിന്നീട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം ലേഖകന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഗാനരംഗത്ത് പങ്കാളിയായത്. 2016 ല്‍ പാവാട എന്ന സിനിമയ്ക്ക് വേണ്ടി ഇഹലോകജീവിതം എന്ന പാട്ട് അദ്ദേഹം പാടി. 2019 ല്‍ തെളിവ് എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം തന്നെ രചിച്ച് ഈണമിട്ട എവിടെ അവള്‍ എന്ന തെരുവുനാടകഗാനമാണ് നെടുമുടി വേണുവിന്റെ ശബ്ദത്തില്‍ റെക്കോഡ് ചെയ്ത അവസാന സിനിമാഗാനം. 

 

Content Highlights: Songs sung by Nedumudi Venu legendary actor