തിരുവനന്തപുരം: കഥാപാത്രത്തെ മിഴിവോടെ പ്രേക്ഷകരുടെ അടുത്തേക്ക് എത്തിക്കാന്‍ സാധിക്കുന്ന അസാധ്യപ്രതിഭയാണ് നെടുമുടിവേണുവെന്ന് സംവിധായകന്‍ സിബി മലയില്‍. നെടുമുടി വേണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെടുമുടിയ്‌ക്കൊപ്പം ജോലി ചെയ്യുന്ന സമയത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. 

"കമലദളത്തിന്റെ ഷൂട്ടിങ് സമയത്ത് വിദേശ യാത്ര ഉണ്ടായിതിരുന്നതിനാല്‍ ഏല്‍പിച്ച കഥാപാത്രം ചെയ്യാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. സിനിമയില്‍ വേണു ചേട്ടന് വെച്ച കഥാപാത്രമാണ് പിന്നീട് മുരളി ചെയ്ത കഥകളി അധ്യാപകന്‍. എന്നാല്‍ സിനിമയില്‍ നെടുമുടി വേണു ഉണ്ടാകണമെന്ന മോഹന്‍ലാലിന്റെയും എന്റെയും നിര്‍ബന്ധം കാരണമാണ് കലാമണ്ഡലത്തിന്റെ സെക്രട്ടറി കഥാപാത്രം ചെയ്തത്. 

നെഗറ്റീവ് ഷേഡുളള കഥാപാത്രമാണ് അത്. പക്ഷേ വേണുചേട്ടന്‍ ആ കഥാപാത്രം ചെയ്തപ്പോള്‍ ഒരു മിഴിവുണ്ടായി സ്വീകാര്യതയുണ്ടായി. അതാണ് വേണുചേട്ടന്‍. ഏല്‍പ്പിക്കുന്ന കഥാപാത്രത്തെ മിഴിവോടെ പ്രേക്ഷകരുടെ അടുത്തേക്ക് എത്തിക്കാന്‍ സാധിക്കുന്ന അസാധ്യപ്രതിഭയാണ് അദ്ദേഹം.

വേണുചേട്ടന്‍ ആ സെററിലുണ്ടെങ്കില്‍ സെറ്റ് സജീവമാണ്. വല്ലാത്ത എനര്‍ജി നല്‍കുന്ന സാന്നിധ്യമാണ്. അതുകൊണ്ട് വേണുചേട്ടന്‍ ഇനിയില്ല എന്നുപറയുമ്പോള്‍ വേണുചേട്ടന്റെ സാന്നിധ്യത്തിന്റെ അഭാവം വല്ലാതെ വേദനിപ്പിക്കുക തന്നെ ചെയ്യും." സിബി മലയില്‍ പറഞ്ഞു.